National
വൈദ്യുതിയും ഇന്റര്‍നെറ്റും വിച്ഛേദിച്ചു; ഡോക്യുമെന്ററി മൊബൈലിലും ലാപ്‌ടോപ്പിലും കണ്ട് ജെ എന്‍ യു വിദ്യാര്‍ഥികള്‍
രാത്രി ഒമ്പതിന് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനായിരുന്നു വിദ്യാര്‍ഥി യൂണിയന്റെ തീരുമാനം. ഇത് നടക്കാതിരിക്കാനാണ് വൈദ്യുതി വിച്ഛേദിച്ചത്.
ന്യൂഡല്‍ഹി | ബി ബി സിയുടെ വിവാദ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനുള്ള ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റി വിദ്യാര്‍ഥികളുടെ നീക്കത്തെ യൂണിയന്‍ ഓഫീസിലെ വൈദ്യുതി, ഇന്റര്‍നെറ്റ് കണക്ഷനുകള്‍ വിച്ഛേദിച്ച് തടഞ്ഞ് അധികൃതര്‍. ഇതേ തുടര്‍ന്ന് മൊബൈലിലും ലാപ്ടോപ്പിലുമായി വിദ്യാര്‍ഥികള്‍ ഡോക്യുമെന്ററി കണ്ടു. ജെ എന്‍ യു മേധാവികളുടെ വിലക്ക് ലംഘിച്ച് രാത്രി ഒമ്പതിന് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനായിരുന്നു വിദ്യാര്‍ഥി യൂണിയന്റെ തീരുമാനം. ഇത് നടക്കാതിരിക്കാനാണ് വൈദ്യുതി വിച്ഛേദിച്ചത്.
ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചാല്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ജെ എന്‍ യു ഭരണകൂടം മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍, ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നത് സര്‍വകലാശാലയുടെ നിയമങ്ങള്‍ക്കോ ചട്ടങ്ങള്‍ക്കോ വിരുദ്ധമല്ലെന്നും, സാമുദായിക ഐക്യത്തെ പ്രതികൂലമായി ബാധിക്കുന്നതല്ലെന്നുമുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു വിദ്യാര്‍ഥി യൂണിയന്‍.
പ്രധാന മന്ത്രി നരേന്ദ്ര മോദിയെയും ബി ജെ പി നേതാക്കളെയും അപമാനിക്കുന്നുവെന്ന പേരില്‍ വിവാദമായ ബി ബി സി ഡോക്യുമെന്ററിയുടെ ആദ്യ ഭാഗം രാജ്യത്തെ യുവജന സംഘടനകള്‍ പൊതുയിടങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
വിദ്യാര്‍ഥികള്‍ക്കു നേരെ കല്ലേറ്
ജെ എന്‍ യുവില്‍ വിദ്യാര്‍ഥികള്‍ക്കു നേരെ കല്ലേറ്. എ ബി വി പി പ്രവര്‍ത്തകരാണ് ഡോക്യുമെന്ററി കാണുകയായിരുന്ന വിദ്യാര്‍ഥികള്‍ക്കു നേരെ കല്ലെറിഞ്ഞത്.