National
വീല്‍ ചെയര്‍ നല്‍കിയില്ല; വിമാനത്താവളത്തില്‍ വീണ വയോധികക്ക് ഗുരുതര പരുക്ക്
എയര്‍ ഇന്ത്യക്കെതിരെ പരാതി

ന്യൂഡല്‍ഹി | ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ വീല്‍ ചെയര്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് വീണ വയോധികക്ക് പരുക്കേറ്റു. മുന്‍കൂട്ടി ബുക് ചെയ്ത വീല്‍ ചെയര്‍ എയര്‍ ഇന്ത്യ നല്‍കിയില്ലെന്നാണ് പരാതി. ഗുരുതരമായി പരുക്കേറ്റ വയോധിക ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അന്തരിച്ച മുന്‍ ഉന്നത സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യ 82 വയസ്സുകാരിയായ പ്രസിച്ച രാജിനാണ് പരുക്കേറ്റത്.
എയര്‍ ഇന്ത്യയോട് നിരവധി തവണ വീല്‍ചെയര്‍ ആവശ്യപ്പെട്ടെങ്കിലും മുത്തശ്ശിക്ക് വീല്‍ചെയര്‍ നല്‍കിയില്ലെന്നും മുത്തശ്ശിക്ക് കൃത്യമായ ചികിത്സ ലഭിച്ചത് വിമാനത്തില്‍ യാത്ര ചെയ്ത് ബെംഗളൂരുവിലെത്തിയ ശേഷം മാത്രമാണെന്നും പേരക്കുട്ടി പാറുള്‍ കന്‍വര്‍ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ഈ മാസം നാലിന് ഡല്‍ഹിയില്‍ കൊച്ചുമകന്റെ വിവാഹത്തില്‍ പങ്കെടുത്ത് ബംഗളൂരുവിലേക്ക് മടങ്ങുമ്പോഴാണ് സംഭവം.
സംഭവത്തില്‍ അന്വേഷണം തുടങ്ങിയ എയര്‍ ഇന്ത്യാ അധികൃതര്‍ വിഷയം ഗൗരവത്തില്‍ പരിശോധിക്കുന്നതായി യുവതിയെ അറിയിച്ചു.