Connect with us

Articles

ഗോയലിന്റെ രാജിക്ക് പിന്നില്‍ ഇലക്ടറല്‍ ബോണ്ട് കേസ്?

അരുണ്‍ ഗോയലിന് 2027 ഡിസംബര്‍ അഞ്ച് വരെ കാലാവധി ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ രാജി ഇതിന് മുമ്പുണ്ടായത് 2020ല്‍ ആയിരുന്നു. അന്ന് അശോക് ലാവാസ ആ സ്ഥാനം ഒഴിഞ്ഞത് ഏഷ്യന്‍ വികസന ബേങ്കില്‍ (എ ഡി ബി) ചേരാന്‍ വേണ്ടിയായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ രാജിക്ക് അത്തരം ഒരു കാരണവും പറഞ്ഞിട്ടില്ലെന്നത് ശ്രദ്ധേയമാണ്. കേവലം വ്യക്തിപരമായ കാരണങ്ങളാല്‍ എന്നാണ് പുറത്ത് പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഈ രാജിക്ക് അതിലേറെ സവിശേഷതകള്‍ ഉണ്ട്.

Published

|

Last Updated

ഒരു ജനാധിപത്യ വ്യവസ്ഥയെ തകര്‍ക്കാന്‍ അതിന്റെ ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും തകര്‍ക്കുകയാണ് വേണ്ടതെന്ന് ഏറ്റവും നന്നായി അറിയാവുന്ന സര്‍ക്കാറാണ് കേന്ദ്രം ഭരിക്കുന്നത്. അവര്‍ മുന്നോട്ടുവെക്കുന്ന വര്‍ഗീയ, വിഭജന, വിദ്വേഷ പ്രത്യയശാസ്ത്രത്തോളമോ അതിനേക്കാളേറെയോ അപകടകരമാണ് ഭരണഘടനയോടും അതിന്റെ സ്ഥാപനങ്ങളോടുമുള്ള സമീപനം. ഏറ്റവുമൊടുവില്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണറായ അരുണ്‍ ഗോയല്‍ രാജിവെച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ രാജി മാര്‍ച്ച് ഒമ്പതിന് സ്വീകരിച്ചതായി രാഷ്ട്രപതിയുടെ വിജ്ഞാപനവും വന്നിരിക്കുന്നു. 1985 ബാച്ചിലെ പഞ്ചാബ് കേഡറിലെ ഐ എ എസ് ഉദ്യോഗസ്ഥനായ അരുണ്‍ ഗോയലിന് 2027 ഡിസംബര്‍ അഞ്ച് വരെ കാലാവധി ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ രാജി ഇതിന് മുമ്പുണ്ടായത് 2020ല്‍ ആയിരുന്നു. അന്ന് അശോക് ലാവാസ എന്ന ഉദ്യോഗസ്ഥന്‍ ആ സ്ഥാനം ഒഴിഞ്ഞത് ഫിലിപ്പൈന്‍സിലെ മനില ആസ്ഥാനമായ ഏഷ്യന്‍ വികസന ബേങ്കില്‍ (എ ഡി ബി) ചേരാന്‍ വേണ്ടിയായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ രാജിക്ക് അത്തരം ഒരു കാരണവും പറഞ്ഞിട്ടില്ലെന്നത് ശ്രദ്ധേയമാണ്. കേവലം വ്യക്തിപരമായ കാരണങ്ങളാല്‍ എന്നാണ് പുറത്ത് പറഞ്ഞിരിക്കുന്നത്.
എന്നാല്‍ ഈ രാജിക്ക് അതിലേറെ സവിശേഷതകള്‍ ഉണ്ട്. 2024 മെയ് മാസത്തില്‍ പുതിയ ലോക്‌സഭ രൂപം കൊള്ളണം. അതിനായുള്ള തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഏത് ദിവസവും വരാം എന്ന പ്രതീക്ഷയിലാണ് രാജ്യത്തെ ജനങ്ങളും രാഷ്ട്രീയ കക്ഷികളും. അതിനായി വിവിധ സംസ്ഥാനങ്ങളില്‍ കമ്മീഷന്‍ സഞ്ചരിച്ച് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. ഇനി പ്രഖ്യാപനമാണ് ഉണ്ടാകേണ്ടത്. പക്ഷേ, മൂന്നംഗങ്ങള്‍ ഉണ്ടാകേണ്ട കമ്മീഷനില്‍ ഇപ്പോള്‍ കേവലം അതിന്റെ അധ്യക്ഷന്‍ രാജീവ് കുമാര്‍ മാത്രമാണുള്ളത്. മൂന്നാമത്തെ അംഗത്തെ നിയമിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായതുമില്ല.

അരുണ്‍ ഗോയലിന്റെ നിയമനം തന്നെ ഏറെ വിവാദത്തിലായിരുന്നു എന്നും ഓര്‍ക്കണം. 2022 ഡിസംബര്‍ 31ന് റിട്ടയര്‍ ചെയ്യാനിരുന്ന, ഖന വ്യവസായ വകുപ്പില്‍ ജോലി ചെയ്തിരുന്ന അരുണ്‍ ഗോയല്‍ അതേ വര്‍ഷം നവംബര്‍ 18ന് (ഒരു മാസം മുമ്പ്) സ്വയം വിരമിക്കല്‍ പദ്ധതി അനുസരിച്ച് പിരിഞ്ഞു പോരുന്നു. പിറ്റേന്ന് തന്നെ അദ്ദേഹത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗമായി നിയമിക്കുന്നു. ഇദ്ദേഹത്തിന്റെ നിയമനത്തെ ചോദ്യം ചെയ്തു കൊണ്ട് എ ഡി ആര്‍ (അസ്സോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്‌സ്) എന്ന സന്നദ്ധ സംഘടന സുപ്രീം കോടതിയില്‍ പോയി. ഇത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുതാര്യതയും സ്വാതന്ത്ര്യവും ലംഘിക്കുന്ന നടപടിയാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നുമാണ് സംഘടന വാദിച്ചത്. സ്വയം വിരമിക്കലിന്റെ പിറ്റേന്ന് തന്നെ ഇങ്ങനെ ഒരു നിയമനം കിട്ടാന്‍ അരുണ്‍ ഗോയല്‍ ഒരു ത്രികാലജ്ഞാനി ആയിരിക്കണം എന്നും ഹരജിയില്‍ കളിയാക്കിയിരുന്നു. എന്നാല്‍ 2022ല്‍ ഈ സര്‍ക്കാര്‍ പാസ്സാക്കിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെയും മറ്റു അംഗങ്ങളുടെയും നിയമനവും സേവന വ്യവസ്ഥകളും സംബന്ധിച്ച വിവാദ നിയമം അനുസരിച്ച് ഇദ്ദേഹത്തിന്റെ നിയമനം സാധുവാണെന്ന് കോടതി വിലയിരുത്തുകയായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നതിനുള്ള സമിതിയിലെ അംഗങ്ങളായി പ്രധാനമന്ത്രി, അദ്ദേഹം നിശ്ചയിക്കുന്ന മറ്റൊരു മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരാണുണ്ടാകുക എന്നതാണ് ആ നിയമ ഭേദഗതി. സുപ്രീം കോടതി ചീഫ് ജസ്റ്റിസും അതില്‍ അംഗമായിരുന്നു. അദ്ദേഹത്തെയാണ് ഒഴിവാക്കിയത് (സിനിമയില്‍ പറഞ്ഞത് പോലെ ഞാനും ജ്യേഷ്ഠനും പെങ്ങളും അംഗങ്ങളായ സമിതി). സര്‍ക്കാറിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉള്ളപ്പോള്‍ അവര്‍ക്കിഷ്ടപ്പെട്ട ആളെ നിയമിക്കാം. പ്രസിഡന്റാണ് ഔപചാരികമായി നിയമനം നടത്തുന്നതെന്നു മാത്രം.

ഇനി എന്ത് സംഭവിക്കും? ആദ്യമായി ഒരു സെര്‍ച്ച് (അന്വേഷണ) കമ്മിറ്റി ഉണ്ടാക്കണം. നിയമ മന്ത്രിയും രണ്ട് കേന്ദ്ര സെക്രട്ടറിമാരും അംഗങ്ങളായ സമിതി അഞ്ച് പേരുകള്‍ നിര്‍ദേശിക്കണം. അതില്‍ നിന്നാണ് പ്രധാനമന്ത്രിയും മറ്റൊരു മന്ത്രിയും പ്രതിപക്ഷ നേതാവും ഉള്‍പ്പെടുന്ന സമിതി നിയമനം നടത്തേണ്ടത്. സ്വാഭാവികമായും പ്രതിപക്ഷം ഈ സംഭവത്തെ വളരെ ഗൗരവമായാണ് കാണുന്നത്. ഇപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നതില്‍ നിന്ന് “സി’ എന്ന അക്ഷരം പോയി. അപ്പോള്‍ ഇംഗ്ലീഷില്‍ ഒമിഷന്‍ (ഒഴിവാക്കല്‍) കമ്മീഷന്‍ ആകും എന്നാണ് കോണ്‍ഗ്രസ്സ് അഖിലേന്ത്യാ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞത്. “ഏറെക്കാലമായി ഞങ്ങള്‍ പറയുന്നത് പോലെ ജനാധിപത്യത്തിലെ സ്വതന്ത്ര സ്ഥാപനങ്ങളെ അതിവേഗത്തില്‍ ഇല്ലാതാക്കുക എന്നത് ഈ ഏകാധിപത്യ സര്‍ക്കാര്‍ തുടരുകയാണ്’- ഖാര്‍ഗെ പറയുന്നു. ഈ അവസ്ഥ സംബന്ധിച്ച് സര്‍ക്കാറിന്റെ കൃത്യമായ വിശദീകരണം വേണം എന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
2019ലെ തിരഞ്ഞെടുപ്പ് പ്രക്രിയകളുമായി ബന്ധപ്പെട്ടു കൊണ്ട് സര്‍ക്കാറുമായുള്ള കടുത്ത അഭിപ്രായവ്യത്യാസം മൂലമാണ് 2020ല്‍ അശോക് ലാവാസ സ്ഥാനമൊഴിഞ്ഞ് എ ഡി ബിയില്‍ ചേര്‍ന്നതെന്ന് അന്ന് തന്നെ ശക്തമായ ആരോപണം ഉണ്ടായിരുന്നത് ഓര്‍മിപ്പിക്കുകയായിരുന്നു കോണ്‍ഗ്രസ്സ് സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. തങ്ങള്‍ക്ക് താത്പര്യമുള്ള രണ്ട് അംഗങ്ങളെ കമ്മീഷനില്‍ നിയമിക്കാനുള്ള ഗൂഢ തന്ത്രമാണിതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവ് സാകേത് ഗോഖലെയും പറഞ്ഞു. അരുണ്‍ ഗോയല്‍ ബി ജെ പി ടിക്കറ്റില്‍ മത്സരിച്ചേക്കും എന്നാണ് ജയ്റാം രമേശ് കളിയാക്കിയത്.
തിരഞ്ഞെടുപ്പ് ബോണ്ട് കേസില്‍ അഭിപ്രായവ്യത്യാസമോ?
ആരോഗ്യ കാരണങ്ങളാലല്ല രാജി എന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുമായുള്ള (രാജീവ് കുമാര്‍) അഭിപ്രായവ്യത്യാസമാണ് കാരണമെന്നുമാണ് ഇവരുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഇതിനിടയില്‍ തിരഞ്ഞെടുപ്പ് ബോണ്ടുമായി ബന്ധപ്പെട്ട് കൊണ്ടുള്ള സുപ്രീം കോടതി ഇടപെടലും ഇതിന്റെ പിന്നില്‍ ഉണ്ടാകാമെന്ന് പലരും സംശയിക്കുന്നു. 2017ല്‍ കേന്ദ്ര സര്‍ക്കാര്‍ ഉണ്ടാക്കിയ നിയമം അനുസരിച്ച് ഇന്ത്യയിലെ കോര്‍പറേറ്റുകള്‍ക്ക് രാഷ്ട്രീയ കക്ഷികള്‍ക്കുള്ള സംഭാവനകള്‍ ബോണ്ടുകളായി നല്‍കാമെന്ന് വന്നു. സ്റ്റേറ്റ് ബേങ്കിനെയാണ് അതിനായി ചുമതലപ്പെടുത്തിയത്. ഇങ്ങനെ കമ്പനികള്‍ നല്‍കുന്ന പണം രഹസ്യമായി സൂക്ഷിക്കണമെന്നും നിയമത്തില്‍ പറയുന്നു. ഏതൊക്കെ സ്ഥാപനം ആര്‍ക്കൊക്കെ എത്രയൊക്കെ പണം നല്‍കിയിട്ടുണ്ട് എന്ന് പൊതുജനം അറിയരുത് എന്നര്‍ഥം. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് എ ഡി ആര്‍ എന്ന സംഘടനയും മറ്റു പലരും സുപ്രീം കോടതിയെ സമീപിച്ചു. ഈ നിയമം അനുസരിച്ച് ആരെല്ലാം ആര്‍ക്കൊക്കെ എത്ര പണം നല്‍കിയെന്ന വിവരം അറിയുക ബേങ്കിനാണ്. ആ ബേങ്കിന്റെ പൂര്‍ണ നിയന്ത്രണം കേന്ദ്ര സര്‍ക്കാറിനാണ്. അപ്പോള്‍ ഇതില്‍ തുല്യത എന്ന തത്ത്വത്തിന്റെ ലംഘനം ഉണ്ടെന്നായിരുന്നു അവരുടെ ഹരജികള്‍ വന്നത്. അതും ഒരു തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പായിരുന്നു. ചീഫ് ജസ്റ്റിസ് ഗോഗോയ് അധ്യക്ഷനായ ബഞ്ച് നിയമം റദ്ദാക്കാന്‍ തയ്യാറായില്ല. പകരം ഒരു വ്യവസ്ഥ വെച്ചു. ഈ ബോണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ (ആരെല്ലാം എത്രയെല്ലാം തുകകള്‍ ആര്‍ക്കെല്ലാം നല്‍കി എന്നത്) ബേങ്ക് തയ്യാറാക്കി സൂക്ഷിക്കണമെന്നും കോടതി എപ്പോള്‍ ആവശ്യപ്പെട്ടാലും നല്‍കാന്‍ തയ്യാറായിരിക്കണമെന്നുമാണ് ആ ഇടക്കാല വിധി.
ഈ കഴിഞ്ഞ ഫെബ്രുവരി 15ന് ആ കേസില്‍ അന്തിമ വിധി വന്നു. ഇത്തരം തിരഞ്ഞെടുപ്പ് ബോണ്ടുകള്‍ നിയമവിരുദ്ധമാണ് എന്നായിരുന്നു വിധി. മാത്രവുമല്ല ഇതുവരെ ലഭിച്ച ബോണ്ടുകളുടെ വിശദ വിവരങ്ങള്‍ മാര്‍ച്ച് ആറിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കാനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ വിധി വന്ന് 17 ദിവസം പിന്നിടുമ്പോള്‍ ബേങ്ക് സുപ്രീം കോടതിയോട് പറയുന്നു, ഈ വിവരങ്ങള്‍ തയ്യാറാക്കാന്‍ മൂന്ന് മാസങ്ങള്‍ വേണമെന്നും ജൂണ്‍ 30ന് മുമ്പ് ഇത് നല്‍കാനാകില്ലെന്നും. ഇത്തരത്തിലുള്ള 44,000ത്തില്‍ അധികം അക്കൗണ്ടുകള്‍ ഉണ്ടെന്നും അവയുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഇത്ര സമയം വേണമെന്നുമുള്ള അവരുടെ വാദത്തെ ബേങ്കിംഗ് രംഗത്തെക്കുറിച്ച് പ്രാഥമിക ജ്ഞാനമുള്ളവര്‍ തള്ളിക്കളയുകയാണ്. 48 കോടി അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്ന, പൂര്‍ണമായും ഡിജിറ്റലാക്കിയെന്ന് അഹങ്കാരത്തോടെ അവകാശപ്പെടുന്ന ഒരു ബേങ്കാണിത്. ഒരു ദിവസം തന്നെ ദശലക്ഷക്കണക്കിന് അക്കൗണ്ടുകള്‍ അവര്‍ കൈകാര്യം ചെയ്യുന്നു. ഈ കുറഞ്ഞ അക്കൗണ്ടുകളുടെ വിവരങ്ങള്‍ നല്‍കാന്‍ കേവലം മണിക്കൂറുകള്‍ മതി. ഏറിയാല്‍ രണ്ടോ മൂന്നോ ദിവസം. അതുകൊണ്ട് തന്നെ ജൂണ്‍ 30 എന്നത് ബേങ്കിന്റെ ആവശ്യമല്ല, മറിച്ച് കേന്ദ്ര സര്‍ക്കാറിന്റെ താത്പര്യമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഇത് പുറത്തുവരാന്‍ പാടില്ല. 2022-23 വര്‍ഷത്തില്‍ വന്ന ബോണ്ടുകളില്‍ 95 ശതമാനവും കേന്ദ്ര ഭരണ കക്ഷിയായ ബി ജെ പിക്കാണ് എന്ന വിവരം പുറത്തുവന്നാല്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ അവര്‍ക്കറിയാം. പ്രധാനമന്ത്രി പറയുന്നത് പോലെ കേവലം കുചേലന്‍ കൃഷ്ണനെ കാണാന്‍ ചെല്ലുമ്പോള്‍ കൊടുത്ത കല്ലും നെല്ലും നിറഞ്ഞ അവിലല്ല, പതിനായിരക്കണക്കിന് കോടികളാണ്.

ബോണ്ട്് കേസില്‍ സുപ്രീം കോടതി ഉടനെ തീരുമാനമെടുത്തേക്കാം. ബേങ്കിന്റെ ഈ അപേക്ഷ അംഗീകരിക്കപ്പെടാന്‍ സാധ്യതയില്ല. അത് അംഗീകരിച്ചാല്‍ സുപ്രീം കോടതി തന്നെ സ്വയം തരം താഴുകയാകും ഫലം. തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടക്കുന്നതിനു മുമ്പ് തന്നെ ഈ വിവരങ്ങള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബേങ്കിനെതിരെ കോടതിയലക്ഷ്യ ഹരജി നല്‍കിയിട്ടുമുണ്ട് എ ഡി ആര്‍. തങ്ങളുടെ വിധി ഉടന്‍ നടപ്പാക്കണമെന്ന് കോടതി ആവശ്യപ്പെട്ടാല്‍ എന്ത് ചെയ്യും എന്ന ചോദ്യം തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലുണ്ട്. ഈ കേസില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടും പ്രധാനമാണ്. വിവരങ്ങള്‍ കിട്ടിയാല്‍ അത് പുറത്തുവിടാതിരിക്കാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ഈ വിഷയത്തില്‍ അരുണ്‍ ഗോയലിന് എന്ത് നിലപാടെടുക്കാന്‍ കഴിയും? ഈ തര്‍ക്കമാകാം അദ്ദേഹത്തിന്റെ രാജിക്ക് കാരണം എന്ന ഊഹം ശരിയാകാനാണ് സാധ്യത.
പതിവു പോലെ പ്രധാനമന്ത്രി മാധ്യമങ്ങളോട് ഒന്നും പറയില്ല. സര്‍ക്കാറിന്റെ മുഖം അതിവൈകൃതമാകുന്ന നിരവധി വിഷയങ്ങള്‍ വന്നിട്ടും അദ്ദേഹം മിണ്ടിയില്ല. പക്ഷേ, ഒരു ജനാധിപത്യ വ്യവസ്ഥയുടെ ആണിക്കല്ലായ തിരഞ്ഞെടുപ്പും അതിലെ സുതാര്യതയും നശിപ്പിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല.