From the print
പോര്‍വിളിച്ച് ഇ കെ വിഭാഗം
ഉമര്‍ ഫൈസി പറഞ്ഞത് മതനിയമമെന്ന് അനുകൂലികള്‍. സുന്നി ആദര്‍ശവേദി എന്ന പേരില്‍ വിമര്‍ശകരുടെ കണ്‍വെന്‍ഷന്‍.
കോഴിക്കോട് | പരസ്പരം പോരടിച്ച് ഇ കെ വിഭാഗം. ഇ കെ വിഭാഗം സമസ്ത സെക്രട്ടറി മുക്കം ഉമര്‍ ഫൈസിയുടെ ‘ഖാസി’ പരാമര്‍ശത്തോടെ ആരംഭിച്ച വിവാദം ഇന്നലെ കൂടുതല്‍ ചേരിതിരിവിലേക്കും രൂക്ഷമായ വിമര്‍ശത്തിലേക്കും കടന്നു. ഉമര്‍ ഫൈസിയുടെ വിമര്‍ശത്തോട് പി കെ കുഞ്ഞാലിക്കുട്ടി നടത്തിയ പ്രതികരണമാണ് കഴിഞ്ഞ ദിവസം വിവാദം ശക്തമാക്കിയത്.
സാധാരണഗതിയില്‍ ഇത്തരത്തിലുള്ള വിവാദങ്ങളില്‍ പിറ്റേന്ന് ഇ കെ വിഭാഗമോ മുസ്ലിം ലീഗോ നിഷേധക്കുറിപ്പ് പുറത്തിറക്കുന്നതോടെ അവസാനിക്കാറാണ് പതിവ്. ഇത്തവണ മുക്കം ഉമര്‍ ഫൈസിയുടെ പ്രസ്താവനയുമായി ബന്ധമില്ലെന്ന് ഇ കെ വിഭാഗം ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയെങ്കിലും അദ്ദേഹത്തിനെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യവുമായി കുഞ്ഞാലിക്കുട്ടി രംഗത്തെത്തുകയായിരുന്നു. എന്നാല്‍, ലീഗിന് കീഴടങ്ങുന്നതിന് പകരം പത്ത് മുശാവറ അംഗങ്ങളെ അണിനിരത്തി ഉമര്‍ ഫൈസിയെ പിന്തുണച്ചുകൊണ്ടുള്ള പ്രസ്താവനയുമായാണ് ഇ കെ വിഭാഗത്തിലെ ലീഗ് വിരുദ്ധ പക്ഷം പ്രതിരോധിക്കാനെത്തിയത്. ഉമര്‍ ഫൈസി പറഞ്ഞത് മതനിയമമാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
എന്നാല്‍, സംയുക്ത പ്രസ്താവനയില്‍ ഒപ്പുവെച്ചവരില്‍ ഒരാളായ ഇ കെ വിഭാഗം ഉപാധ്യക്ഷന്‍ യു എം അബ്ദുര്‍റഹ്മാന്‍ മുസ്ലിയാര്‍ ഇന്നലെ രാവിലെ നിഷേധിച്ച് രംഗത്തെത്തി. എന്നാല്‍, താന്‍ ഉമര്‍ ഫൈസിയെ പിന്തുണക്കുന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായുള്ള അദ്ദേഹത്തിന്റെ വീഡിയോ സന്ദേശവും ഉച്ചയോടെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. കൂടുതല്‍ പേര്‍ നിഷേധിച്ച് രംഗത്ത് വരുമെന്നായിരുന്നു ഇത് സംബന്ധിച്ച് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
ഇതിനെല്ലാം പുറമെ, ഉമര്‍ ഫൈസിയെ ശക്തമായി വിമര്‍ശിച്ചുകൊണ്ട് സുന്നി ആദര്‍ശവേദി എന്ന പേരില്‍ നഗരത്തില്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. സ്വാദിഖലി തങ്ങള്‍ പണ്ഡിതനല്ലെന്ന ഉമര്‍ ഫൈസിയുടെ പ്രസ്താവനക്ക് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത ആര്‍ വി കുട്ടിഹസന്‍ ദാരിമിയാണ് മറുപടി പറഞ്ഞത്. മുജ്തഹിദ് (ഖുര്‍ആനില്‍ നിന്നും ഹദീസില്‍ നിന്നും മത വിധികള്‍ കണ്ടെത്താന്‍ പ്രാപ്തനായ പണ്ഡിതന്‍) ആയ ഖാസി എവിടെയാണ് ഉള്ളത്? ലോകത്തെവിടെയുമില്ല. കട്ടവന്റെ കൈ മുറിക്കാനോ, വ്യഭിചരിച്ചവനെ എറിഞ്ഞു കൊല്ലാനോ ഇന്ത്യയിലെ ഖാസിമാര്‍ക്ക് കഴിയില്ല. മാസം ഉറപ്പിക്കുക, വലിയ്യ് ഇല്ലാത്ത പെണ്‍കുട്ടികള്‍ക്ക് വിവാഹം ചെയ്തുകൊടുക്കുക എന്നിവയാണ് യഥാര്‍ഥത്തില്‍ ഇന്ത്യയിലെ ഖാസിമാരുടെ ജോലി. പാണക്കാട്ടെ കുട്ടികളെ തൊട്ടുകളിച്ചാല്‍ തീക്കളിയാകും. ലക്ഷക്കണക്കിന് പേര്‍ തെരുവിലിറങ്ങും. പിടഞ്ഞുമരിക്കേണ്ടിവന്നാല്‍ പിടഞ്ഞു മരിക്കും. തകര്‍ക്കാന്‍ സമ്മതിക്കില്ല. ഞങ്ങളെക്കൊണ്ട് ഭിന്നിപ്പ് വേണ്ടെന്നായിരുന്നു മനസ്സിലാക്കിയത്. ഇനി സമയമില്ല. കളിച്ച് കളിച്ച് അങ്ങേയറ്റമെത്തി. നിലംവിട്ട് ചാടുന്നത് നിര്‍ത്തിവെക്കണം. നിന്നെ ആരാണ് കയറൂരിവിട്ടതെന്നും അദ്ദേഹം മുക്കം ഉമര്‍ ഫൈസിയോട് ചോദിച്ചു.
അതിനിടെ, ഉമര്‍ ഫൈസിയെ പിന്തുണച്ച് ‘ഫ്രൈഡേ മെസ്സേജു’മായി എസ് കെ എസ് എസ് എഫ് രംഗത്തുവന്നു. രാഷ്ട്രീയമോ മറ്റ് ഭൗതികമോ ആയ കാരണങ്ങളാല്‍ മുശാവറ തീരുമാനം അംഗീകരിക്കാത്തവര്‍ സമുദായത്തില്‍ അനൈക്യം സൃഷ്ടിക്കുന്നതിനെതിരെ ജാഗ്രത വേണമെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
ഉമര്‍ ഫൈസിയുടേത് സ്പര്‍ധയുണ്ടാക്കുന്ന പരാമര്‍ശം: പി കെ കുഞ്ഞാലിക്കുട്ടി
കോഴിക്കോട് | ഉമര്‍ ഫൈസി നടത്തിയത് സമൂഹത്തില്‍ സ്പര്‍ധയുണ്ടാക്കുന്ന പ്രസ്താവനയെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ‘സമസ്ത’ക്ക് ഉത്തരവാദപ്പെട്ട നേതൃത്വമുണ്ട്. അവര്‍ അത് ഗൗരവത്തില്‍ കാണുമെന്നാണ് പ്രതീക്ഷ. കാര്യങ്ങള്‍ കൈവിട്ടു പോകുന്ന അവസ്ഥയുണ്ടാകരുതല്ലോ. ജനവികാരവും കണക്കിലെടുക്കണം.
സി ഐ സി നേതൃസ്ഥാനത്തേക്ക് ഹകീം ഫൈസിയെ വീണ്ടും അവരോധിച്ചതല്ലേ ഉമര്‍ ഫൈസിയെ പ്രകോപിപ്പിച്ചതെന്ന ചോദ്യത്തിന്, അത്തരം വിശദീകരണങ്ങളിലേക്കൊന്നും കടക്കാന്‍ തയ്യാറല്ലെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ഉമര്‍ ഫൈസിക്ക് അനുകൂലമായി മുശാവറ അംഗങ്ങള്‍ സംയുക്ത പ്രസ്താവന ഇറക്കിയതിനെക്കുറിച്ച്, കൂടുതല്‍ പേര്‍ നിഷേധിച്ച് രംഗത്ത് വന്നേക്കുമായിരിക്കുമെന്നായിരുന്നു പ്രതികരണം. ഒറ്റപ്പെട്ട ശബ്ദങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.