Connect with us

Kerala

വീടിനു തീപിടിച്ച് വൃദ്ധ ദമ്പതികള്‍ മരിച്ചു; ഏക മകനെ സംശയിച്ച് പോലീസ്

ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടില്‍ രാഘവന്‍(92), ഭാര്യ ഭാരതി(92) എന്നിവരാണ് മരിച്ചത്

Published

|

Last Updated

ആലപ്പുഴ | ഇന്നു പുലര്‍ച്ചെ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികള്‍ മരിച്ചു. മാന്നാറില്‍ ഉണ്ടായ സംഭവത്തില്‍ ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടില്‍ രാഘവന്‍(92), ഭാര്യ ഭാരതി(92) എന്നിവരാണ് മരിച്ചത്. തീപിടിച്ചതില്‍ ദുരൂഹതയുണ്ടെന്നു പോലീസ് പറഞ്ഞു.

വീട്ടില്‍ രണ്ടു പേര്‍ മാത്രമാണ് താമസിച്ചിരുന്നത്. ഇവരുടെ ഏക മകന്‍ ഇടയ്ക്ക് വന്നിട്ടു പോകാറുണ്ട്. വീടിന് തീപിടിച്ച് പൊള്ളി മരിച്ച നിലയിലാണ് രണ്ട് പേരെയും കണ്ടെത്തിയത്. വീടിന് എങ്ങനെ തീപിടിച്ചു എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. മകനെ സംബന്ധിച്ച് വിവരങ്ങളില്ലെങ്കിലും സംഭവത്തിനു പിന്നില്‍ പോലീസ് മകനെ സംശയിക്കുന്നുണ്ട്. മാതാപിതാക്കളും മകനും തമ്മില്‍ സ്വത്ത് തര്‍ക്കം നിലനിന്നിരുന്നു.

കഴിഞ്ഞമാസം പിതാവ് രാഘവന്റെ കൈ മകന്‍ വിജയന്‍ തല്ലിയൊടിച്ചിരുന്നു. കഴിഞ്ഞദിവസവും മകന്‍ ഉപദ്രവിച്ചതായി രാഘവന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്ന് മകന്‍ വിജയനോട് പോലീസ് സ്റ്റേഷനില്‍ എത്തണമെന്ന് അറിയിച്ചിരുന്നു. ഇന്നലെ രാത്രിയില്‍ മകന്‍ വിജയന്‍ വീട്ടിലുണ്ടായിരുന്നു എന്ന് പോലീസ് പറയുന്നു.

നാട്ടുകാരാണ് തീപിടിത്തം ആദ്യം അറിഞ്ഞ് സ്ഥലത്തെത്തിയത്. പിന്നീട് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. മന്നാര്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.