Connect with us

Kerala

വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന കേസ്; പ്രതികള്‍ പിടിയില്‍

ആറന്മുള തറയില്‍ മുക്ക് ശ്രീമംഗലം വീട്ടില്‍ അഖില്‍ എസ് നായര്‍ (28), കോയിപ്രം പുറമറ്റം മുണ്ടമല പൂക്കുഴിയില്‍ വീട്ടില്‍ അരുണ്‍ രാജ് (34) എന്നിവരാണ് അറസ്റ്റിലായത്.

Published

|

Last Updated

പത്തനംതിട്ട | സ്റ്റേഷനറിക്കടയില്‍ സാധനം വാങ്ങാനെന്ന വ്യാജേന എത്തി വയോധികയുടെ നാലുപവന്‍ തൂക്കം വരുന്ന സ്വര്‍ണമാല കവര്‍ന്ന് കടന്നുകളഞ്ഞവരെ ആറന്മുള പോലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടി. ആറന്മുള തറയില്‍ മുക്ക് ശ്രീമംഗലം വീട്ടില്‍ അഖില്‍ എസ് നായര്‍ (28), കോയിപ്രം പുറമറ്റം മുണ്ടമല പൂക്കുഴിയില്‍ വീട്ടില്‍ അരുണ്‍ രാജ് (34) എന്നിവരാണ് അറസ്റ്റിലായത്.

ഈ മാസം ആറിന് ഉച്ചയ്ക്ക് രണ്ടരയ്ക്കു ശേഷമാണ് സംഭവം. കോഴഞ്ചേരി ഈസ്റ്റ് യു പി സ്‌കൂളിന് എതിര്‍വശത്ത് 60 വര്‍ഷമായി സ്റ്റേഷനറിക്കട നടത്തുന്ന കോഴഞ്ചേരി സെന്റ് തോമസ് കോളജിന് സമീപം മുരിക്കേത്ത് വടക്കേതില്‍ കൗസല്യ (80) യുടെ മാലയാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. കടയോട് ചേര്‍ന്ന ഇടവഴിയിലൂടെ നടന്നു വന്ന പ്രതികളിലൊരാള്‍ രണ്ട് ജ്യൂസും ടൂത്ത് പേസ്റ്റും ബിസ്‌കറ്റും ആവശ്യപ്പെട്ടു. ജ്യൂസും പേസ്റ്റും മേശപ്പുറത്ത് വച്ച ശേഷം ബിസ്‌ക്കറ്റ് എടുക്കാനായി തിരിഞ്ഞപ്പോഴാണ് മുറ്റത്ത് നിന്നയാള്‍ കടയ്ക്കുള്ളില്‍ അതിക്രമിച്ചു കയറി മാല പൊട്ടിച്ചെടുത്ത് ഓടിയത്. തുടര്‍ന്ന് ബൈക്കില്‍ കയറി ഇരുവരും രക്ഷപ്പെടുകയായിരുന്നു. കൗസല്യ ബഹളം വെച്ച് പിന്നാലെ ഓടിയെങ്കിലും മോഷ്ടാക്കള്‍ രക്ഷപ്പെട്ടു.

കൗസല്യയുടെ പരാതി പ്രകാരം എസ് ഐ. ഹരീന്ദ്രന്‍ നായര്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പത്തനംതിട്ട ഡി വൈ എസ് പി. എസ് നന്ദകുമാറിന്റെ മേല്‍നോട്ടത്തില്‍ എസ് എച്ച് ഒ. വി എസ് പ്രവീണാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. മോഷ്ടാക്കളെ പിടികൂടിയ സംഘത്തില്‍ എസ് ഐ. വിഷ്ണു, എ എസ് ഐ. സലിം, എസ് സി പി ഒ. അനില്‍, സി പി ഒമാരായ ജിതിന്‍, വിനോദ്, വിഷ്ണു, സി പി ഒ. മനു എന്നിവരും ഡാന്‍സാഫ് ടീമിലെ അംഗങ്ങളും ഉണ്ടായിരുന്നു.