National
ഗുജറാത്തില്‍ 89 നിയമസഭാ മണ്ഡലങ്ങളില്‍ നാളെ തിരഞ്ഞെടുപ്പ്
രണ്ടാംഘട്ട വോട്ടെടുപ്പ് ഡിസംബര്‍ അഞ്ചിനും വോട്ടെണ്ണല്‍ ഡിസംബര്‍ എട്ടിനും നടക്കും
അഹമ്മദാബാദ് | ഗുജറാത്തില്‍ നാളെ 89 നിയമസഭാ മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കും. മണ്ഡലത്തില്‍ ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളാണ്. 89 സീറ്റുകളിലേക്കായി 788 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. സൗരാഷ്ട്ര-കച്ച് മേഖലകളിലും ദക്ഷിണ ഗുജറാത്തിലുമാണ് ഈ മണ്ഡലങ്ങള്‍ വരുന്നത്.
രണ്ടാംഘട്ട വോട്ടെടുപ്പ് ഡിസംബര്‍ അഞ്ചിനും വോട്ടെണ്ണല്‍ ഡിസംബര്‍ എട്ടിനും നടക്കും.അവസാന വട്ട പ്രചാരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത്ഷാ തുടങ്ങിയവര്‍ ബിജെപിക്കു വേണ്ടി പ്രചാരണം നയിച്ചു. അഖിലേന്ത്യാ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ ദേശീയ നേതാക്കളെ ഇറക്കിയാണ് കോണ്‍ഗ്രസും പ്രചാരണം ശക്തമാക്കി. ഡല്‍ഹി മുഖ്യമന്ത്രിയും ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആം ആദ്മിപാര്‍ട്ടിയും പ്രചാരണം കൊഴുപ്പിച്ചു.
സംസ്ഥാനത്ത് 27 വര്‍ഷമായി തുടരുന്ന ബിജെപി ഭരണം തിരിച്ചു പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കാന്‍ കഴിയാതിരുന്ന ആം ആദ്മിക്ക് ഇത്തവണ 90ലധികം സീറ്റുകള്‍ ലഭിക്കുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. ഗുജറാത്ത് മോഡല്‍ വികസനത്തിന് ബിജെപി പ്രചാരണത്തില്‍ ഊന്നല്‍ നല്‍കിയപ്പോള്‍ ഗുജറാത്ത് മോഡലിന്റെ പൊള്ളത്തരങ്ങളാണ് കോണ്‍ഗ്രസ് എടുത്തുകാട്ടിയത്.