Connect with us

electoral bond

ഇലക്ടറല്‍ ബോണ്ട്: ബി ജെ പി വാരിക്കൂട്ടിയത് നിര്‍മാണ കമ്പനികളില്‍ നിന്ന്

ക്വിക്ക് സപ്ലൈ ചെയിന്‍ ബി ജെ പിക്ക് നല്‍കിയത് 375 കോടി

Published

|

Last Updated

ന്യൂഡല്‍ഹി |    ഇലക്ടറല്‍ ബോണ്ടില്‍ ആല്‍ഫാ ന്യൂമറിക് നമ്പര്‍ അ ടക്കം സമ്പൂര്‍ണ വിവരങ്ങള്‍ എസ് ബി ഐ, തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയതോടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആരില്‍ നിന്നൊക്കെയാണ് പണം ലഭിച്ചതെന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഏറ്റവും കൂടുതല്‍ തുക കൈപ്പറ്റിയ ബി ജെ പി ഇതില്‍ ഭൂരിഭാഗവും സമാഹരിച്ചത് അടിസ്ഥാന സൗകര്യ വികസന മേഖലയിലെ കമ്പനികളില്‍ നിന്നാണെന്ന് വ്യക്തമായി.

മേഘാ എന്‍ജിനീയറിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡില്‍ നിന്ന് 584 കോടി രൂപയും ക്വിക്ക് സപ്ലൈ ചെയിനില്‍ നിന്ന് 375 കോടി രൂപയും ബി ജെ പിക്ക് ലഭിച്ചതായി കോഡുകള്‍ ഉപയോഗിച്ച് ശേഖരിച്ച വിവരങ്ങള്‍ വ്യക്തമാക്കുന്നു. വേദാന്ത 226 കോടി രൂപയും എയര്‍ടെല്‍ 183 കോടി രൂപയും സംഭാവന നല്‍കി. റിയല്‍ എസ്റ്റേറ്റ് ഭീമന്‍മാരായ ഡി എല്‍ എഫും ഈ പട്ടികയില്‍ പെടുന്നു. ഡി എല്‍ എഫ് നല്‍കിയത് 133 കോടി രൂപയാണ്.

2019 ഏപ്രിലിനും 2024 ജനുവരിക്കും ഇടയില്‍ ഇലക്ടറല്‍ ബോണ്ടുകളുടെ ഏറ്റവും വലിയ ഗുണഭോക്താവ് ബി ജെ പിയാണ്. 5,594 കോടി രൂപയാണ് ബി ജെ പി സമാഹരിച്ചത്.
രണ്ടാം സ്ഥാനത്തുള്ള തൃണമൂല്‍ കോണ്‍ഗ്രസ്സിനേക്കാള്‍ (1,592 കോടി രൂപ) മൂന്നിരട്ടിയാണ് ബി ജെ പി കൈക്കലാക്കിയത്. കോണ്‍ഗ്രസ്സിന് ലഭിച്ചതിനേക്കാള്‍ (1,351 കോടി രൂപ) നാലിരട്ടിയിലധികം വരുമിത്. പട്ടികയില്‍ നാലാമതുള്ളത് മുന്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ ഭാരത് രാഷ്ട്ര സമിതിയാണ്.

എസ് ബി ഐ നേരത്തേ നല്‍കിയ രണ്ട് പട്ടികകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ മാസം 14ന് പുറത്ത് വിട്ടിരുന്നു. ഇവയില്‍ ദാതാക്കളുടെ വിവരങ്ങള്‍, ബോണ്ട് വാങ്ങിയതും തീയതിയും, ബോണ്ട് പണമാക്കിയ പാര്‍ട്ടികള്‍ എന്നിവയാണ് ഉണ്ടായിരുന്നത്. എന്നാല്‍, ദാതാവിനെയും രാഷ്ട്രീയ പാര്‍ട്ടിയെയും ബന്ധിപ്പിക്കുന്ന ആല്‍ഫാ ന്യൂമറിക് കോഡുകള്‍ ബേങ്ക് മറച്ചു വെക്കുകയായിരുന്നു.

ബി ജെ പിയെ സംരക്ഷിക്കാനുള്ള അവസാന ശ്രമമായി ഇത് വ്യാഖ്യാനിക്കപ്പെട്ടു. ഇലക്ടറല്‍ ബോണ്ടുകളുടെ രഹസ്യാത്മകത മുഴുവന്‍ കിടക്കുന്നത് അവിടെയായിരുന്നു. ഈ രഹസ്യപ്പൂട്ട് പൊളിക്കുന്നതില്‍ നിന്ന് ഒഴിവാകാനാണ് എസ് ബി ഐ അവസാന നിമിഷം വരെ ശ്രമിച്ചത്. ഇതേത്തുടര്‍ന്ന് എസ് ബി ഐക്കെതിരെ സുപ്രീം കോടതി രൂക്ഷവിമര്‍ശം നടത്തി. ഇതോടെയാണ് ബോണ്ട് നമ്പറുകള്‍ കൈമാറാന്‍ എസ് ബി ഐ നിര്‍ബന്ധിതരായത്.

 

 

 

Latest