Connect with us

From the print

എലത്തൂര്‍ ഇന്ധനച്ചോര്‍ച്ച: എച്ച് പി സി എല്ലിന് ഗുരുതര വീഴ്ച; കേസെടുത്തു

ചോര്‍ച്ചക്ക് കാരണം സെന്‍സര്‍ ഗേജിലുണ്ടായ പിഴവ്. മാലിന്യത്തിന്റെ തോതനുസരിച്ച് നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് കലക്ടര്‍

Published

|

Last Updated

കോഴിക്കോട് | എലത്തൂര്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം ഡിപ്പോയില്‍ നിന്ന് ഇന്ധനച്ചോര്‍ച്ചയുണ്ടായ സംഭവത്തില്‍ എച്ച് പി സി എല്ലിന്റെ ഭാഗത്ത് ഗുരുതര വീഴ്ച. മെക്കാനിക്കല്‍, ഇലക്്‌ട്രോണിക് സംവിധാനങ്ങളിലുണ്ടായ പരാജയമാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇന്ധനം നിറയുന്നത് അറിയിക്കുന്ന സെന്‍സര്‍ ഗേജിലുണ്ടായ പിഴവാണ് ചോര്‍ച്ചയിലേക്ക് നയിച്ചത്.
ഫാക്ടറീസ് ആക്ടിലെ 92,96 വകുപ്പുകള്‍ പ്രകാരം സ്ഥാപനത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും മലിനീകരണ നിയന്ത്രണ നിയമം, എന്‍വയോണ്‍മെന്റ് പ്രൊട്ടക്്ഷന്‍ ആക്ട് എന്നിവ പ്രകാരവും കേസെടുക്കുമെന്ന് ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് പറഞ്ഞു.

ദുരന്ത നിവാരണം, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ആരോഗ്യം, കോര്‍പറേഷന്‍, റവന്യൂ തുടങ്ങി വകുപ്പുതല ഉദ്യോ ഗസ്ഥ സംഘം സംഭവസ്ഥലം സന്ദര്‍ശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇതു സംബന്ധിച്ച വിശദമായ റിപോര്‍ട്ട് സര്‍ക്കാറിലേക്ക് നല്‍കും. ഫാക്ടറീസ് നിയമമനുസരിച്ച് നഷ്ടപരിഹാരത്തിനുള്ള നടപടികള്‍ സ്വീകരിക്കും. പുഴസമ്പത്തിനുണ്ടായ നാശമുള്‍പ്പെടെ പരിഗണിക്കും. മാലിന്യത്തിന്റെ തോതനുസരിച്ച് നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നും കലക്ടര്‍ പറഞ്ഞു.

ജലാശയങ്ങള്‍ ശുചീകരിക്കും
ഇന്ധനം കലര്‍ന്ന് മലിനമായ ജലാശയങ്ങള്‍ ശുചീകരിക്കുന്നതിന് പ്രഥമ പരിഗണന നല്‍കും. സ്പെഷ്യല്‍ ഓയില്‍ ഡിസ്പെര്‍സന്റ് ലിക്വിഡ് ഉപയോഗിച്ച് ജലത്തില്‍ കലര്‍ന്ന ഇന്ധനം നീക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഇന്ന് രാവിലെയോടെ ജലസ്രോതസ്സുകള്‍ ശുചീകരിക്കുന്ന പ്രവൃത്തികള്‍ ആരംഭിക്കാനാണ് തീരുമാനം. ഇന്ധനം മണ്ണില്‍ കലര്‍ന്ന ഇടങ്ങളില്‍ മണ്ണ് മാറ്റി വൃത്തിയാക്കേണ്ട സാഹചര്യമുണ്ടായാല്‍ അതിനുള്ള നടപടികള്‍ എടുക്കാന്‍ എച്ച് പി സി എല്ലിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രദേശവാസികളില്‍ ഏതെങ്കിലും രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെടുകയാണെങ്കില്‍ അവ പരിഹരിക്കാനായി പ്രത്യേക മെഡിക്കല്‍ സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

ചോര്‍ച്ചയില്‍ എച്ച് പി സി എല്ലിന് ഗുരുതര വീഴ്ചയുണ്ടായെന്ന് ഡെപ്യൂട്ടി കലക്ടര്‍ ഇ അനിതകുമാരിയും പറഞ്ഞു. ബുധനാഴ്ച വൈകിട്ടാണ് ജനങ്ങളില്‍ ആശങ്ക പരത്തി എലത്തൂര്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം ഡിപ്പോയില്‍ നിന്ന് ഇന്ധനച്ചോര്‍ച്ചയുണ്ടായത്. സമീപത്തെ ഓവുചാലിലേക്കും പുഴയിലേക്കും വന്‍ തോതില്‍ ഡീസല്‍ ഒഴുകിയെത്തുകയായിരുന്നു. സമീപത്തെ ജലാശയങ്ങളില്‍ വന്‍ തോതില്‍ മത്സ്യങ്ങള്‍ ചത്ത് പൊങ്ങിയതോടെയാണ് ഇന്ധനച്ചോര്‍ച്ച നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് എച്ച് പി സി എല്ലില്‍ വിവരം അറിയിക്കുകയായിരുന്നു. ഡീസല്‍ കൂടുതലായി പുഴയിലേക്കും കടലിലേക്കും ഒഴുകിപ്പോകാതിരിക്കാന്‍ നാട്ടുകാര്‍ ബക്കറ്റുകളില്‍ ഇന്ധനം മുക്കിയെടുക്കുകയായിരുന്നു. അഗ്നിരക്ഷാസേനയും ഫറോക്ക് ഐ ഒ സിയില്‍ നിന്നുമെത്തിയ ടെക്നിക്കല്‍ സംഘവും മെഷീനുകളുടെ സഹായത്തോടെ ടാങ്കറിലും ബാരലിലേക്കും ഇന്ധനം മാറ്റിയാണ് പ്ലാന്റിലേക്ക് കൊണ്ടുപോയത്. ഒരു കിലോമീറ്റര്‍ ദൂരത്തില്‍ വെള്ളവും മണ്ണും മലിനമായതായാണ് വിലയിരുത്തല്‍.

600 ലിറ്റര്‍ ഡീസല്‍ ഒഴുകിപ്പോയെന്നായിരുന്നു അധികൃതരുടെ ആദ്യ വിശദീകരണം. എന്നാല്‍ 1,500 ലിറ്റര്‍ ഇന്ധനം ചോര്‍ന്നതായാണ് എച്ച് പി സി എല്‍ അധികൃതര്‍ കലക്ടറെ അറിയിച്ചത്. അതേസമയം, ഇതിലധികം ഇന്ധനം ചോര്‍ന്നിട്ടുണ്ടെന്ന നിലപാടിലാണ് നാട്ടുകാര്‍. ഡിപ്പോയില്‍ നിന്ന് ഇതിനു മുമ്പും സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

 

Latest