Connect with us

Kerala

തിരഞ്ഞെടുപ്പ് ഫലം; സി പി എം തിരുത്തല്‍ നടപടിക്ക്

നേതൃയോഗങ്ങൾ 16ന് തുടങ്ങും

Published

|

Last Updated

തിരുവനന്തപുരം | ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തിരിച്ചടി വിലയിരുത്താന്‍ സി പി എം അഞ്ച് ദിവസത്തെ നേതൃയോഗങ്ങൾ ഈ മാസം 16ന് ആരംഭിക്കും. തുടര്‍ച്ചയായ രണ്ടാം തവണയും കേരളത്തില്‍ കനത്ത തിരിച്ചടി നേരിട്ട പശ്ചാത്തലത്തില്‍ പ്രവര്‍ത്തനം വിലയിരുത്തി തിരുത്തല്‍ നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. നാളെ ചേരുന്ന സെക്രട്ടേറിയറ്റില്‍ തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച പ്രാഥമിക വിലയിരുത്തല്‍ നടക്കും. വിശദമായ ചര്‍ച്ചക്കായാണ് അഞ്ച് ദിവസത്തെ സംസ്ഥാന നേതൃയോഗം ചേരുന്നത്.

16, 17 തീയതികളില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും തുടര്‍ന്ന് 18 മുതല്‍ 20 വരെ സംസ്ഥാന സമിതി യോഗവും നടക്കും. മന്ത്രി കെ രാധാകൃഷ്ണന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചതോടെ മന്ത്രിസഭാ പുനഃസംഘടനാ ചര്‍ച്ചകളും സി പി എമ്മിന്റെ പരിഗണനയിലുണ്ട്. എം പിയായി തിരഞ്ഞെടുത്തുകൊണ്ടുള്ള നോട്ടിഫിക്കേഷന്‍ ഇറങ്ങി 14 ദിവസത്തിനകം നിയമസഭാംഗത്വം രാജിവെക്കണമെന്നാണ് ചട്ടമെന്നിരിക്കെ ഉപതിരഞ്ഞെടുപ്പ് ഉള്‍പ്പെെടയുള്ള കാര്യം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ച യാകും.

ചുമതല ആര്‍ക്കെങ്കിലും കൈമാറണോ അതോ പകരക്കാരനെ ഉടന്‍ കണ്ടെത്തണോ എന്ന കാര്യത്തില്‍ സെക്രട്ടേറിയറ്റ് തീരുമാനം എടുക്കും. പത്താം തീയതി നിയമസഭാ സമ്മേളനം തുടങ്ങുന്ന സാഹചര്യത്തില്‍ സഭയില്‍ സ്വീകരിക്കേണ്ട നിലപാടുകളും സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും. ജില്ലകളില്‍ നിന്നും മണ്ഡലങ്ങളില്‍ നിന്നുമുള്ള വോട്ട് കണക്കുകളും റിപോര്‍ട്ടും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ വിലയിരുത്തും. ഇതനുസരിച്ച് അവലോകന റിപോര്‍ട്ട് തയ്യാറാക്കും. ഇത് സംസ്ഥാന കമ്മിറ്റിയില്‍ അവതരിപ്പിച്ച് വിശദമായി ചര്‍ച്ച ചെയ്തതിന് ശേഷമാകും തുടര്‍ നടപടികള്‍. ഭരണവിരുദ്ധ വികാരം ശക്തമായി ആഞ്ഞടിച്ച തിരഞ്ഞെടുപ്പില്‍ മന്ത്രിമാരുടെ മണ്ഡലത്തില്‍ ഉള്‍പ്പെടെ ഇടതുമുന്നണിക്ക് കാലിടറിയിരുന്നു. എല്‍ ഡി എഫ് പത്തോളം സീറ്റുകളില്‍ തോറ്റത് ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ വ്യത്യാസത്തിലാണ് എന്നതും കനത്ത തിരിച്ചടിയാണ്. വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 110 നിയമസഭാ മണ്ഡലങ്ങളിലാണ് യു ഡി എഫിന് മുന്നേറ്റമുണ്ടായത്.

എല്‍ ഡി എഫിന് മുന്നിലെത്താനായത് കേവലം 19 മണ്ഡലങ്ങളില്‍ മാത്രം. ബി ജെ പിക്ക് വേരോട്ടമുണ്ടാക്കാന്‍ സഹായകരമാകുന്ന അപകടകരമായ നിലപാട് സി പി എം സ്വീകരിക്കുന്നു എന്ന പ്രതിപക്ഷ വിമര്‍ശം ശരിവെക്കുന്ന തരത്തിലാണ് 11 മണ്ഡലങ്ങളില്‍ ബി ജെ പി മുന്നിലെത്തിയത്. ശക്തി കേന്ദ്രമായ വടകരയില്‍ മുൻ മന്ത്രി കെ കെ ശൈലജയുടെ തോല്‍വിയും ആകെയുണ്ടായിരുന്ന ആലപ്പുഴ സീറ്റില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി കെ സി വേണുഗോപാല്‍ വെല്ലുവിളിയില്ലാതെ ജയിച്ചതും കനത്ത തിരിച്ചടിയായാണ് വിലയിരുത്തുന്നത്. സംസ്ഥാന സര്‍ക്കാറിനെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചും സാമ്പത്തിക പ്രതിസന്ധിമൂലമുണ്ടായ ഭരണ സ്തംഭനവും ഉയര്‍ത്തിക്കാട്ടിയാണ് യു ഡി എഫ് ഇത്തവണ പ്രചാരണം കൊഴുപ്പിച്ചത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയതും മുഖ്യമന്ത്രിയുടെയും മകളുടെയും മാസപ്പടി വിവാദവും കരുവന്നൂര്‍, കണ്ടല സഹകരണ ബേങ്ക് തട്ടിപ്പും ഉള്‍പ്പെടെ പ്രതിപക്ഷം ചര്‍ച്ചയാക്കിയിരുന്നു.

---- facebook comment plugin here -----

Latest