Kerala
ഇലവന്തൂര്‍ ഇരട്ട നരബലി: രണ്ടാമത്തെ മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തി, ആയുധങ്ങള്‍ കണ്ടെടുത്തു
മുഖ്യപ്രതി ഷാഫി അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും നിശാന്തിനി ഐപിഎസ്
പത്തനംതിട്ട | ഇലന്തൂരിലെ ഇരട്ട നരബലിയുമായി ബന്ധപ്പെട്ട് രണ്ടാമത്തെയാളുടെ ശരീരാവശിഷ്ടങ്ങളും കണ്ടെത്തി. കൊല്ലപ്പെട്ട റോസ്ലിയുടേതെന്ന് കരുതപ്പെടുന്ന ശരീരാവശിഷ്ടമാണ് കണ്ടെത്തിയത്. ഒരു തലയോട്ടി, ഒരു ചുവന്ന കുട തുടങ്ങിയവയും കണ്ടെത്തി. ആഴമുള്ള കുഴിയില്‍ നിന്നാണ് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. നേരത്തെ ആദ്യത്തെയാളുടെ ശരീരാവശിഷ്ടങ്ങളും ഇവിടെനിന്ന് കണ്ടെത്തിയിരുന്നു. മൃതദേഹാവശിഷ്ടങ്ങള്‍ ഡിഎന്‍എ പരിശോധനക്ക് അയക്കും.
അതേ സമയം കൊലപാതകം നടത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ പലതും കണ്ടെടുത്തതായും ഇനിയും കണ്ടെത്താനുണ്ടെന്നും കേസ് അന്വേഷിക്കുന്ന നിശാന്തിനി ഐപിഎസ് മാധ്യമങ്ങളോട് പറഞ്ഞു. പ്രതികള്‍ തമ്മില്‍ സാമ്പത്തിക ഇടപാട് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ കൂടുതല്‍ കൊലപാതങ്ങള്‍ നടത്തിയിട്ടുണ്ടോയെന്നത് അന്വേഷണത്തില്‍ കണ്ടെത്തേണ്ടതാണ്. മുഖ്യപ്രതി ഷാഫി അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും നിശാന്തിനി ഐപിഎസ് മാധ്യമങ്ങളോട് പറഞ്ഞു.
ഒരു കുഴിയില്‍ ശരീരഭാഗങ്ങള്‍ കഷ്ണങ്ങളായി കുഴിച്ചിട്ടിരിക്കുന്ന നിലയിലായിരുന്നു. താഴ്ചയിലാണ് കുഴിച്ചിട്ടിരിക്കുന്നത്. ഇതുപോലെ തന്നെ ശരീരഭാഗങ്ങള്‍ മറ്റിടങ്ങളിലും കുഴിച്ചിട്ടിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.