Connect with us

elathur train burning

എലത്തൂർ ട്രെയിൻ തീവെപ്പ്: പ്രതി കേരളം വിട്ടു, പോലീസ് സംഘം നോയിഡയിൽ

യു പിയിലെ ഗാസിയാബാദിലും പോലീസ് സംഘമെത്തും.

Published

|

Last Updated

കോഴിക്കോട് | എലത്തൂര്‍ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി കേരളം വിട്ടതായി സൂചന. ഇയാളെ തേടി പോലീസ്‌ സംഘം ഉത്തര്‍ പ്രദേശ്- ഡൽഹി അതിർത്തി മേഖലയായ നോയിഡയിലെത്തി. യു പിയിലെ ഗാസിയാബാദിലും പോലീസ് സംഘമെത്തും. പ്രതി യു പി സ്വദേശിയെന്ന് വ്യക്തമായ സൂചന ലഭിച്ചതോടെയാണ് അന്വേഷണം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചത്. ട്രെയിനിൽ തീവെച്ചതിന് ശേഷം കോഴിക്കോട് നിന്ന് ഇയാൾ കണ്ണൂരും പിന്നീട് മംഗലാപുരത്തും എത്തിയെന്നും അവിടെ നിന്ന് വീണ്ടും പോയെന്നുമാണ് പോലീസിന് ലഭിച്ച വിവരം.

കഴിഞ്ഞ ദിവസം റെയിൽവേ ട്രാക്കിന് സമീപത്ത് നിന്ന് ലഭിച്ച ബാഗിലെ നോട്ട് പാഡിൽ നിന്നാണ് നോയിഡ, പേര് ഷാരൂഖ് സൈഫി തുടങ്ങിയ സൂചനകൾ പോലീസിന് ലഭിച്ചത്. നോട്ട് പാഡില്‍ ഷാരൂഖ് സൈഫി-കാര്‍പ്പെന്റര്‍, ഫക്രുദീന്‍ കാര്‍പ്പെന്റര്‍, ഹാരിം കാര്‍പ്പെന്റര്‍ എന്നീ പേരുകളുണ്ടായിരുന്നു. അതിനാൽ ആശാരിയാണ് എന്ന നിഗമനത്തിലാണ് പോലീസ്.

ഇയാളെ ഇന്നലെ കസ്റ്റഡിയിൽ എടുത്തെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും ഇത് സ്ഥിരീകരിച്ചിട്ടില്ല. തീവ്രവാദ ബന്ധം സംശയിക്കുന്നതിനാല്‍ എന്‍ ഐ എ സംഘവും അന്വേഷണം നടത്തും. റെയില്‍വേ പോലീസിന്റെ രണ്ടുപേരടങ്ങുന്ന സംഘമാണ് നോയിഡയിലേക്ക് പോയത്.

Latest