Editorial
തിരഞ്ഞെടുപ്പ് ചട്ടം: വിവാദ ഭേദഗതി പിന്‍വലിക്കണം
തിരഞ്ഞെടുപ്പിന്റെ എല്ലാ വശങ്ങളും വോട്ടര്‍മാര്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും അറിയാനും കൃത്രിമത്വത്തില്‍ സംശയമുദിച്ചാല്‍ പരിശോധിക്കാനുമുള്ള സാഹചര്യമുണ്ടാകുമ്പോഴാണ് സുതാര്യത കൈവരുന്നത്. വിവാദ ഭേദഗതി പിന്‍വലിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് വരുത്തേണ്ടതുണ്ട്.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് ഉപകരണങ്ങളുടെ പൊതുപരിശോധനക്ക് അവസരം നിഷേധിക്കുന്ന കേന്ദ്ര നടപടി ദുരൂഹമാണ്. ഇലക്ട്രോണിക് ഉപകരണങ്ങള്‍ പൊതുസമൂഹം പരിശോധിക്കുന്നത് ദുരുപയോഗങ്ങള്‍ക്ക് ഇടയാക്കുമെന്ന പേരിലാണ് തിരഞ്ഞെടുപ്പ് ചട്ടം 93(2)എ ഭേദഗതി ചെയ്ത് പൊതുജനത്തിന് പരിശോധിക്കാനുള്ള അവകാശം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പേപ്പര്‍ രേഖകളില്‍ മാത്രം പരിമിതപ്പെടുത്തിയത്. ഭേദഗതിയനുസരിച്ച് നോമിനേഷന്‍ ഫോമുകള്‍, തിരഞ്ഞെടുപ്പ് ഏജന്റ് അപ്പോയിന്‍മെന്റ്, ഫലങ്ങള്‍, സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പേപ്പറുകള്‍ എന്നിവയില്‍ മാത്രമേ പൊതുപരിശോധനക്ക് അനുമതി നല്‍കുകയുള്ളൂ. സി സി ടി വി ക്യാമറാ ദൃശ്യങ്ങള്‍, വെബ്കാസ്റ്റിംഗ്, മാതൃകാ പെരുമാറ്റച്ചട്ട കാലയളവിലെ കാന്‍ഡിഡേറ്റ് വീഡിയോ തുടങ്ങി ഇലക്ട്രോണിക് രേഖകളൊന്നും പൊതുജനത്തിനോ സ്ഥാനാര്‍ഥിക്കോ പരിശോധനക്ക് നല്‍കില്ല. ഭേദഗതിക്കു മുമ്പുള്ള ചട്ടമനുസരിച്ച് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പൊതുജനത്തിന് പരിശോധിക്കാമായിരുന്നു.
ഇതിനിടെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു കേസില്‍ ഇലക്ട്രോണിക് ദൃശ്യങ്ങള്‍ ഉള്‍പ്പെടെ തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അഭിഭാഷകനായ മഹ്മൂദ് പ്രാചക്ക് നല്‍കാന്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയിരുന്നു. അതിനു പിന്നാലെയാണ് ചട്ടം 93(2) ഭേദഗതി നീക്കമുണ്ടായത്. ജനാധിപത്യത്തിന്റെ അന്തസ്സത്തക്ക് നിരക്കുന്നതല്ല ഈ ഭേദഗതി. ‘ജനാധിപത്യത്തില്‍ ജനങ്ങളാണ് യഥാര്‍ഥ യജമാനന്മാര്‍’ എന്നത് സാര്‍വത്രികമായി അംഗീകരിക്കപ്പെട്ട തത്ത്വമാണ്. ഇതനുസരിച്ച് ജനാധിപത്യ പ്രക്രിയയുമായി ബന്ധപ്പെട്ട ഒരു പ്രവര്‍ത്തനവും ജനങ്ങളില്‍ നിന്ന് മറച്ചു പിടിക്കരുത്. എല്ലാം അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. തിരഞ്ഞെടുപ്പ് പ്രക്രിയയിലെവിടെയെങ്കിലും സന്ദേഹം ഉടലെടുത്താല്‍ അത് പരിശോധിക്കാനുള്ള അവകാശവും അവര്‍ക്കുണ്ടാകണം. സാങ്കേതിക തടസ്സങ്ങള്‍ ഉന്നയിച്ച് ജനങ്ങളുടെ ഈ അവകാശങ്ങള്‍ക്ക് കത്തിവെക്കുന്നത് ജനാധിപത്യത്തിനു നേരെയുള്ള കൈയേറ്റമാണ്.
പോളിംഗ് സ്റ്റേഷനുകളിലെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തു വരുന്നത് വോട്ടര്‍മാരുടെ രഹസ്യ സ്വഭാവം അപകടത്തിലാക്കുകയോ എ ഐ ഉപയോഗിച്ച് വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ ഇടയാക്കുകയോ ചെയ്യുമെന്നാണ് ഭേദഗതിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്ന ന്യായീകരണം. തിരഞ്ഞെടുപ്പിന്റെ സുതാര്യത ഉറപ്പ് വരുത്താനും കൃത്രിമം കണ്ടെത്താനുമാണ് പോളിംഗ് ബൂത്തുകളില്‍ സി സി ടി വി ക്യാമറകളും വെബ്ക്യാമറകളും സ്ഥാപിക്കുന്നത്. വോട്ടെടുപ്പ് കേന്ദ്രത്തില്‍ എന്തെങ്കിലും കൃത്രിമം നടന്നതായി ആരോപിക്കപ്പെട്ടാല്‍, മേല്‍ ഉപകരണങ്ങള്‍ പരിശോധിക്കാന്‍ സ്ഥാനാര്‍ഥിക്കും പൊതുജനത്തിനും അനുമതി നല്‍കിയെങ്കില്‍ മാത്രമേ വോട്ടെടുപ്പിലെ സുതാര്യത ഉറപ്പ് വരുത്താനാകൂ.
സി സി ടി വി ദൃശ്യങ്ങള്‍ വോട്ടര്‍മാര്‍ക്ക് ലഭ്യമാക്കിയാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെ വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ചെടുക്കുമെന്ന കമ്മീഷന്റെ ഭീതി അടിസ്ഥാനരഹിതമാണ്. പൊതുപരിശോധനക്ക് നല്‍കുന്ന സി സി ടി വി ദൃശ്യങ്ങളുടെ കോപ്പി, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ കൂടി കൈവശമുണ്ടാകുമെന്നതിനാല്‍ എ ഐ സംവിധാനമുപയോഗിച്ച് അതിലെന്തെങ്കിലും കൃത്രിമം കാണിച്ചാല്‍ അത് കണ്ടെത്താനും സമൂഹത്തെ ബോധ്യപ്പെടുത്താനും ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്ക് സാധിക്കും. മാത്രമല്ല, പൊതുജനത്തിന് പരിശോധന നടത്താനുള്ള അവകാശം നിഷേധിക്കുന്നത്, അധികാരത്തിലിരിക്കുന്ന കക്ഷികള്‍ക്ക് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വോട്ടിംഗ് പ്രക്രിയയില്‍ അന്യായമായി ഇടപെടാനുള്ള അവസരം സൃഷ്ടിക്കുകയും ചെയ്യും.
തിരഞ്ഞെടുപ്പിന്റെ സുതാര്യത നഷ്ടപ്പെടുത്തുകയും നിഷ്പക്ഷതയില്‍ സംശയം ജനിപ്പിക്കുകയും ചെയ്യുന്ന നടപടികളാണ് അടുത്തിടെയായി മോദി സര്‍ക്കാര്‍ നിരന്തരം അനുവര്‍ത്തിച്ചു വരുന്നത്. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കുന്നതിനുള്ള സമിതിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയ നടപടി ഉദാഹരണം. തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനം ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണെന്നും ജുഡീഷ്യറിക്ക് അതില്‍ പങ്കില്ലെന്നും വരട്ടുന്യായം പറഞ്ഞാണ് സമിതിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി നിയമനത്തില്‍ ഭരണകക്ഷിക്ക് മേല്‍ക്കൈ സ്ഥാപിച്ചത്. കഴിഞ്ഞ ഡിസംബറില്‍ പാര്‍ലിമെന്റിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട ബഹളത്തെച്ചൊല്ലി നൂറോളം പ്രതിപക്ഷ എം പിമാരെ പാര്‍ലിമെന്റില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത ഘട്ടത്തില്‍ അപ്പം ചുട്ടെടുക്കുന്ന ലാഘവത്തോടെയാണ് ഇതുസംബന്ധിച്ച ബില്ലിന് ലോക്സഭ അംഗീകാരം നല്‍കിയതെന്ന വസ്തുത അതില്‍ അടങ്ങിയിരിക്കുന്ന ഒളിയജന്‍ഡയിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഭരണകൂടത്തിന്റെ ചട്ടുകമായി മാറുമെന്നതാണ് ഇതിന്റെ അനന്തരഫലം. ഭരണകക്ഷി നേതാക്കളുടെ തിരഞ്ഞെടുപ്പ് ചട്ടലംഘനം, വോട്ടിംഗ് മെഷീനിലെ അതാര്യത തുടങ്ങിയ പ്രതിപക്ഷത്തിന്റെ പരാതികളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൈക്കൊണ്ട നിലപാടുകളില്‍ ഇക്കാര്യം വ്യക്തവുമാണ്.
സ്വാതന്ത്ര്യാനന്തരം രാഷ്ട്രത്തിന് അടിത്തറ പാകിയ നേതാക്കള്‍ ദീര്‍ഘദൃഷ്ടിയോടെ വിഭാവനം ചെയ്തതാണ് നിലവിലുള്ള ജനാധിപത്യ വ്യവസ്ഥിതി. ഇന്ത്യയെ മറ്റു രാഷ്ട്രങ്ങളില്‍ നിന്ന് വ്യതിരിക്തമാക്കുന്നത് മുഖ്യമായും ജനായത്ത ഭരണക്രമമാണ്. സുതാര്യമായ തിരഞ്ഞെടുപ്പാണ് ജനാധിപത്യത്തെ മഹത്തരമാക്കുന്നത്. തിരഞ്ഞെടുപ്പില്‍ സുതാര്യതയില്ലാതായാല്‍ ജനാധിപത്യം കളങ്കിതമാകും. തിരഞ്ഞെടുപ്പിന്റെ എല്ലാ വശങ്ങളും വോട്ടര്‍മാര്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും അറിയാനും കൃത്രിമത്വത്തില്‍ സംശയമുദിച്ചാല്‍ പരിശോധിക്കാനുമുള്ള സാഹചര്യമുണ്ടാകുമ്പോഴാണ് സുതാര്യത കൈവരുന്നത്. വിവാദ ഭേദഗതി പിന്‍വലിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത കേന്ദ്രം ഉറപ്പ് വരുത്തേണ്ടതുണ്ട്.