Connect with us

Kerala

വൈദ്യുതി ഉപഭോഗം റെക്കോർഡിൽ; കരുതലോടെ ഉപയോഗിക്കാൻ നിർദേശം

തിങ്കളാഴ്ച വൈകിട്ട് ആറ് മുതൽ രാത്രി പത്ത് വരെയുള്ള പീക്ക് ഹവറിൽ 5,031 മെഗാവാട്ട് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്

Published

|

Last Updated

തിരുവനന്തപുരം | വേനൽ കടുത്തതോടെ, സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിൽ. തിങ്കളാഴ്ച വൈകിട്ട് ആറ് മുതൽ രാത്രി പത്ത് വരെയുള്ള പീക്ക് ഹവറിൽ 5,031 മെഗാവാട്ട് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. കഴിഞ്ഞ വർഷം 2023 ഏപ്രിൽ 18ന് രേഖപ്പെടുത്തിയ 5,024 മെഗാവാട്ടാണ് ഇതോടെ മറികടന്നിരിക്കുന്നത്. തിങ്കളാഴ്ച മാത്രം ഉപഭോഗം 100 ദശലക്ഷം യൂനിറ്റ് കടന്നു. വൈദ്യുതി ഉപഭോഗം ഈ നിലയിൽ തുടർന്നാൽ സംസ്ഥാനം വൈദ്യുതി ക്ഷാമത്തിലേക്ക് പോകുമെന്നാണ് കെ എസ് ഇ ബി വിലയിരുത്തൽ. ഈ സാഹചര്യത്തിൽ വൈദ്യുതി കരുതലോടെ ഉപയോഗിക്കാൻ കെ എസ് ഇ ബി ഉപഭോക്താക്കളോട് നിർദേശിച്ചു. സംസ്ഥാനത്ത് ഉയർന്ന ചൂട് അനുഭവപ്പെടുന്നതോടെ എ സി ഉപഭോഗം കൂടുന്നതാണ് വൈദ്യുതിക്ക് ഇത്രമാത്രം ചെലവുണ്ടാകാൻ പ്രധാനമായും കാരണമാകുന്നതെന്നാണ് സൂചന.

ഉപഭോഗം ക്രമാതീതമായി ഉയരുന്നത് വൈദ്യുതി കടമെടുക്കുന്നതടക്കമുള്ള വലിയ പ്രതിസന്ധിയിലേക്ക് നയിക്കും. നിലവിൽ വൈദ്യുതി കരാറുകൾ റദ്ദാക്കിയതിനെ തുടർന്ന് ഉയർന്ന വില കൊടുത്താണ് പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത്. പീക്ക് സമയത്ത് ആറ് കോടി രൂപയാണ് ഇതിനായി കെ എസ് ഇ ബി ചെലവഴിക്കുന്നത്. അടുത്ത മാസം 460 മെഗാവാട്ടിന്റെയും മെയ് മാസത്തിൽ 600 മെഗാവാട്ടിന്റെയും വൈദ്യുതി കുറവാണ് കെ എസ് ഇ ബി പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഉപഭോഗത്തിലെ വർധനവ് ഈ കണക്കുകൂട്ടലുകളും തെറ്റിച്ചേക്കും.
അതേസമയം, സർക്കാർ വകുപ്പുകളിലെ വൈദ്യുതി ബിൽ കുടിശ്ശിക തീർപ്പാക്കുന്നതിൽ ഇടപെടണമെന്ന കെ എസ് ഇ ബി ആവശ്യത്തോട് സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. വൈദ്യുതി വാങ്ങാൻ പണം വേണമെന്നും ഇതിന് കുടിശ്ശിക ലഭ്യമാക്കണമെന്നുമാണ് കെ എസ് ഇ ബിയുടെ ആവശ്യം. വിവിധ സർക്കാർ വകുപ്പുകളിൽ നിന്നും 3,300 കോടി രൂപയാണ് കെ എസ് ഇ ബിക്ക് കുടിശ്ശിക ലഭിക്കാനുള്ളത്. റിസർവ്‌ ബേങ്ക് വായ്പ വിലക്കിയതിനാൽ കുടിശ്ശികയും സർക്കാർ സഹായവുമാണ് വൈദ്യുതി വാങ്ങാൻ പണം കണ്ടെത്താനുള്ള ഏക മാർഗം.