National
തിരഞ്ഞെടുപ്പ് കമ്മീഷണര്‍ തിരഞ്ഞെടുപ്പ്: കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി
സുപ്രീം കോടതി തീരുമാനം മാനിക്കാതിരുന്നത് വോട്ടര്‍മാരുടെ വിശ്വാസ്യത കളങ്കപ്പെടുത്തി

ന്യൂഡല്‍ഹി | അര്‍ധരാത്രി തിടുക്കത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യനേഷ് കുമാറിനെ തിരഞ്ഞടുത്തതില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശവുമായി കോണ്‍ഗ്രസ്സ് എം പി രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ ചീഫ് ജസ്റ്റിസ് വേണമെന്ന സുപ്രീം കോടതി വിധി ലംഘിച്ചാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ തിരഞ്ഞെടുത്തതെന്ന് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.
സുപ്രീം കോടതി തീരുമാനം മാനിക്കാതെ ചീഫ് ജസ്റ്റിസിനെ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ തിരഞ്ഞെടുത്തതിലൂടെ 100 കോടി വരുന്ന വോട്ടര്‍മാരുടെ തിരഞ്ഞെടുപ്പിലുള്ള വിശ്വാസമാണ് കളങ്കപ്പെടുത്തിയത്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അര്‍ധരാത്രിയില്‍ ഗ്യനേഷ് കുമാറിനെ തിരഞ്ഞെടുത്തത് അനാദരവും മര്യാദക്കേടുമാണ്.
തിരഞ്ഞെടുപ്പ് കമ്മീഷണറെ തിരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ 48 മണിക്കൂറിനുള്ളില്‍ വാദം കേള്‍ക്കാനിരിക്കെ സുപ്രീം കോടതിയെ വെല്ലുവിളിച്ചാണ് പാതിരാത്രി തീരുമാനമുണ്ടായത്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ അംബേദ്കറുടെയും രാഷ്ട്രനിര്‍മിതിയില്‍ പങ്കുവഹിച്ച മറ്റ് നേതാക്കളുടെയും ആദര്‍ശങ്ങള്‍ മുറുകെ പിടിക്കേണ്ടത് എന്റെ കടമയാണെന്നും രാഹുല്‍ ഗാന്ധി കുറിച്ചു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനത്തില്‍ പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ്, പ്രതിപക്ഷ നേതാവ് എന്നിവരെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്ന നിയമം 2023ലാണ് മാറ്റം വരുത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഈ മാസം 22ന് സുപ്രീം കോടതി കേസ് പരിഗണിക്കാനിരിക്കെയായിരുന്നു കേന്ദ്രം തിടുക്കത്തില്‍ ഗ്യനേഷ് കുമാറിനെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി തിരഞ്ഞെടുത്തത്.