Uae
ഹത്ത ഡാമിൽ നിന്ന് വൈദ്യുതി ഏപ്രിൽ മുതൽ
പദ്ധതിയുടെ 96.82 ശതമാനം പൂർത്തിയായി.

ദുബൈ| ഹത്തയിൽ പൂർത്തിയാവുന്ന ഡാമിൽ നിന്ന് ഏപ്രിൽ മുതൽ വൈദ്യുതി ലഭിക്കുമെന്ന് ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) അറിയിച്ചു. ഹത്തയിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ജലവൈദ്യുത നിലയം ശുദ്ധമായ ഊർജം ഉത്പാദിപ്പിക്കുന്ന ജി സി സി മേഖലയിലെ ഇത്തരത്തിലുള്ള ആദ്യത്തെ പദ്ധതിയാണെന്ന് എം ഡിയും സി ഇ ഒയുമായ സഈദ് മുഹമ്മദ് അൽ തായർ പറഞ്ഞു. നിലയത്തിന്റെ പരീക്ഷണങ്ങൾ ജനുവരിയിൽ ആരംഭിച്ചിരുന്നു. തായ പവർ പ്ലാന്റിന്റെ പുരോഗതി അവലോകനം ചെയ്യുന്നതിന് നടത്തിയ സന്ദർശനത്തിനിടെയാണ് അൽ തായർ ഇക്കാര്യം അറിയിച്ചത്.
പദ്ധതിയുടെ 96.82 ശതമാനം പൂർത്തിയായി. ഹത്ത പർവതമുകളിൽ പുതുതായി നിർമിച്ച അപ്പർ ഡാമും ഉപയോഗിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. 80 വർഷം വരെ ആയുസ്സുമുള്ള ഈ പ്ലാന്റിന് 250 മെഗാവാട്ട് ഉൽപ്പാദന ശേഷിയും 1,500 മെഗാവാട്ട് സംഭരണ ശേഷിയും ഉൾക്കൊള്ളുന്നതാണ്. 1.421 ബില്യൺ ദിർഹം ചെലവിലാണ് പദ്ധതി.
2050 ഓടെ ദുബൈയുടെ വൈദ്യുതി ഉത്പാദനം പൂർണമായി ശുദ്ധമായ ഊർജ സ്രോതസ്സുകളിൽ നിന്ന് നൽകാൻ ലക്ഷ്യമിടുന്ന ദുബൈ ക്ലീൻ എനർജി സ്ട്രാറ്റജി 2050, ദുബൈ നെറ്റ് സീറോ കാർബൺ എമിഷൻസ് സ്ട്രാറ്റജി 2050 എന്നിവയുടെ ഭാഗമാണ് ഈ സംരംഭം. 72 മീറ്റർ ഉയരത്തിലും 37 മീറ്റർ വീതിയിലുമാണ് ഡാം നിർമിച്ചത്. 78.9 ശതമാനം ടേൺ അറൗണ്ട് കാര്യക്ഷമതയുള്ള ഊർജസംഭരണ സൗകര്യമായിട്ടാണ് ജലവൈദ്യുത നിലയം രൂപകൽപ്പന ചെയ്തിരിക്കുന്നത്. മുകളിലെ അണക്കെട്ടിൽ സംഭരിച്ചിരിക്കുന്ന വെള്ളം 1.2 കിലോമീറ്റർ ഭൂഗർഭ തുരങ്കത്തിലൂടെ ഒഴുകി അത് ഗതികോർജമാക്കി മാറ്റുന്നു. ഈ ഗതികോർജം ടർബൈനുകളെ കറക്കുന്നു. തുടർന്ന് മെക്കാനിക്കൽ എനർജി വൈദ്യുതോർജമായി മാറും. ഉത്പാദിപ്പിക്കപ്പെട്ട വൈദ്യുതി 90 സെക്കൻഡിനുള്ളിൽ ദീവ ഗ്രിഡിലേക്ക് വിതരണം ചെയ്യും.