Web Special
തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍; പാളയത്തില്‍ പട കര്‍ണാടക ബി ജെ പിയെ പൊള്ളിക്കുന്നു
ഹിജാബ് വിവാദം, ടിപ്പുസുല്‍ത്താന്‍, മുസ്ലിംകളെ ലക്ഷ്യമിടല്‍ എന്നിവയിലെല്ലാം സന്തോഷ് ക്യാമ്പിന്റെ ഇംഗിതങ്ങളാണ് ബൊമ്മൈ സര്‍ക്കാര്‍ സാക്ഷാത്കരിച്ചത്.
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുകയാണ്. സംസ്ഥാനത്തെ ചെറുതും വലുതുമായ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടത്തുന്നുണ്ട്. 1985 മുതല്‍ ഒരു പാര്‍ട്ടിക്കും തുടര്‍ഭരണം നല്‍കിയിട്ടില്ല കന്നഡിഗര്‍. കോണ്‍ഗ്രസ്- ജനതാദള്‍ (എസ്) സഖ്യം തകര്‍ന്നതിനെ തുടര്‍ന്നാണ് ബി ജെ പി അധികാരത്തിലെത്തിയതെന്ന് ഇവിടെ ചേര്‍ത്തുവായിക്കാം. അധികാരച്ചെങ്കോലേന്തിയത് മുതല്‍ ഒന്നിന് പുറകെ ഒന്നായി വിവാദങ്ങളുടെ പെരുമഴയായിരുന്നു. ഇന്നിപ്പോള്‍, ബി ജെ പിയില്‍ കലഹം രൂക്ഷമാണ്.
40 ശതമാനം കമ്മീഷന്‍ സര്‍ക്കാര്‍
കന്നഡ ബി ജെ പിയില്‍ ഒരു കാലത്ത് ശക്തനായ നേതാവായിരുന്ന ബി എസ് യെഡ്യൂരപ്പയുടെ മാനസപുത്രനായി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത ബസവരാജ് ബൊമ്മൈക്ക് പൊതുജന പിന്തുണ തീരെയില്ല. ബി ജെ പിയിലെ പാളയത്തില്‍പട കാരണം പാര്‍ട്ടി എം എല്‍ എമാര്‍ തന്നെ ബൊമ്മൈ സര്‍ക്കാറിനെതിരെ രംഗത്തുവരുന്നു. ബി ജെ പി ദേശീയ ജന.സെക്രട്ടറി ബി എല്‍ സന്തോഷിന്റെയും യെഡ്യൂരപ്പയുടെയും നേതൃത്വത്തില്‍ ചേരിതിരിഞ്ഞ് പോരടിക്കുകയാണ് കര്‍ണാടക ബി ജെ പി. അത് നാള്‍ക്കുനാള്‍ വഷളാകുന്നുമുണ്ട്. അഴിമതി പരമ്പരകളാണ് ബൊമ്മൈ സര്‍ക്കാറിനെതിരെ ഉയരുന്നത്. 40 ശതമാനം കമ്മീഷന്‍ സര്‍ക്കാര്‍ എന്ന സാമൂഹിക മാധ്യമങ്ങളിലെ ടാഗ് ബി ജെ പി സര്‍ക്കാറിന്റെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കിയിരുന്നു. സംസ്ഥാനവ്യാപക കര്‍ഷക പ്രതിസന്ധി പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പാടെ പരാജയപ്പെട്ടിരുന്നു. പ്രത്യേകിച്ച് കരിമ്പ് കര്‍ഷകര്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ജല ദൗര്‍ലഭ്യത്തില്‍ കര്‍ഷകര്‍ ഇടക്കിടെ പ്രതിഷേധവുമായി രംഗത്തുവന്നു. ബി ജെ പിയുടെ വികസന വാഗ്ദാനങ്ങള്‍ പാലിക്കാനായില്ല. തുടങ്ങിയതാകട്ടെ ഒച്ചിഴയും വേഗത്തിലുമാണ്. മികച്ച സാമൂഹിക- രാഷ്ട്രീയ പ്രതിനിധാനം ആവശ്യപ്പെട്ട് വ്യത്യസ്ത സാമൂഹിക വിഭാഗങ്ങള്‍ രംഗത്തുവന്നത് സര്‍ക്കാറിന് കൂനിന്മേല്‍ കുരുവായി.
ബി എല്‍ സന്തോഷ് നേതൃത്വം നല്‍കുന്ന ചേരി അതിതീവ്ര ഹിന്ദുത്വയുടെതാണ്. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍, മന്ത്രി സി ടി രവി, കേന്ദ്ര മന്ത്രി ആനന്ദ് കുമാര്‍ ഹെഗ്‌ഡെ അടക്കമുള്ളവരാണ് ഈ ക്യാമ്പിലെ പ്രധാനികള്‍. ഇസ്ലാമോഫോബിക്, ധ്രുവീകരണ പ്രസ്താവനകള്‍ നിരന്തരം നടത്തുന്നവരാണ് ഇവര്‍. കഴിഞ്ഞ ദിവസം പശുക്കടത്ത് ആരോപിച്ച് കന്നുകാലി വ്യാപാരിയായ ഇദ്രീസ് പാഷയെ തല്ലിക്കൊന്ന പുനീത് കേരെഹള്ളി ഈ നേതാക്കളുടെ ഇഷ്ടക്കാരനാണ്. ഇത് പാര്‍ട്ടി നേതൃത്വം പ്രോത്സാഹിക്കുന്നുണ്ടെങ്കിലും യെഡ്യൂരപ്പ പക്ഷം അതൃപ്തിയിലാണ്. ഹിന്ദുത്വ വിഷയങ്ങള്‍ തത്കാലം മാറ്റിവെച്ച് വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളെ സമന്വയിപ്പിച്ച് സംസ്ഥാനത്ത് പാര്‍ട്ടിയെ കെട്ടിപ്പടുത്തത് തങ്ങളാണെന്ന അവകാശവാദമാണ് യെഡ്യൂരപ്പ പക്ഷത്തിനുള്ളത്. യഥാര്‍ഥത്തില്‍ യെഡ്യൂരപ്പ ക്യാമ്പുകാരനാണെങ്കിലും ബൊമ്മൈ രണ്ട് തോണിയിലും കാലിടുന്നുണ്ട്. പാര്‍ട്ടിയിലെ തീവ്ര ഹിന്ദുത്വക്കാരോടൊപ്പമാണ് താനെന്ന് പലപ്പോഴും അദ്ദേഹം തോന്നിപ്പിച്ചിട്ടുണ്ട്. ഹിജാബ് വിവാദം, ടിപ്പുസുല്‍ത്താന്‍, മുസ്ലിംകളെ ലക്ഷ്യമിടല്‍ എന്നിവയിലെല്ലാം സന്തോഷ് ക്യാമ്പിന്റെ ഇംഗിതങ്ങളാണ് ബൊമ്മൈ സര്‍ക്കാര്‍ സാക്ഷാത്കരിച്ചത്. വികസന വിഷയങ്ങളില്‍ ഒരു നേട്ടവും മുന്നോട്ടുവെക്കാനില്ലാത്ത ബി ജെ പി മൂന്ന് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രചാരണം മുന്നോട്ടുകൊണ്ടുപോകുന്നത്. ഹിന്ദു- മുസ്ലിം ധ്രുവീകരണം, നാല് ശതമാനം ഒ ബി സി സംവരണത്തില്‍ നിന്ന് മുസ്ലിംകളെ ഒഴിവാക്കി വൊക്കലിഗ, ലിംഗായത്ത് സമുദായങ്ങള്‍ക്ക് നല്‍കിയത്, വൊക്കലിഗ- ലിംഗായത്ത് സമുദായങ്ങള്‍ക്കിടയില്‍ പിടിമുറുക്കുക എന്നിവയാണത്.
പുതിയ സംവരണ സംവിധാനം കൊണ്ടുവന്നതോടെ മുസ്ലിംകളെ പ്രബലരായ ഒ ബി സി വിഭാഗങ്ങളായ വൊക്കലിഗയുടെയും ലിംഗായത്തിന്റെയും എതിര്‍പക്ഷത്താക്കിയിരിക്കുകയാണ് ബൊമ്മൈ സര്‍ക്കാര്‍. ബൊമ്മൈയുടെ പരിതാപകരാവസ്ഥയാണ് ഇത് കാണിക്കുന്നത്. മുസ്ലിം വിഭാഗത്തിന് കൂടുതല്‍ ദുരിതം നല്‍കുന്നതോടൊപ്പം ഹിന്ദുത്വ ക്യാമ്പിനെ സന്തോഷിപ്പിക്കുകയാണ് ബൊമ്മൈ. ദീര്‍ഘകാലമായി പ്രാതിനിധ്യപോരായ്മ നേരിടുന്ന ഈ വിഭാഗങ്ങളെ സന്തോഷിപ്പിക്കുകയെന്ന യെഡ്യൂരപ്പ ശൈലി കടംകൊള്ളുകയുമാണ്. ലിംഗായത്ത് നേതാവായ ബൊമ്മൈ പലപ്പോഴും വൊക്കലിഗക്കാരെ പരിഗണിക്കാറില്ല. ഇതുകാരണം ദക്ഷിണ കര്‍ണാടകയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലായിരുന്നു പ്രചാരണം. സംസ്ഥാനത്തിന്റെ വടക്കുപടിഞ്ഞാറ്, മധ്യം, തീരദേശം എന്നിവിടങ്ങളിലാണ് ബി ജെ പി ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ദക്ഷിണ കന്നഡയാണ് ജെ ഡി എസിന്റെ ലക്ഷ്യം. വൊക്കലിഗ വിഭാഗത്തിന്റെ സ്വന്തം ഇടമാണിത്. എച്ച് ഡി ദേവ ഗൗഡയും എച്ച് ഡി കുമാരസ്വാമിയും വൊക്കലിഗക്കാരുടെ പിന്തുണ ആവോളം ആസ്വദിക്കുന്നുണ്ട്. വൊക്കലിഗക്കാര്‍ 40 അംഗങ്ങളെയാണ് നിയമസഭയിലേക്ക് അയക്കുന്നത്. ഓരോ നിയമസഭാ തിരഞ്ഞെടുപ്പിലും ജെ ഡി എസിന്റെ നില മെച്ചപ്പെടുന്നുമുണ്ട്. അതിനാലാണ് ദേവഗൗഡ കിംഗ് മേക്കറാകുന്നതും. പഴയ മൈസൂര്‍ മേഖലയില്‍ വൊക്കലിഗക്കാരെ ആകര്‍ഷിക്കാനുള്ള ബി ജെ പി ശ്രമം ജെ ഡി എസിനെ ദുര്‍ബലമാക്കാനാണ്.
എന്നാല്‍, സംസ്ഥാനത്തുടനീളം സാന്നിധ്യമുള്ളത് കോണ്‍ഗ്രസിന് മാത്രമാണ്. രാഹുല്‍ ഗാന്ധിയുടെ ജോഡോ യാത്ര, അയോഗ്യത എന്നിവക്ക് ശേഷം കോണ്‍ഗ്രസിന് പൊതുവെ ഉണര്‍വ് വന്നിട്ടുണ്ട്. പുറമെ, കര്‍ണാടകയില്‍ സിദ്ധരാമയ്യ- ഡി കെ ശിവകുമാര്‍ പക്ഷങ്ങള്‍ ഒന്നിക്കുന്നുമുണ്ട്. ജോഡോ യാത്ര വലിയ ശ്രദ്ധയാണ് സംസ്ഥാനത്ത് നേടിയത്. ബൊമ്മൈ സര്‍ക്കാറിനെതിരെയുള്ള അഴിമതിയാരോപണങ്ങള്‍ ചര്‍ച്ചയാക്കിയും സാമൂഹിക വിഭാഗങ്ങളെ നേരില്‍ കണ്ടുമായിരുന്നു ജോഡോ യാത്ര കടന്നുപോയത്. ഇതെല്ലാം തിരഞ്ഞെടുപ്പ് നേട്ടമാക്കി മാറ്റുകയെന്ന യത്‌നമാണ് ഇനി കോണ്‍ഗ്രസിനുള്ളത്. വിവിധയിടങ്ങളില്‍ സ്വാധീനമുള്ള സാമൂഹിക വിഭാഗങ്ങളെ വിശ്വാസത്തിലെടുക്കാന്‍ സാധിക്കണം. ബി ജെ പി പലപ്പോഴും നേട്ടമുണ്ടാക്കുന്നത് ഇവരെ ലക്ഷ്യമിട്ടാണ്. 2018ലെ തിരഞ്ഞെടുപ്പില്‍ ബി ജെ പിയേക്കാള്‍ ചുരുക്കം സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയതെങ്കിലും രണ്ട് ശതമാനത്തിലേറെ വോട്ടോഹരി വര്‍ധിപ്പിച്ചിരുന്നു. വടക്ക്, മധ്യം, തീരദേശം എന്നിവിടങ്ങളില്‍ കോണ്‍ഗ്രസും ബി ജെ പിയും തമ്മിലാണ് പോരാട്ടം. ഇവിടെ ജെ ഡി എസ് ഒറ്റക്ക് മത്സരിക്കുന്നത് ബി ജെ പിക്ക് മുതല്‍ക്കൂട്ടാകും. ദക്ഷിണ മേഖലയിലും മധ്യമേഖലയിലെ ചില ഭാഗങ്ങളിലും ജെ ഡി എസും കോണ്‍ഗ്രസും തമ്മിലാണ് പോരാട്ടം. ഒറ്റക്ക് മത്സരിക്കുകയാണെങ്കില്‍ ദേശീയ പാര്‍ട്ടികളായ ബി ജെ പിയും കോണ്‍ഗ്രസും ജെ ഡി എസിന്റെ സ്വാധീനത്തെ ക്ഷയിപ്പിക്കുന്നതാകും അന്തിമഫലം. ദക്ഷിണ കന്നഡയില്‍ ബി ജെ പിയുടെ സ്വാധീനം തടയുന്നത് ജെ ഡി എസാണ്. വടക്കന്‍ മേഖലയില്‍ ജെ ഡി എസ് എന്തെങ്കിലും നേട്ടമുണ്ടാക്കുന്നത് കോണ്‍ഗ്രസിന്റെ ചെലവിലാകും. അതാകട്ടെ, ബി ജെ പിക്ക് മുതല്‍ക്കൂട്ടാകുകയും ചെയ്യും.