Kerala
എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ്: പ്രതിയുടെ വീട്ടിലും സമീപ പ്രദേശങ്ങളിലും എന്‍ ഐ എ പരിശോധന
ഷാരൂഖ് സെയ്ഫിയുടെ വീടിന് പുറമെ ഒരു സുഹൃത്തിന്റെ വീട്, രണ്ട് കടകള്‍ തുടങ്ങിയ സ്ഥലങ്ങളിലും പരിശോധന നടത്തിയതായാണ് വിവരം.
കൊച്ചി | എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ഒമ്പതോളം സ്ഥലങ്ങളില്‍ എന്‍ ഐ എ കൊച്ചി യൂനിറ്റിന്റെ പരിശോധന. കേസിലെ പ്രതി ഷാരൂഖ് സൈഫിയുടെ ഷഹീന്‍ബാഗിലെ വീട്ടിലും സമീപ പ്രദേശങ്ങളിലുമാണ് പരിശോധന നടത്തിയത്. തീവെപ്പിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടോ, ഷാരൂഖ് സൈഫിക്ക് കൂടുതല്‍ പേരുടെ സഹായം കിട്ടിയിട്ടുണ്ടോ എന്നിവയാണ് ദേശീയ അന്വേഷണ ഏജന്‍സി പ്രധാനമായും അന്വേഷിക്കുന്നത്.
ഇന്നലെ പുലര്‍ച്ചെ അഞ്ചിന് ഷഹീന്‍ബാഗിലെത്തിയ എന്‍ ഐ എ കൊച്ചി യൂനിറ്റിലെ രണ്ട് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 11 മണി വരെ പരിശോധന തുടര്‍ന്നു. ഷാരൂഖ് സെയ്ഫിയുടെ വീടിന് പുറമെ ഒരു സുഹൃത്തിന്റെ വീട്, രണ്ട് കടകള്‍ തുടങ്ങിയ സ്ഥലങ്ങളിലും പരിശോധന നടത്തിയതായാണ് വിവരം.
പ്രതിക്ക് രാജ്യാന്തര ബന്ധമുണ്ടോ എന്നതടക്കം പരിശോധിക്കാന്‍ കൂടുതല്‍ ചോദ്യം ചെയ്യേണ്ടി വരുമെന്നാണ് എന്‍ ഐ എ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. രാജ്യത്ത് മുമ്പ് നടന്ന സമാന സംഭവങ്ങളുമായി ഈ കേസിനുള്ള ബന്ധവും അന്വേഷിക്കും.
നേരത്തെ, കോഴിക്കോടും കണ്ണൂരും എന്‍ ഐ എ പരിശോധന നടത്തിയിരുന്നുവെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ആക്രമണത്തിന്റെ ആസൂത്രണവും ഗൂഢാലോചനയുമടക്കം അന്വേഷിക്കുന്നുണ്ട്. പിന്നില്‍ മറ്റാരെങ്കിലുമുണ്ടോ, പ്രതിക്കു പിന്നില്‍ ഏതെങ്കിലും സംഘടനയുടെയോ വ്യക്തികളുടെയോ സ്വാധീനമുണ്ടോ, അന്തര്‍ സംസ്ഥാന ഗൂഢാലോചന നടന്നോ തുടങ്ങിയ കാര്യങ്ങള്‍ ഇതുവരെ അന്വേഷണ സംഘത്തിന് വ്യക്തമായിട്ടില്ല. ട്രെയിന്‍ തീവെപ്പ് കേസിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടെന്ന സംശയം ബലപ്പെട്ടതോടെയാണ് കേസ് എന്‍ ഐ എ ഏറ്റെടുത്തത്.
ഏപ്രില്‍ രണ്ടിന് രാത്രിയാണ് കോഴിക്കോട് എലത്തൂരിനടുത്ത് വെച്ച് ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനില്‍ തീവെപ്പുണ്ടായത്. യാത്രക്കാരുടെ ദേഹത്ത് യാതൊരു പ്രകോപനവുമില്ലാതെ പ്രതി പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. രക്ഷപ്പെടാന്‍ ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടിയ മൂന്ന് പേരാണ് മരിച്ചത്. തീവെപ്പില്‍ എട്ട് യാത്രക്കാര്‍ക്ക് പൊള്ളലുമേറ്റിരുന്നു.
24 മണിക്കൂറിനകം പ്രതി ഷാരൂഖ് സൈഫിയെ മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ നിന്ന് പോലീസ് പിടികൂടുകയായിരുന്നു. ട്രെയിനിലും മറ്റു വാഹനങ്ങളിലും കയറിയാണ് ഇയാള്‍ മഹാരാഷ്ട്രയിലെത്തിയതെന്നാണ് പ്രാഥമിക വിവരം. ഇതിനിടെ എവിടെയെങ്കിലും തങ്ങിയോ, സഹായിക്കാന്‍ കൂട്ടാളികളുണ്ടായിരുന്നോ എന്ന കാര്യങ്ങളിലൊന്നും ദുരൂഹത നീങ്ങിയിട്ടില്ല.