Connect with us

Kerala

വയോധികന്റെ എ ടി എം കാര്‍ഡ് തട്ടിയെടുത്ത് പണം കവര്‍ന്നു, സഹായിയായ മെയില്‍ നഴ്സ് പിടിയില്‍

Published

|

Last Updated

തിരുവല്ല | ഫ്ളാറ്റില്‍ താമസിച്ചിരുന്ന വയോധികന്റെ എ ടി എം കാര്‍ഡ് തട്ടിയെടുത്ത് പണം കവര്‍ന്ന കേസില്‍ സഹായിയായ മെയില്‍ നഴ്സ് അറസ്റ്റിലായി. പത്തനാപുരം കൂണ്ടയം വീട്ടില്‍ രാജീവ് (38) ആണ് അറസ്റ്റിലായത്. തിരുവല്ല ചിലങ്ക തിയേറ്ററിന് സമീപത്തെ ബി ടെക് ഫ്ളാറ്റിലെ താമസക്കാരനായ പി എ എബ്രഹാമിന്റെ പണമാണ് എ ടി എമ്മിലൂടെ പല തവണയായി രാജീവ് കവര്‍ന്നത്.

തനിച്ച് താമസിച്ചിരുന്ന എബ്രഹാമിനെ പരിചരിക്കാനായി പുനലൂരിലെ ഒരു ഏജന്‍സി മുഖേന ഇക്കഴിഞ്ഞ ജനുവരിയിലാണ് രാജീവ് ഫ്ളാറ്റില്‍ ജോലിക്കെത്തിയത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന എബ്രഹാമിന്റെ എ ടി എം കാര്‍ഡ് കൈക്കലാക്കി കാര്‍ഡിന്റെ കവറില്‍ രേഖപ്പെടുത്തിയിരുന്ന പിന്‍ നമ്പര്‍ ഉപയോഗിച്ച് പല തവണയായി ഒന്നര ലക്ഷത്തോളം രൂപ പിന്‍വലിക്കുകയായിരുന്നു.

വിദേശത്തുള്ള മകന്‍ ബേങ്കിലേക്ക് പണം അയച്ചത് അറിയിക്കാന്‍ എബ്രഹാമിനെ വിളിച്ചപ്പോള്‍ സംശയമുണ്ടായതിനെ തുടര്‍ന്ന് ബേങ്കില്‍ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് ബേങ്ക് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് എബ്രഹാം അറിയാതെ പല തവണ ബേങ്കില്‍ നിന്നും പണം നഷ്ടമായ വിവരം അറിയുന്നത്. ഇതേതുടര്‍ന്ന് എബ്രഹാം തിരുവല്ല പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് രാജീവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നു. തിരുവല്ല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.