Kerala
മലപ്പുറം പൊന്നാനിയില്‍ വയോധിക മരിച്ചു; മരണം വീട് ബേങ്ക് ജപ്തി ചെയ്തതിന്റെ പിറ്റേന്ന്
പൊന്നാനി പാലപ്പെട്ടി പുതിയിരുത്തി ഇടശ്ശേരി മാമി ഉമ്മ (82) ആണ് മരിച്ചത്. പാലപ്പെട്ടി എസ് ബി ഐ ബേങ്കാണ് തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ഇന്നലെ മാമി ഉമ്മയുടെ വീട് ജപ്തി ചെയ്തത്.

വെളിയങ്കോട് | പാലപ്പെട്ടിയില്‍ വീട് ബേങ്ക് ജപ്തി ചെയ്തതിന്റെ പിറ്റേന്ന് വീട്ടമ്മ മരിച്ചു. പൊന്നാനി പാലപ്പെട്ടി പുതിയിരുത്തി ഇടശ്ശേരി മാമി ഉമ്മ (82) ആണ് മരിച്ചത്. പാലപ്പെട്ടി എസ് ബി ഐ ബേങ്കാണ് തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ഇന്നലെ മാമി ഉമ്മയുടെ വീട് ജപ്തി ചെയ്തത്. 41 ലക്ഷം രൂപയാണ് മാമിയുടെ മകന്‍ അലിമോന്‍ 2020 ല്‍ എസ് ബി ഐയുടെ പാലപ്പെട്ടി ബ്രാഞ്ചില്‍ നിന്ന് സ്ഥലത്തിന്റെ ആധാരം ഈട് നല്‍കി വായ്പയെടുത്തത്. വീട് നഷ്ടപ്പെട്ടതിന്റെ മനോവിഷമമാണ് മരണത്തിന് ഇടയാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
പാലപ്പെട്ടി എസ് ബി ഐയില്‍ നിന്ന് മാമിയുടെ മകനാണ് വായ്പയെടുത്തത്. വായ്പയെടുത്ത അലിമോനെ കാണാതായിട്ട് നാല് വര്‍ഷമായി. വിദേശത്ത് പോയ ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
വായ്പ അടയ്ക്കാന്‍ കഴിയാതെ വന്നപ്പോള്‍ ബേങ്ക് ഉദ്യോഗസ്ഥര്‍ നിരന്തരം വീട്ടിലേക്ക് വരുന്നത് മാമി ഉമ്മയ്ക്ക് എറെ പ്രയാസം ഉണ്ടാക്കിയതായും വായ്പ അടച്ചില്ലെങ്കില്‍ അവര്‍ എന്റെ വീട് കൊണ്ടുപോകുമെന്ന് ഇവര്‍ പറയാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു