Kerala
എലത്തൂര്‍ ട്രെയിന്‍ തീവെപ്പ്: പ്രതി ഷാറൂഖ് സെയ്ഫിന് മഞ്ഞപ്പിത്തം, ആശുപത്രിയില്‍
ഷാറൂഖിന് കരള്‍ സംബന്ധമായ പ്രശ്‌നങ്ങളുണ്ടെന്നും വൈദ്യപരിശോധനയില്‍ വ്യക്തമായി
കോഴിക്കോട് | എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിന് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാറൂഖിന് കരള്‍ സംബന്ധമായ പ്രശ്‌നങ്ങളുണ്ടെന്നും വൈദ്യപരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. രക്തപരിശോധനയില്‍ ചില സംശയങ്ങളുണ്ടായതിനെ തുടര്‍ന്ന് പ്രതിക്ക് വീണ്ടും വിശദമായ പരിശോധന നടത്തുകയായിരുന്നു.
ട്രെയിനില്‍ തീവെക്കാനുള്ള ആലോചനയും നടത്തിപ്പും ഒറ്റക്കാണ് ചെയ്തതെന്ന് ഷാറൂഖ് സെയ്ഫി മൊഴി നല്‍കിയിരുന്നു.എന്നാല്‍, മൊഴികള്‍ പലതും നുണയാണെന്ന നിഗമനത്തിലാണ് പോലീസ്. കൂടുതല്‍ ചോദ്യം ചെയ്യലിലാകും കാര്യങ്ങള്‍ വ്യക്തമാകുക.
ആക്രമണം എന്തിനെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ഷാറൂഖ് നല്‍കിയിട്ടില്ല. തീയിട്ട ശേഷം അതേ ട്രെയിനില്‍ കണ്ണൂരിലെത്തി. ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ മുഖം താഴ്ത്തിയിരിക്കുന്നത് യാത്രക്കാര്‍ ശ്രദ്ധിച്ചതോടെ മറ്റ് ബോഗികളിലേക്ക് മാറിമാറിയാണ് കണ്ണൂരിലെത്തിയത്. അവിടെ നിന്ന് മരുസാഗര്‍ എക്‌സ്പ്രസിലാണ് കയറിയത്.
കേരളത്തെക്കുറിച്ച് കേട്ടറിവ് മാത്രമാണ് ഉണ്ടായിരുന്നതെന്ന് പ്രതി പറഞ്ഞിട്ടുണ്ട്. പ്രതിയിലേക്കെത്തിച്ച ബുക്കില്‍ എഴുതിയിരുന്നത് ലക്ഷ്യമിട്ട റെയില്‍വേ സ്റ്റേഷനുകളെപ്പറ്റിയാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. പ്രതിക്ക് പരസഹായം ലഭിച്ചെന്ന അനുമാനവും പോലീസിനുണ്ട്.