Connect with us

Editors Pick

ഇകെ വിഭാഗം നേതാക്കള്‍ക്കു വധഭീഷണി; ഊമക്കത്തിനു പിന്നില്‍ സത്താര്‍ പന്തല്ലൂരെന്നതിനു തെളിവുമായി പാണക്കാട് കുടുംബാംഗം

അന്നു കത്ത് എഴുതിയ ശേഷം സത്താര്‍ അതു പ്രിന്റ് എടുക്കാന്‍ ഇസ്ലാമിക് സെന്ററിലെ വിശ്വസ്തനായ ഒരാളെ ഏല്‍പ്പിച്ചിരുന്നു. അദ്ദേഹം മുഖേനെയാണ് ഈ കത്ത് സത്താര്‍ ആണ് എഴുതിയതെന്നതിന്റെ തെളിവുകള്‍ തനിക്കു ലഭിച്ചതെന്നു പാണക്കാട് ശമീറലി തങ്ങള്‍ സിറാജ്‍ലൈവിനോട് വെളിപ്പെടുത്തി

Published

|

Last Updated

കോഴിക്കോട് | ഇ കെ വിഭാഗം സമുന്നത നേതാക്കളെ കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി പത്തുവര്‍ഷം മുമ്പു ലഭിച്ച ഊമക്കത്തിനു പിന്നില്‍ എസ് കെ എസ് എസ് നേതാവ് സത്താര്‍ പന്തല്ലൂരാണെന്ന ആരോപണവുമായി പാണക്കാട് കുടുംബാംഗം. അന്നു സത്താര്‍ പന്തല്ലൂര്‍ കത്തു തയ്യാറാക്കിയതിന്റെ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും ഈ തെളിവുകള്‍ രേഖാമൂലം പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കു സമര്‍പ്പിക്കുമെന്നും പാണക്കാട് ശമീറലി ശിഹാബ് തങ്ങള്‍ വെളിപ്പെടുത്തി. സത്താര്‍ പന്തല്ലൂരിന്റെ കൈവെട്ട് ആഹ്വാനം വിവാദമായ സാഹചര്യത്തിലാണ് ഇത്തരം പ്രവണതകള്‍ക്കെതിരെ ശക്തമായി രംഗത്തുവരാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം സിറാജ്‍ലൈവിനോട് പറഞ്ഞു.

പത്തു വര്‍ഷം മുമ്പാണ് ഇ കെ വിഭാഗത്തിന്റെ സമുന്നത നേതാക്കള്‍ക്കെതിരെ ഊമകത്തു ലഭിച്ചത്. അന്തരിച്ച ഇ കെ വിഭാഗം മുശാവറ അംഗവും മുതിര്‍ന്ന നേതാവുമായിരുന്ന ടി എം ബാപ്പു മുസ്ലിയാര്‍, സെക്രട്ടറി എം ടി അബ്ദുല്ല മുസ്‍ലിയാര്‍ എന്നിവര്‍ക്കെതിരെ അധിക്ഷേവും വധഭീഷണിയും ഉള്‍ക്കൊള്ളുന്നതായിരുന്നു കത്ത്. അന്നു കത്ത് എഴുതിയ ശേഷം സത്താര്‍ അതു പ്രിന്റ് എടുക്കാന്‍ ഇസ്ലാമിക് സെന്ററിലെ വിശ്വസ്തനായ ഒരാളെ ഏല്‍പ്പിച്ചിരുന്നു. അദ്ദേഹം മുഖേനെയാണ് ഈ കത്ത് സത്താര്‍ ആണ് എഴുതിയതെന്നതിന്റെ തെളിവുകള്‍ തനിക്കു ലഭിച്ചതെന്നു പാണക്കാട് ശമീറലി തങ്ങള്‍ പറയുന്നു.

ഈ ഊമക്കത്തിന്റെ തെളിവ് തന്റെ കൈവശമുണ്ടെന്ന് എഴുതി തയ്യാറാക്കിയ കുറിപ്പ് അഞ്ചുമാസം മുമ്പ് ഇ കെ വിഭാഗം വിദ്യാഭ്യാസ ബോര്‍ഡ് അംഗങ്ങള്‍ക്കു താന്‍ വാട്‌സാപ്പ് മുഖേനെ അയച്ചു കൊടുത്തിരുന്നതായി അദ്ദേഹം പറയുന്നു. ഈ വിവരം ചോര്‍ന്നു കിട്ടിയ സത്താര്‍, തനിക്കെതിരെ കേസുകൊടുക്കുമെന്നറിയിച്ചു വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തി എന്നും പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം എന്നുമായിരുന്നു വക്കീല്‍ നോട്ടീസില്‍ പറഞ്ഞത്. ഇതിനുള്ള മറുപടിയില്‍ താന്‍, ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായും നിയമ നടപടി നേരിടാന്‍ തയ്യാറാണെന്നും അറിയിച്ചു. എന്നാല്‍ പിന്നീട് സത്താര്‍ തുടര്‍ നടപടിയുമായി മുന്നോട്ടു പോയില്ല. തന്റെ കൈവശമുള്ള യഥാര്‍ഥ കത്തിലെ കൈപ്പട സത്താറിന്റേതാണെന്നു തെളിയിക്കാന്‍ കഴിയുമെന്നും ശമീറലി തങ്ങള്‍ വ്യക്തമാക്കി.

വധഭീഷണിയും അധിക്ഷേപവും നേരിട്ട മുതിര്‍ന്ന നേതാക്കളെല്ലാം തന്റെ ഉസ്താദുമാര്‍ ആയിരുന്നു. അതിനാലാണ് ഇസ്‍ലാമിക് സെന്ററിലെ ജീവനക്കാരന്‍ ഈ കത്ത് തന്റെ കൈവശമെത്തിച്ചതെന്നും അദ്ദേഹം പറയുന്നു. ഇന്നും താന്‍ ഇ കെ വിഭാഗത്തിന്റെ ഉറച്ച പ്രവര്‍ത്തകനാണെന്നും എസ് കെ എസ് എസ് എഫ് മലപ്പുറം മുനിസിപ്പല്‍ പ്രസിഡന്റ്, മേഖലാ പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ടെന്നും പാണക്കാട് ശമീറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്