Uae
അബൂദബിയില്‍ ഇലക്ട്രിക് ബസുകള്‍ സജ്ജം; അടുത്ത വര്‍ഷം ഗതാഗതത്തിനിറക്കും
അബൂദബി | അടുത്ത വര്‍ഷം അവസാനത്തോടെ അബൂദബിയില്‍ ഗതാഗതം നടത്താന്‍ സജ്ജമായ ഇലക്ട്രിക്ക് ബസുകള്‍ പ്രദര്‍ശിപ്പിച്ചു. സ്‌കൂള്‍ ബസുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഡീസല്‍ വാഹനങ്ങള്‍ക്കും മറ്റ് മലിനീകരണ വാഹനങ്ങള്‍ക്കും പകരമാവുന്ന പദ്ധതിയുടെ തുടക്കമാണിതെന്ന് അധികൃതര്‍ അറിയിച്ചു. ഇലക്ട്രിക് കാറുകള്‍, വാനുകള്‍, ലോറികള്‍ എന്നിവ ട്രയല്‍ ചെയ്യാനും പദ്ധതിയുണ്ടെന്ന് പദ്ധതിക്ക് പിന്നിലുള്ള കമ്പനികള്‍ പറഞ്ഞു. അബൂദബി നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിച്ച പുതിയ ബസുകള്‍ ബുധനാഴ്ച തലസ്ഥാനത്ത് നടന്ന ലോഞ്ചിംഗ് ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. അല്‍ ഫാഹിം ഗ്രൂപ്പിന്റെ ഭാഗമായ എമിറേറ്റ്സ് ഗ്ലോബല്‍ മോട്ടോര്‍ ഇലക്ട്രിക്, പവര്‍ ഗ്രിഡുകളിലെ വിദഗ്ധരായ ഹിറ്റാച്ചി എനര്‍ജി, ബാറ്ററി നിര്‍മാതാക്കളായ യിന്‍ലോങ് എനര്‍ജി എന്നിവ തമ്മിലുള്ള സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
പൊതു ഗതാഗതത്തിനായി 34 സീറ്റുള്ള ബസും വിനോദ സഞ്ചാരത്തിന് 30 സീറ്റുള്ള ബസുമാണ് ഇറക്കിയത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 95 കി മീറ്റര്‍ സഞ്ചരിക്കും. ബസ് സ്റ്റോപ്പില്‍ നിര്‍ത്തുന്നതിനിടെ 10 സെക്കന്‍ഡിനകം ബാറ്ററി ചാര്‍ജ് ചെയ്യാവുന്ന ലോകത്തെ ഏറ്റവും വേഗമേറിയ ഫല്‍ഷ് ചാര്‍ജിങ് സംവിധാനമുണ്ട്. ബസ് സ്റ്റോപ്പിലും ഡിപ്പോയിലും ചാര്‍ജിങ് ചെയ്യാം. 25 വര്‍ഷം വരെ ഉപയോഗിക്കാവുന്ന ബാറ്റിയില്‍ നിമിഷങ്ങള്‍ക്കകം 70 ശതമാനത്തിലേറെ ചാര്‍ജ് ചെയ്യാം. 320 കിലോവാട്ട് ശേഷിയുള്ള ബാറ്ററി 20 മിനുട്ട് കൊണ്ട് പൂര്‍ണമായും ചാര്‍ജാകും.
റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി, വോള്‍വോ ബസ് കമ്പനി, ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി, മെറാസ് റിയല്‍ എസ്റ്റേറ്റ്, ഇലക്ട്രിക് ബസ് ചാര്‍ജിംഗ് വ്യവസായത്തിലെ മുന്‍നിരയിലുള്ള എ ബി ബി ഗ്രൂപ്പ് എന്നിവയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ബഹുജന ഗതാഗത മാര്‍ഗങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ആര്‍ ടി എയുടെ ശ്രമങ്ങളെയാണ് ഈ നടപടി പ്രതിഫലിപ്പിക്കുന്നതെന്ന് ദുബൈ മീഡിയ ഓഫീസ് അറിയിച്ചു.