Kerala
സാദിഖലി തങ്ങളെ ഹകീം ഫൈസി വഞ്ചിച്ചെന്ന് ഇ കെ വിഭാഗം
ഹകീം ഫൈസി ആദൃശ്ശേരി ഉണ്ടാകില്ലെന്ന് നൂറുശതമാനം ഉറപ്പുവരുത്തിയ ശേഷമാണ് തങ്ങള്‍ പങ്കെടുത്തതെന്നും നേതാക്കൾ
കോഴിക്കോട് | സാദിഖലി തങ്ങളെ ഹകീം ഫൈസി ആദൃശ്ശേരി വഞ്ചിച്ചെന്ന് ഇ കെ വിഭാഗം. സി ഐ സി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ഹകീം ഫൈസി രാജിവെച്ചതുകൊണ്ട് എല്ലാം തീരില്ലെന്നും ഇ കെ വിഭാഗം ഭാരവാഹികള്‍ വിശദീകരിച്ചു. ഹക്കീം ഫൈസിയെ മാറ്റുന്നത് ആദ്യഘട്ടം മാത്രമാണ്. തുടര്‍നടപടികളുണ്ടാകുമെന്നും ഇ കെ നേതാക്കള്‍ പറഞ്ഞു.
ഇ കെ വിഭാഗം എസ് വൈ എസ്, എസ് കെ എസ് എസ് എഫ് സംയുക്ത യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു നേതാക്കൾ.
സാദിഖലി തങ്ങളുടെ കൈകൊണ്ട് ശിലാസ്ഥാപനം നടത്തണമെന്ന് നിരന്തരം ആവശ്യപ്പെട്ടപ്പോള്‍ സമസ്ത (ഇ കെ) നേതാക്കളെ അറിയിച്ച ശേഷമാണ് തങ്ങള്‍ പരിപാടിക്ക് പോയതെന്നും ഹകീം ഫൈസി ആദൃശ്ശേരി ഉണ്ടാകില്ലെന്ന് നൂറുശതമാനം ഉറപ്പുവരുത്തിയ ശേഷമാണ് പങ്കെടുത്തതെന്നും അവര്‍ പറഞ്ഞു. ചെന്നപ്പോള്‍ ഇദ്ദേഹം അവിടെ വന്നിട്ടുണ്ടെന്നും തന്റെ സംസ്‌കാരമനുസരിച്ച് ഒരാളെ ഇറക്കിവിടുന്നത് ശരിയല്ലല്ലോ എന്നതിനാലാണ് അങ്ങനെ ചെയ്യാതിരുന്നതെന്നും തങ്ങള്‍ പറഞ്ഞതായി നേതാക്കൾ വിശദീകരിച്ചു.
ഇ കെ വിഭാഗം സമസ്തയുടെ തീരുമാനം ലംഘിച്ച് അവിടെ പോയെന്നും വിലക്ക് ലംഘിച്ചെന്ന പ്രചാരണം ശരിയല്ല. ഹകീം ഫൈസിയും അദ്ദേഹത്തിന്റെ ചില കൂട്ടുകാരും കുറച്ചുകാലമായി ദുഷ്പ്രചാരണങ്ങള്‍ നടത്തിവരികയാണ്. നിരന്തരം വെല്ലുവിളിച്ച് മുന്നോട്ടുപോയപ്പോഴാണ് ഹകീം ഫൈസിക്കെതിരെ നടപടിയെടുത്തത്. തന്റെ ഭാഗം കേള്‍ക്കാന്‍ തയ്യാറായിട്ടില്ലെന്ന ഹക്കീം ഫൈസി പറയുന്നത് ശരിയല്ല. അദ്ദേഹത്തെ പലതവണ കേള്‍ക്കുകയും പല സ്ഥലത്തുവെച്ച് ചര്‍ച്ച നടത്തുകയും ചെയ്തിട്ടുണ്ട്. മാന്യമല്ലാത്ത രീതിയില്‍ ഒന്നര വര്‍ഷത്തോളം നിരന്തരം മുന്നോട്ടുപോയപ്പോഴാണ് നടപടിയെടുത്തതെന്നും ഇ കെ വിഭാഗം നേതാക്കള്‍ പറഞ്ഞു.
ഹൈദരലി ശിഹാബ് തങ്ങള്‍ ഹകീം ഫൈസിയെ തിരുത്താന്‍ പലതവണ ശ്രമിച്ചിട്ടുണ്ടെന്നും എന്നാല്‍ അദ്ദേഹം അത് അനുസരിക്കാന്‍ കൂട്ടാക്കിയില്ല. സി ഐ സി ഉപദേശക സമിതിയില്‍ സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങളെ ഉള്‍പ്പെടുത്തിയില്ല. പഠനത്തിനിടെ വിവാഹം നടന്നാലും പെണ്‍കുട്ടികള്‍ക്ക് പഠനം തുടരാന്‍ അവസരം നല്‍കണമെന്ന ആവശ്യം ചെവിക്കൊണ്ടില്ല. ഹകീം ഫൈസി ഇല്ലാത്ത സി ഐ സിയുമായി സഹകരിക്കുന്നതിന് തടസ്സമില്ലെന്നും നേതാക്കള്‍ വിശദീകരിച്ചു.
നിലപാട് വിശദീകരിക്കുന്നതിനായി മാര്‍ച്ച് ഒന്നിന് കോഴിക്കോട്ട് സംഗമം സംഘടിപ്പിക്കും. തെറ്റിദ്ധരിക്കപ്പെട്ട വാഫി വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും മുസ്്‌ലിം ലീഗ് പ്രവര്‍ത്തകരെയും ഉള്‍പ്പെടെ നിജസ്ഥിതി ബോധ്യപ്പെടുത്തി കൊടുക്കാന്‍ വേണ്ടിയാണ് കണ്‍വന്‍ഷന്‍ ചേരുന്നതെന്നും ഇ കെ വിഭാഗം ഭാരവാഹികള്‍ പറഞ്ഞു.
സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, എ എം പരീത് എറണാകുളം, കെ മോയിന്‍കുട്ടി മാസ്റ്റര്‍, മുസ്തഫ മുണ്ടുപാറ, കാടാമ്പുഴ മൂസ ഹാജി, കെ കെ എസ് തങ്ങള്‍, റഷീദ് ഫൈസി വെള്ളായിക്കോട്, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍, സത്താര്‍ പന്തല്ലൂര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.