manjeswaram election case
തിരഞ്ഞെടുപ്പ് കോഴക്കേസ്: സുരേന്ദ്രന്റെ മൊഴികള്‍ തെറ്റെന്ന് കണ്ടെത്തി; വീണ്ടും ചോദ്യം ചെയ്യും
നിര്‍ണായക തെളിവുകളിലൊന്നായ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നില്ലെന്ന് കെ സുരേന്ദ്രന്‍ നേരത്തെ മൊഴി നല്‍കിയത് തെറ്റെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തി
കൊച്ചി | മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്‌തേക്കും. നിര്‍ണായക തെളിവുകളിലൊന്നായ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നില്ലെന്ന് കെ സുരേന്ദ്രന്‍ നേരത്തെ മൊഴി നല്‍കിയത് തെറ്റെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഫോണ്‍ ഇപ്പോഴും സുരേന്ദ്രന്‍ ഉപയോഗിക്കുന്നുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി.
കൂടാത്ത ബി എസ് പി സ്ഥാനാര്‍ഥിയായിരുന്ന കെ സുന്ദര നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ അപേക്ഷ തയ്യാറാക്കിയ കാസര്‍കോട്ടെ ഹോട്ടലില്‍ താമസിച്ചിട്ടില്ലെന്ന സുരേന്ദ്രന്റെ മൊഴിയും തെറ്റാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിറകെയാണ് സുരേന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തയ്യാറെടുക്കുന്നത്.
സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ സുരേന്ദ്രന്‍ ഇപ്പോഴും ആ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നെന്ന് കണ്ടെത്തി. കഴിഞ്ഞ വ്യാഴാഴ്ചയാണ് സുരേന്ദ്രനെ ഒരു മണിക്കൂറോളം ചോദ്യം ചെയ്തത്.