National
കര്‍ണാടകയിലെ വീട്ടില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ചു
സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് നിരവധി വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു.

ബെംഗളുരു| കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയില്‍ വീടിനുള്ളില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് നിരവധി വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു. വീടിനുളളില്‍ ഉണ്ടായവര്‍ക്ക് ആളപായമില്ല.
കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ മദ്ദൂര്‍ താലൂക്കിലെ വലഗെരെഹള്ളി ഗ്രാമത്തിലാണ് വീടിനുള്ളില്‍ ചാര്‍ജ്ജ് ചെയ്യുകയായിരുന്ന റൂട്ട് ഇലക്ട്രിക് കമ്പനിയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പ്ലഗിന്‍ ചെയ്ത് മിനിറ്റുകള്‍ക്കകം പൊട്ടിത്തെറിച്ചത്.
മാണ്ഡ്യയിലെ ഒരു ഷോറൂമില്‍ നിന്ന് ആറ് മാസം മുമ്പ് 85,000 രൂപയ്ക്ക് ഇ-സ്‌കൂട്ടര്‍ വാങ്ങിയ വാഹനത്തിന്റെ ഉടമ മുത്തുരാജ് ഇന്ന് രാവിലെ എട്ടരയോടെ ചാര്‍ജിനായി വീടിനുള്ളില്‍ വാഹനം പാര്‍ക്ക് ചെയ്തിരുന്നു. മിനിറ്റുകള്‍ക്കകം ബാറ്ററി പൊട്ടിത്തെറിക്കുകയും സ്‌കൂട്ടി കത്തിനശിക്കുകയും ചെയ്തു. അഞ്ച് പേര്‍ വീടിനുള്ളില്‍ ഉള്ളപ്പോഴായിരുന്നു സംഭവം.
ഭാഗ്യവശാല്‍, അപകടസമയത്ത് എല്ലാവരും സ്‌കൂട്ടറില്‍ നിന്ന് അകലെയായിരുന്നതിനാല്‍ രക്ഷപ്പെട്ടു. എന്നാല്‍ ഈ സ്ഫോടനത്തില്‍ ടിവി, ഫ്രിഡ്ജ്, ഡൈനിംഗ് ടേബിള്‍, മൊബൈല്‍ ഫോണുകള്‍, മറ്റ് സാധനങ്ങള്‍ എന്നിവ കത്തിനശിച്ചു.