Uae
യു എ ഇയില്‍ ഇലക്ട്രിക് വാഹന വിപണി മന്ദഗതിയില്‍
2030 ആകുമ്പോഴേക്കും 15 ശതമാനം മാത്രമേ ഇലക്ട്രിക് ആകുന്നുള്ളൂ. 50 ശതമാനം ലക്ഷ്യത്തിലെത്താന്‍ രാജ്യം രണ്ട് പതിറ്റാണ്ടിനുള്ളില്‍ ആ സംഖ്യ മൂന്നിരട്ടിയിലധികം വര്‍ധിപ്പിക്കേണ്ടതുണ്ട്.

ദുബൈ | 2050 ആകുമ്പോഴേക്കും കാറുകളില്‍ പകുതിയും ഇലക്ട്രിക് ആകാന്‍ യു എ ഇ ആഗ്രഹിക്കുന്നുവെങ്കിലും അടിസ്ഥാന സൗകര്യമൊരുക്കല്‍ മന്ദഗതിയിലെന്ന് റിപോര്‍ട്ട്. 2030 ആകുമ്പോഴേക്കും 15 ശതമാനം മാത്രമേ ഇലക്ട്രിക് ആകുന്നുള്ളൂ. 50 ശതമാനം ലക്ഷ്യത്തിലെത്താന്‍ രാജ്യം രണ്ട് പതിറ്റാണ്ടിനുള്ളില്‍ ആ സംഖ്യ മൂന്നിരട്ടിയിലധികം വര്‍ധിപ്പിക്കേണ്ടതുണ്ട്. കഴിഞ്ഞ വര്‍ഷം പുതിയ കാര്‍ വില്‍പനയുടെ ആറ് ശതമാനം മാത്രമാണ് ഇ വികള്‍. 2030 ആകുമ്പോഴേക്കും രാജ്യത്തെ വൈദ്യുത വാഹന വിപണി 1.63 കോടി ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
മാറ്റം വേഗത്തിലാക്കാന്‍ ലക്ഷ്യമിട്ട്, യു എ ഇ വൈദ്യുത വാഹന ഉടമസ്ഥത കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനുള്ള ആനുകൂല്യങ്ങള്‍ അവതരിപ്പിച്ചു. കൂടുതല്‍ ആളുകളെ വൈദ്യുത വാഹനങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിനായി ദുബൈ സ്വന്തം സമീപനം സ്വീകരിച്ചു. 2030 ആകുമ്പോഴേക്കും നഗരത്തിലെ 30 ശതമാനം വൈദ്യുത വാഹനങ്ങളാക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി, റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ) രണ്ട് വര്‍ഷത്തേക്ക് വിവിധ ലോട്ടുകളില്‍ വൈദ്യുത വാഹനങ്ങള്‍ക്ക് സൗജന്യ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ അനുവദിച്ചു. വാഹന രജിസ്‌ട്രേഷന് ആര്‍ ടി എ സൗജന്യ സാലിക് ടാഗും നല്‍കുന്നു. ദീവ ഇ വി ഗ്രീന്‍ ചാര്‍ജര്‍ ഇനിഷ്യേറ്റീവില്‍ ഇ വി ഡ്രൈവര്‍മാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍, അവരുടെ കാറുകള്‍ സൗജന്യമായി ചാര്‍ജ് ചെയ്യാമായിരുന്നു.
വൈദ്യുത വാഹന വിപ്ലവത്തിന് തുടക്കമിടാന്‍ അവ പര്യാപ്തമല്ല. ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ ലഭ്യതക്കുറവ്, വിപണിയില്‍ ഇലക്ട്രിക് മോഡലുകളുടെ അപര്യാപ്തത പ്രശ്‌നങ്ങളാണ്. ‘ശൈഖ് സായിദ് റോഡില്‍ ഇലക്ട്രിക് കാറുകള്‍ക്കായി മാത്രം ഒരു ഇ വി ലെയ്ന്‍ സ്ഥാപിക്കുകയാണെങ്കില്‍ പ്രോത്സാഹനമാകും. ഇടതുവശത്തെ ലെയ്ന്‍ നീക്കിവെക്കാം’- ഇ വി ലാബിന്റെ സ്ഥാപകനും സി ഇ ഒയുമായ കെവിന്‍ ചാല്‍ഹൂബ് പറഞ്ഞു.
സഊദി അറേബ്യ വലിയ മാറ്റം വരുത്തുന്നു. സര്‍ക്കാര്‍ വ്യക്തമായ നയങ്ങള്‍ രൂപപ്പെടുത്തി. അടിസ്ഥാന സൗകര്യങ്ങളില്‍ വന്‍തോതില്‍ നിക്ഷേപിച്ചു. ഉത്പാദനം മുതല്‍ ചാര്‍ജിംഗ് നെറ്റ്വര്‍ക്കുകള്‍ വരെയുള്ള മുഴുവന്‍ ഇ വി ആവാസവ്യവസ്ഥയുടെ വികസനത്തെയും ഇത് പിന്തുണയ്ക്കുന്നു. അതുവഴി വിതരണവും ഡിമാന്‍ഡിനൊപ്പം വളരും. 2030 ആകുമ്പോഴേക്കും സഊദിയില്‍ പുതിയ ലൈറ്റ് ഡ്യൂട്ടി വാഹന വില്‍പനയുടെ 30 ശതമാനത്തിലധികവും ഇലക്ട്രിക് കാറുകളായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2035 ആകുമ്പോഴേക്കും ആ സംഖ്യ 60 ശതമാനത്തിലെത്തും.