Kasargod
തിരഞ്ഞെടുപ്പ് തോല്‍വി; ഇ പിക്കെതിരെ കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം
ഇ പിയുടെ ബി ജെ പി അനുകൂല നിലപാടുകള്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയതായി യോഗത്തില്‍ പങ്കെടുത്ത അംഗങ്ങളില്‍ ചിലര്‍ തുറന്നടിച്ചു.
കാസര്‍കോട് | ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ ചേര്‍ന്ന സി പി എം കാസര്‍കോട് ജില്ലാ കമ്മിറ്റി യോഗത്തില്‍ കണ്‍വീനര്‍ ഇ പി ജയരാജനെതിരെ രൂക്ഷ വിമര്‍ശനം. ഇ പിയുടെ ബി ജെ പി അനുകൂല നിലപാടുകള്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയതായി യോഗത്തില്‍ പങ്കെടുത്ത അംഗങ്ങളില്‍ ചിലര്‍ തുറന്നടിച്ചു. സ്ഥാനാര്‍ഥി നിര്‍ണയത്തിലും, പ്രചരണങ്ങളിലും പാളിച്ചയുണ്ടായതായും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
ഇ പി ജയരാജന് പ്രത്യേക ചുമതലയുണ്ടായിരുന്ന ലോക്‌സഭാ മണ്ഡലമാണ് കാസര്‍കോട്. ഇടത് കോട്ടയെന്ന് അറിയപ്പെട്ടിരുന്ന കാസര്‍കോട് മണ്ഡലത്തില്‍ പാര്‍ട്ടി വോട്ടുകള്‍ ചോര്‍ന്നുവെന്നും ചില അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ മറ്റ് ചില ജില്ലാ കമ്മിറ്റികളിലും സമാനരീതിയിലുള്ള വിമര്‍ശനങ്ങളാണ് സര്‍ക്കാരിനും, പാര്‍ട്ടിക്കും നേരെ ഉയര്‍ന്നത്. മുന്‍ മന്ത്രി കെ കെ ശൈലജയും കമ്മിറ്റിയില്‍ പങ്കെടുത്തിരുന്നു.