elathur train attack
എലത്തൂർ ട്രെയിൻ തീവെപ്പ്: ഷാറൂഖ് സെയ്ഫിക്കെതിരെ യു എ പി എ ചുമത്തി
ഇതോടെ സംഭവത്തിൽ തീവ്രവാദ ബന്ധം സ്ഥിരീകരിക്കുകയാണ് അന്വേഷണ സംഘം.
കോഴിക്കോട് |എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്കെതിരെ യു എ പി എ ചുമത്തി. കോഴിക്കോട് മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ഇതോടെ സംഭവത്തിൽ തീവ്രവാദ ബന്ധം സ്ഥിരീകരിക്കുകയാണ് അന്വേഷണ സംഘം. കഴിഞ്ഞ ദിവസങ്ങളിൽ സെയ്ഫിയെ ഷോർണൂരും കണ്ണൂരും എലത്തൂരുമെല്ലാം എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
ഷാറൂഖ് സെയ്ഫിയെ ട്രെയിനില്‍ കണ്ട മട്ടന്നൂര്‍ സ്വദേശികളായ യാത്രക്കാരെ കോഴിക്കോട് മാലൂര്‍കുന്ന് പൊലീസ് ക്യാമ്പില്‍ എത്തിച്ച് തിരിച്ചറിയല്‍ പരേഡ് നടത്തിയിരുന്നു. പ്രതിയുമായി രൂപ സാദൃശ്യമുള്ളവരെയും ഇവിടേക്ക് എത്തിച്ചിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നൽകുന്ന എ ഡി ജി പി. എം ആര്‍ അജിത് കുമാര്‍, ഐ ജി നീരജ് കുമാര്‍ ഗുപ്ത എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു തിരിച്ചറിയല്‍ പരേഡ്.
ഈ മാസം അഞ്ചിനാണ് സെയ്ഫിയെ മഹാരാഷ്ട്രയിലെ രത്നഗിരിയിൽ വെച്ച് പിടികൂടിയത്. ആറിന് പുലർച്ചെ കോഴിക്കോട്ടെത്തിച്ചു. ഏപ്രിൽ രണ്ടാം തീയതി രാത്രി പത്തോടെയാണ് എലത്തൂരിൽ വെച്ച് ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിലെ ബോഗിയിൽ പെട്രോളൊഴിച്ച് തീകൊളുത്തിയത്. പരിഭ്രാന്തരായി പുറത്തേക്ക് ചാടിയ മൂന്ന് യാത്രക്കാർ മരിച്ചിരുന്നു. സംഭവത്തിൽ സെയ്ഫി മാത്രമാണ് പിടിയിലായത്.