Connect with us

Muslim Coordination Committee

മുസ്ലിം കോര്‍ഡിനേഷന്‍ സമിതിയില്‍ നിന്ന് ഇ കെ സമസ്ത വിട്ടുനില്‍ക്കും

സ്ഥിരം സമിതി ആവശ്യമില്ല; പാണക്കാട് തങ്ങള്‍ വിളിക്കുന്ന യോഗത്തില്‍ മാത്രം പങ്കെടുത്താല്‍ മതിയെന്നും തീരുമാനം

Published

|

Last Updated

കോഴിക്കോട് |  മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ രൂപവത്ക്കരിച്ച മുസ്ലിം കോര്‍ഡിനേഷന്‍ സമിതിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഇ കെ വിഭാഗം സമസ്ത തീരുമാനം. മുസ്ലിം കോര്‍ഡിനേഷന്‍ സമിതി എന്ന ഒരു സ്ഥിരം കമ്മിറ്റി ആവശ്യമില്ലെന്നും പ്രശ്‌നാധിഷ്ഠിതമായ സഹകരണം മാത്രം മതിയെന്നും സമസ്ത മുശാവറ യോഗത്തില്‍ തീരുമാനം എടുത്തതയാണ് വിവരം.

കോര്‍ഡിനേഷന്‍ സമിതില്‍ സമസ്തക്ക് വേണ്ട പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന വിലയിരുത്തലാണ് സമസ്തക്കുള്ളത്. കോര്‍ഡിനേഷന്‍ സമിതിയിലെ ഏതെങ്കിലും സംഘടനയോ, പി എം എ സലാം അടക്കമുള്ള ലീഗ് നേതാക്കളോ വിളിക്കുന്ന യോഗത്തില്‍ പങ്കെടുക്കേണ്ടെന്നാണ് തീരുമാനം. അടിയന്തിര സാഹചര്യത്തില്‍ പാണക്കാട് തങ്ങള്‍ക്ക് യോഗം വിളിക്കാം. പാണക്കാട് തങ്ങള്‍ വിളിക്കുന്ന യോഗത്തില്‍ സമസ്ത പ്രതിനിധി തുടര്‍ന്നും പങ്കെടുക്കും. ലീഗ് നേതാവ് എന്ന നിലയില്‍ മാത്രമല്ല പാണക്കാട് തങ്ങളെ കാണുന്നതെന്നും ഇതിനാലാണ് തങ്ങള്‍ വിളിക്കുന്ന യോഗത്തില്‍ പങ്കെടുക്കുന്നതെന്നും സമസ്ത ഭാരവാഹി പ്രതികരിച്ചു. എന്നാല്‍ ഇത്തരം ഒരു യോഗങ്ങളില്‍ സമസ്തയുടെ പ്രതിനിധിയായി ആര് പങ്കെടുക്കണമന്നത് അപ്പോള്‍ യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നും സമസ്ത പ്രതിനിധി പറഞ്ഞു.

നേരത്തെ വഖ്ഫ് വിഷയത്തില്‍ പള്ളികളില്‍ മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധിക്കാന്‍ ലീഗ് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ ലീഗ് നേതാവ് പി എം എ സലാമിന്റെ പ്രസ്താവനക്കെതിര രംഗത്തെത്തിയ സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങള്‍ അത്തരം ഒരു പ്രതിഷേധത്തിന് സമസ്തയില്ലെന്ന് തുറന്ന് പറഞ്ഞിരുന്നു. ലീഗിന് വലിയ തിരിച്ചടിയായിരുന്നു ജിഫ്രി തങ്ങളുടെ വാക്കുകള്‍ സമ്മാനിച്ചത്. സലാമിന്റെ വാക്കില്‍ പള്ളികളില്‍ പ്രതിഷേധിക്കാന്‍ മുജാഹിദ്, ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ മാത്രമാണ് തയ്യാറായത്. അടുത്താകലത്ത് ലീഗ് എടുക്കുന്ന പല തീരുമാനങ്ങളിലും ജമാഅത്ത് സ്വാധീനം വരുന്നതായി ആരോപണം നിലനില്‍ക്കുന്നുണ്ട.് ഈ ഒരു സാഹചര്യത്തില്‍കൂടിയാണ് ജമാഅത്തെ ഇസ്ലാമിക്കും മറ്റും വലിയ പ്രാതിനിധ്യം ലഭിക്കുന്ന യോഗത്തില്‍ പങ്കെടുക്കേണ്ടെന്ന തീരുമാനത്തിലേക്ക് സമസ്ത എത്തിയതെന്നാണ് വിവരം.

 

 

 

Latest