Kerala
എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ്: കൃത്യം നടത്തിയത് ഷാറൂഖ് സെയ്ഫി ഒറ്റക്ക്; തീവ്രവാദ പ്രവര്‍ത്തനത്തിന്റെ ഭാഗമെന്നും എന്‍ ഐ എ
തിരിച്ചറിയാതിരിക്കാനാണ് പ്രതി കേരളം തിരഞ്ഞെടുത്തതെന്നും കൊച്ചി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു
കൊച്ചി | കോഴിക്കോട് എലത്തൂരില്‍ ട്രെയിനിന് തീയിട്ട കേസില്‍ എന്‍ ഐ എഒ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതി ഷാറൂഖ് സെയ്ഫി ഒറ്റക്കാണ് കൃത്യം നടത്തിയതെന്നും തിരിച്ചറിയാതിരിക്കാനാണ് പ്രതി കേരളം തിരഞ്ഞെടുത്തതെന്നും കൊച്ചി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
ഇക്കഴിഞ്ഞ ഏപ്രില്‍ രണ്ടിന് എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ബോഗിയില്‍ ഡല്‍ഹി സ്വദേശിയായ ഷാറൂഖ് സെയ്ഫി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതിനെ തുടര്‍ന്ന് മൂന്ന് പേര്‍ കൊല്ലപ്പെടുകയും ഒന്‍പത് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു എന്നതാണ് കേസ്. തീവ്രവാദ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഷാറൂഖ് സെയ്ഫി കൃത്യം നടത്തിയതെന്നും എന്‍ഐഎയുടെ കുറ്റപത്രത്തില്‍ പറയുന്നു.
മാര്‍ച്ച് 30ന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട് ഏപ്രില്‍ രണ്ടിന് ഷൊര്‍ണ്ണൂരില്‍ ഇറങ്ങിയ ഷാറൂഖ് സെയ്ഫി ഇവിടെ നിന്നാണ് ട്രെയിനിന് തീയിടാന്‍ ആവശ്യമായ പെട്രോളും ലൈറ്ററും വാങ്ങിയത്. തുടര്‍ന്ന് എക്സിക്യൂട്ടീവ് ട്രെയിനില്‍ കയറി ബോഗിക്ക് തീവച്ചു എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.തനിക്ക് പരിചയമില്ലാത്ത, തന്നെ തിരിച്ചറിയാത്ത സ്ഥലം എന്ന നിലയിലാണ് ഷാറൂഖ് സെയ്ഫി കേരളം തെരഞ്ഞെടുത്തത്. കൃത്യം നടത്തിയ ശേഷം മടങ്ങിപ്പോകാനാണ് പ്രതി പദ്ധതിയിട്ടിരുന്നത്. സംഭവത്തിന് പിന്നാലെ മഹാരാഷ്ട്രയിലെ രത്നഗിരിയിലേക്ക് രക്ഷപ്പെട്ട പ്രതിയെ അവിടെ വച്ചാണ് പിടികൂടിയതെന്നും കുറ്റപത്രത്തിലുണ്ട്
കൃത്യം ചെയ്ത ശേഷം തിരിച്ച് ഡല്‍ഹിയിലേക്ക് തന്നെ മടങ്ങിപ്പോയി മുന്‍പ് ജീവിച്ചത് പോലെ തന്നെ ജീവിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. എങ്കിലും ഒരു തീവ്രവാദ പ്രവര്‍ത്തനം നടത്തി എന്ന സന്തോഷം തനിക്ക് ലഭിക്കും എന്ന് കരുതിയാണ് ഇത് ചെയ്തതെന്നും പ്രതിയുടെ കുറ്റസമ്മതമൊഴിയില്‍ പറയുന്നതായും കുറ്റപത്രത്തില്‍ പറയുന്നു.ഓണ്‍ലൈന്‍ പേജുകള്‍ വഴിയാണ് ഇത്തരത്തില്‍ തീവ്രവാദ ആശയങ്ങളില്‍ ആകൃഷ്ടനായതെന്ന് ഷാറൂഖ് സെയ്ഫിയുടെ മൊബൈലും ഇലക്ട്രോണിക് ഉപകരണങ്ങളും പരിശോധിച്ചതില്‍ നിന്ന് വ്യക്തമായതായും കുറ്റപത്രത്തില്‍ പറയുന്നു.