National
ഇലക്ടറല്‍ ബോണ്ട് കേസ്; എസ്.ബി.ഐയുടെ ഹരജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ഇലക്ടറല്‍ ബോണ്ടുകളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ ജൂണ്‍ 30 വരെ സമയം നീട്ടി ചോദിച്ചുള്ള എസ്.ബി.ഐയുടെ ഹരജിയും എസ്.ബി.ഐക്ക് എതിരായ കോടതിയലക്ഷ്യ ഹരജിയുമാണ് ഇന്ന് സുപ്രീംകോടതി പരിഗണിക്കുക.
ന്യൂഡല്‍ഹി|സുപ്രീംകോടതി റദ്ദുചെയ്ത ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട ഹരജികള്‍ ഇന്ന് പരിഗണിക്കും. ഇലക്ടറല്‍ ബോണ്ടുകളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ ജൂണ്‍ 30 വരെ സമയം നീട്ടി ചോദിച്ചുള്ള എസ്.ബി.ഐയുടെ ഹരജിയും എസ്.ബി.ഐക്ക് എതിരായ കോടതിയലക്ഷ്യ ഹരജിയുമാണ് ഇന്ന് സുപ്രീംകോടതി പരിഗണിക്കുക.
2019 ഏപ്രില്‍ 12ന് ശേഷമുള്ള ഇലക്ടറല്‍ ബോണ്ടുകളെ സംബന്ധിക്കുന്ന വിവരങ്ങള്‍ എസ്.ബി.ഐ തെരഞ്ഞെടുപ്പ് കമീഷന് നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. മാര്‍ച്ച് ആറിന് ഇലക്ടറല്‍ ബോണ്ട് സംബന്ധിക്കുന്ന മുഴുവന്‍ വിവരങ്ങളും നല്‍കണമെന്നായിരുന്നു എസ്.ബി.ഐക്ക് ലഭിച്ച നിര്‍ദേശം. സുപ്രീംകോടതി നല്‍കിയ സമയപരിധി അവസാനിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് ഹരജി നല്‍കിയത്. കോടതിയുടെ നിര്‍ദേശം എസ്.ബി.ഐ അനുസരിച്ചില്ലെന്നാണ് ഹരജിയില്‍ പറയുന്നത്.
സമയം ദീര്‍ഘിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ച് മാര്‍ച്ച് നാലിന് എസ്.ബി.ഐ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. എസ്.ബി.ഐക്ക് കോടതി സമയം നീട്ടി നല്‍കുകയാണെങ്കില്‍ ഇലക്ട്രല്‍ ബോണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും പുറത്തിറങ്ങുക.