National
തിരഞ്ഞെടുപ്പ് ക്രമക്കേട്; കര്‍ണാടക എംഎല്‍എയെ അയോഗ്യനാക്കി
എംഎല്‍എയ്ക്ക് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ അനുവദിച്ചുകൊണ്ട് കോടതി അയോഗ്യത ഒരു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു.
ബംഗളൂരു| കര്‍ണാടകയിലെ തുംകുരു റൂറല്‍ മണ്ഡലത്തില്‍ നിന്നുള്ള ജെഡിഎസ് എംഎല്‍എ. ഡി സി ഗൗരിശങ്കര്‍ സ്വാമിയെ കര്‍ണാടക ഹൈക്കോടതി ഇന്നലെ അയോഗ്യനാക്കി. എന്നാല്‍ സ്വാമിയെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ അനുവദിച്ചുകൊണ്ട് കോടതി അയോഗ്യത ഒരു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു.
2018-ലെ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് വ്യാജ ഇന്‍ഷുറന്‍സ് ബോണ്ടുകള്‍ വിതരണം ചെയ്തെന്ന് ആരോപിച്ചായിരുന്നു സ്വാമിക്കെതിരായ ഹര്‍ജി. ബിജെപി സ്ഥാനാര്‍ഥി ബി സുരേഷ് ഗൗഡയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഗൗഡ പരാതി കൊടുത്ത് ഏകദേശം അഞ്ച് വര്‍ഷത്തിന് ശേഷമാണ് സെക്ഷന്‍ 101 പ്രകാരമുള്ള ഈ അയോഗ്യത വിധി.
എന്നാല്‍ കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ഉത്തരവ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന് സ്വാമിക്കുവേണ്ടി അഭിഭാഷകനായ ഹേമന്ത് രാജ് ആവശ്യപ്പെട്ടു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് സ്വാമി പദ്ധതിയിട്ടിരിക്കുന്നതെന്നും ഹൈക്കോടതിയെ അറിയിച്ചു. പരാതിക്കാരനായ ഗൗഡയുടെ അഭിഭാഷകന്‍ ഈ ആവശ്യത്തെ എതിര്‍ത്തെങ്കിലും ഹൈക്കോടതി ഹരജി അനുവദിക്കുകയും ഉത്തരവ് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.
സ്വാമിയെക്കൂടാതെ മറ്റ് പ്രതികളായ ബാലനേത്രയ്യ, അരേഹള്ളി മഞ്ജുനാഥ്, കൃഷ്ണഗൗഡ, രേണുകമ്മ, സുനന്ദ എന്നിവരും കേസില്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഉത്തരവ് സസ്പെന്‍ഡ് ചെയ്തത് സ്വാമിയുടെ കാര്യത്തില്‍ മാത്രമാണെന്നും മറ്റ് പ്രതികള്‍ക്കല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
്ര