Connect with us

National

അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു; ഏഴ്ഘട്ടം, ആദ്യം യുപിയില്‍,വോട്ടെണ്ണല്‍ മാര്‍ച്ച് പത്തിന്

പ്രായമായവര്‍ക്കും കൊവിഡ് രോഗികള്‍ക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാം, വീട് കയറിയുള്ള പ്രചാരണത്തിന് അഞ്ച് പേര്‍ മാത്രം

Published

|

Last Updated

ന്യൂഡല്‍ഹി | അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയതി മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുശീല്‍ചന്ദ്ര പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തിയതിയാണ് ഇന്ന് പ്രഖ്യാപിച്ചത്. ഏഴ് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടത്തുക. യുപിയില്‍ ആദ്യഘട്ട തിരഞ്ഞെടുപ്പ് ഫിബ്രെവരി പത്തിന് തുടങ്ങും.

 തിരഞ്ഞെടുപ്പ് തീയതികൾ ഇങ്ങനെ:
സംസ്ഥാനം ഘട്ടങ്ങൾ തീയതി/കൾ വോട്ടെണ്ണൽ
ഉത്തർപ്രദേശ് 7 ഘട്ടങ്ങൾ 10, 14, 20, 23, 27 ഫെബ്രുവരി, 3, 7 മാർച്ച് മാർച്ച് 10
പഞ്ചാബ് 1 ഘട്ടം 14 ഫെബ്രുവരി മാർച്ച് 10
മണിപ്പൂർ 2 ഘട്ടം 27 ഫെബ്രുവരി, 3 മാർച്ച് മാർച്ച് 10
ഗോവ 1 ഘട്ടം 14 ഫെബ്രുവരി മാർച്ച് 10
ഉത്തരാഖണ്ഡ് 1 ഘട്ടം 14 ഫെബ്രുവരി മാർച്ച് 10

 

കൊവിഡ് വ്യാപന സമയത്ത് തിരഞ്ഞെടുപ്പ് നടത്തുന്നത് വലിയ വെല്ലുവിളിയാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വ്യക്തമാക്കി. ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ ആരോഗ്യ സുരക്ഷക്ക് മുന്‍ഗണന നല്‍കിയായിരിക്കും തിരഞ്ഞെടുപ്പ് നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 15വരെ റോഡ് ഷോകളോ പദയാത്രകളോ പാടില്ല. വീടുകയറിയുള്ള പ്രചാരണത്തിന് അഞ്ച് പേര്‍ മാത്രമെ പാടുള്ളു. രാത്രി എട്ട് മുതല്‍ രാവിലെ എട്ട് വരെ തിരഞ്ഞെടുപ്പ് പ്രചാരണം പാടില്ല.

പോളിങ് സമയം ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിക്കും. പോളിങ് സ്‌റ്റേഷനുകളുടെ എണ്ണം 60 ശമതാനം വര്‍ധിപ്പിച്ചിട്ടുണ്ട്. 2,15368 പോളിങ് സ്‌റ്റേഷനുകള്‍ സജ്ജമാക്കും.അഞ്ച് സംസ്ഥാനങ്ങളിലായി 18.34 കോടി വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്തുക. ഇതില്‍ 8.55 കോടി പേര്‍ വനിതകളാണ്. ഒരു പോളിങ് സ്‌റ്റേഷനില്‍ 1250 വോട്ടര്‍മാര്‍ മാത്രമായിരിക്കും ഉണ്ടാവുക. വിപുലമായ കൊവിഡ് മാര്‍ഗരേഖയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പെന്നും തിരഞ്ഞെടുപ്പ് കമ്മിഷണര്‍ പറഞ്ഞു. 1620 പോളിങ് സ്‌റ്റേഷനുകളില്‍ വനിത ജീവനക്കാര്‍ മാത്രമായിരിക്കും ഉണ്ടാവുക. തിരഞ്ഞെടുപ്പ് ജോലിയിലേര്‍പ്പെടുന്ന ജീവനക്കാര്‍ രണ്ട് ഡോസ് വാക്‌സിനെടുത്തിരിക്കണം.

പ്രായമായവര്‍ക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാം. 80 വയസിന് മുകളിലുള്ളവര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് അനുവദിക്കും. 24.9 കോടി കന്നി വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തും.സ്ഥാനാര്‍ഥികള്‍ക്ക് ഓണ്‍ലൈനിലൂടെ പത്രിക സമര്‍പ്പിക്കാം.കൊവിഡ് ബാധിതര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് ഉപയോഗപ്പെടുത്താം. യുപിയിലും പഞ്ചാബിലും ഉത്തരാഖണ്ഡിലും സ്ഥാനാര്‍ഥികള്‍ക്ക് തിരഞ്ഞെടുപ്പിലേക്ക്് 40 ലക്ഷം രൂപവരെ ചിലവഴിക്കാം. ഗോവയിലും മണിപ്പൂരിലും ഇത് 28 ലക്ഷമായി തുടരുമെന്നും കമ്മിഷന്‍ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ പഞ്ചാബിലൊഴികെ ബാക്കി നാലിടത്തും ബിജെപിയാണ് അധികാരത്തില്‍.വിവിധ ഘട്ടങ്ങളായിട്ടായിരിക്കും തിരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കുക. കൊവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.

 

Latest