Kerala
എലത്തൂര്‍ എച്ച്പിസിയിലെ ഇന്ധന ചോര്‍ച്ച: വിവിധ വകുപ്പുകള്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും,ജലാശയങ്ങളില്‍ ഇന്ന് ശുചീകരണം
. മുംബൈയില്‍ നിന്ന് എത്തിച്ച പ്രത്യേക രാസവസ്തു ഉപയോഗിച്ചാണ് ശുചീകരണ പ്രവര്‍ത്തികള്‍ നടത്തുക
കോഴിക്കോട് | എലത്തൂരില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ ഇന്ധന ചോര്‍ച്ചയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ ഇന്ന് ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.ആരോഗ്യ വകുപ്പ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗം എന്നിവര്‍ക്കൊപ്പം പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥരും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. എച്ച്പിസിഎല്‍ കമ്പനിയോടും കലക്ടര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
അതേ സമയം, ഇന്ധനം സമീപ പ്രദേശങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തില്‍ ജലാശയങ്ങളുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് തുടങ്ങും. മുംബൈയില്‍ നിന്ന് എത്തിച്ച പ്രത്യേക രാസവസ്തു ഉപയോഗിച്ചാണ് ശുചീകരണ പ്രവര്‍ത്തികള്‍ നടത്തുക.ജനങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ വീടുകളില്‍ സര്‍വെ തുടരും
റവന്യൂ വകുപ്പിന്റേയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടെന്ന് കണ്ടെത്തിയിരുന്നു. 1500 ലിറ്റര്‍ പുറത്തേക്ക് ഒഴുകിയ ശേഷമാണ് എച്ച്പിസിഎല്‍ അധികൃതര്‍ സംഭവം അറിഞ്ഞത്. കമ്പനിയിലെ ടെക്‌നിക്കല്‍ ആന്‍ഡ് ഇലക്ട്രിക് സംവിധാനങ്ങള്‍ പരാജയപ്പെട്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫാക്ടറീസ് ആക്ട് പ്രകാരം കമ്പനിക്കെതിരെ കേസെടുത്തിട്ടുണ്ട്