Kerala
ആലപ്പുഴയില്‍ വീടിന് തീ പിടിച്ച് വൃദ്ധ ദമ്പതികള്‍ മരിച്ച സംഭവം; മകന്‍ കസ്റ്റഡിയില്‍
വിജയന്‍ സ്ഥിരമായി മാതാപിതാക്കള്‍ക്കെതിരെ വധഭീഷണി മുഴക്കിയിരുന്നുവെന്നും അവരെ ഉപദ്രവിച്ചിരുന്നതായും ബന്ധുക്കള്‍ പറയുന്നു.
ആലപ്പുഴ| ആലപ്പുഴ മാന്നാറില്‍ ഇന്ന് പുലര്‍ച്ചെ വീടിന് തീ പിടിച്ച് വൃദ്ധ ദമ്പതികള്‍ മരിച്ച സംഭവത്തില്‍ മകന്‍ കസ്റ്റഡിയില്‍. ദമ്പതികളുടെ മകന്‍ വിജയനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വിജയന്‍ സ്ഥിരമായി മാതാപിതാക്കള്‍ക്കെതിരെ വധഭീഷണി മുഴക്കിയിരുന്നുവെന്നും അവരെ ഉപദ്രവിച്ചിരുന്നതായും ബന്ധുക്കള്‍ പറയുന്നു. സ്വത്ത് തര്‍ക്കം ഉണ്ടായിരുന്നതായും രണ്ട് ദിവസം മുമ്പും വിജയന്‍ മാതാപിതാക്കളെ മര്‍ദിച്ചിരുന്നുവെന്നും കൊച്ചുമകന്‍ വിഷ്ണു പറഞ്ഞു.
ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടില്‍ രാഘവന്‍ (92), ഭാര്യ ഭാരതി(90) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. വീട് കത്തിയ നിലയിലാണുള്ളത്. വീടിന് എങ്ങനെ തീപിടിച്ചു എന്നത് വ്യക്തമായിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസ് അയല്‍വാസികളുടെയടക്കം മൊഴിയെടുത്ത് വരികയാണ്.