National
തിരഞ്ഞെടുപ്പ് പരാജയം: കോണ്‍ഗ്രസ്സ് നേതൃസ്ഥാനത്ത് അഴിച്ചുപണിയുമായി രാഹുല്‍
രണ്ട് സംസ്ഥാനങ്ങള്‍ക്ക് ജനറല്‍ സെക്രട്ടറിമാരെയും ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് സംഘടനാ ചുമതലയുള്ള സെക്രട്ടറിമാരെയും നിയമിച്ചു
![](https://assets.sirajlive.com/2024/12/rahul-1-897x538.jpg)
ന്യൂഡല്‍ഹി | 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം തുടര്‍ച്ചയായ മൂന്ന നിയമസഭാ തിഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ്സ് പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ സംഘടനാ നേതൃരംഗത്ത് അഴിച്ചുപണി തുടങ്ങി. രണ്ട് സംസ്ഥാനങ്ങള്‍ക്ക് ജനറല്‍ സെക്രട്ടറിമാരെയും ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് സംഘടനാ ചുമതലയുള്ള സെക്രട്ടറിമാരെയും നിയമിച്ചു. ഈ സ്ഥാനങ്ങള്‍ വഹിച്ചിരുന്ന ആറ് നേതാക്കളെ നീക്കം ചെയ്തു.
കോണ്‍ഗ്രസ്സ് മുന്‍ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ എ ഐ സി സി സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുത്തു. പഞ്ചാബ് ജനറല്‍ സെക്രട്ടറിയായും ഇദ്ദേഹത്തെ നിയമിച്ചിട്ടുണ്ട്. രാജ്യസഭാ എം പി സയ്യിദ് നസീര്‍ ഹുസൈനാണ് ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി.
ഡല്‍ഹി കോണ്‍ഗ്രസ്സ് മേധാവിയായതിന് ശേഷവും പഞ്ചാബിന്റെ ചുമതല വഹിച്ചിരുന്ന ദേവേന്ദര്‍ യാദവിന് പകരം ബാഗേലിനെയും ജമ്മു കശ്മീര്‍ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി ഗുജറാത്തിലെ നേതാവ് ഭരത്‌സിന്‍ഹ്് സോളങ്കിക്ക് പകരം ഹുസൈനിനെയും നിയമിച്ചു.
കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അടുത്തയാളായി കണക്കാക്കപ്പെടുന്ന ഹുസൈന്‍ ഒഴികെ മറ്റ് പുതുമുഖങ്ങളില്‍ ഭൂരിഭാഗവും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായോ എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുമായോ അടുപ്പമുള്ളവരാണ്. കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാ എം പിയായ ഹുസൈന്‍ ഖാര്‍ഗെയുടെ ഓഫീസിന്റെ ചുമതല വഹിച്ചിരുന്നു.