National
ഇലക്ടറല്‍ ബോണ്ട് കേസ്; തിരിച്ചറിയല്‍ നമ്പര്‍ ഉള്‍പ്പടെ എല്ലാ വിവരങ്ങളും എസ്.ബി.ഐ പുറത്തുവിടണമെന്ന് സുപ്രീംകോടതി
വ്യാഴാഴ്ചക്കകം എല്ലാം വെളിപ്പെടുത്തിയെന്ന് എസ്.ബി.ഐ സത്യവാങ്മൂലം നല്‍കാനും കോടതി നിര്‍ദേശിച്ചു.
ന്യൂഡല്‍ഹി| ഇലക്ടറല്‍ ബോണ്ട് കേസില്‍ തിരിച്ചറിയല്‍ നമ്പര്‍ ഉള്‍പ്പടെ എല്ലാ വിവരങ്ങളും നല്‍കാന്‍ എസ്ബിഐക്ക് നിര്‍ദേശം നല്‍കി സുപ്രീംകോടതി. ഓരോ വിവരങ്ങളും പുറത്തുവിടാന്‍ കോടതി ആവശ്യപ്പെടണമെന്ന നിലയ്ക്കാണ് എസ്.ബി.ഐയുടെ സമീപനമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വിമര്‍ശിച്ചു. എസ്.ബി.ഐ കോടതിയോട് സത്യസന്ധവും നീതിപൂര്‍വവുമായ നിലപാട് സ്വീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. വ്യാഴാഴ്ചക്കകം എല്ലാം വെളിപ്പെടുത്തിയെന്ന് എസ്.ബി.ഐ സത്യവാങ്മൂലം നല്‍കാനും കോടതി നിര്‍ദേശിച്ചു.
ഓരോ ബോണ്ടിലെയും സവിശേഷ തിരിച്ചറിയല്‍ നമ്പരുകള്‍ പുറത്തുവന്നാല്‍ ഏത് ബോണ്ട് ഏതു രാഷ്ട്രീയപാര്‍ട്ടിക്ക് ലഭിച്ചുവെന്ന് കണ്ടെത്താന്‍ സാധിക്കും. ഇന്നത്തെ വിധിയോടെ ബോണ്ട് നമ്പറുകള്‍ കൈമാറാന്‍ എസ്.ബി.ഐ നിര്‍ബന്ധിതരായിരിക്കുകയാണ്. ഇലക്ടറല്‍ ബോണ്ടിന്റെ വിശദാശംങ്ങള്‍ വെളിപ്പെടുത്താന്‍ ഫെബ്രുവരി പതിനഞ്ചിനാണ് സുപ്രീംകോടതി എസ്.ബി.ഐയോട് ആവശ്യപ്പെട്ടത്. എന്നാല്‍ വിവരങ്ങള്‍ നല്‍കുന്നതിന് സാവകാശം ചോദിച്ച എസ്ബിഐയുടെ അപേക്ഷ കോടതി തള്ളുകയായിരുന്നു. തുടര്‍ന്നാണ് ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നത്.
ഇലക്ടറല്‍ ബോണ്ട് വാങ്ങിയവരുടെ വിവരങ്ങള്‍, ബോണ്ട് സ്വീകരിച്ച രാഷ്ട്രീയപാര്‍ട്ടികളുടെ വിവരങ്ങള്‍, ഓരോ ബോണ്ടിന്റെയും യുണീക് നമ്പര്‍ എന്നിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറാന്‍ എസ്ബിഐയോട് ആവശ്യപ്പെട്ടിരുന്നത്. കോടികളുടെ ഇലക്ടറല്‍ ബോണ്ട് വാങ്ങിയ കമ്പനികളുടെ പേരുകളും പണം മാറിയെടുത്ത രാഷ്്ട്രീയപാര്‍ട്ടികളുടെ പേരുകളും പുറത്തുവന്നു. എന്നാല്‍ ബോണ്ടുകളുടെ നമ്പര്‍ എസ്ബിഐ കൈമാറിയില്ല.