Connect with us

Kerala

ലഹരി സംഘങ്ങളെ കുറിച്ച് പോലീസിന് വിവരം നല്‍കിയ വയോധികനെ വെട്ടിക്കൊന്നു

വര്‍ക്കല താഴെവെട്ടൂര്‍ സ്വദേശി ഷാജഹാന്‍ (60) ആണ് കൊല്ലപ്പെട്ടത്. അക്രമി സംഘത്തിലെ ഒരാള്‍ പിടിയിലായി.

Published

|

Last Updated

തിരുവനന്തപുരം | ക്രിസ്മസ് ദിനത്തില്‍ ലഹരി സംഘങ്ങളെക്കുറിച്ച് പോലീസിന് വിവരം നല്‍കിയതിന്റെ പകയില്‍ വയോധികനെ വെട്ടിക്കൊന്നു. വര്‍ക്കല താഴെവെട്ടൂര്‍ സ്വദേശി ഷാജഹാന്‍ (60) ആണ് കൊല്ലപ്പെട്ടത്. അക്രമി സംഘത്തിലെ ഒരാള്‍ പിടിയിലായി.

തീരദേശ മേഖലയില്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം വര്‍ധിച്ചു വരുന്നതായി ഷാജഹാനും ബന്ധുവായ മത്സ്യത്തൊഴിലാളിയും ചേര്‍ന്ന് വര്‍ക്കല പോലീസിനെ അറിയിച്ചിരുന്നു. ഇതനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് ലഹരി വസ്തുക്കള്‍ കണ്ടെത്തുകയും ചെയ്തു. പരാതി നല്‍കിയതിലെ വൈരാഗ്യം കാരണം ലഹരി മാഫിയാ സംഘം കഴിഞ്ഞ ദിവസം ഷാജഹാന്റെ ബന്ധുവായ മത്സ്യത്തൊഴിലാളിയെ മര്‍ദിച്ചിരുന്നു. ഇത് സംബന്ധിച്ചും വര്‍ക്കല പോലീസില്‍ പരാതി നല്‍കിയതിനു പിന്നാലെയാണ് ആറംഗ സംഘം ഷാജഹാനെ ആക്രമിച്ചത്.

ഷാജഹാന്‍ കടല്‍ത്തീരത്ത് കൂടി ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കവേ പതിയിരുന്ന സംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. തലയ്ക്ക് ആഴത്തില്‍ മുറിവേറ്റ് അബോധാവസ്ഥയിലായ ഷാജഹാനെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും മരണപ്പെട്ടു.

 

Latest