Kerala
വൈദ്യുതി നിരക്ക് വര്‍ധന അദാനി കമ്പനികള്‍ക്ക് വേണ്ടി നടത്തുന്ന അഴിമതി: ചെന്നിത്തല
കുറഞ്ഞ നിരക്കില്‍ 25 വര്‍ഷത്തേക്ക് വൈദ്യുതി ലഭ്യമാക്കാനുള്ള കരാര്‍ റദ്ദാക്കി കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് അദാനി കമ്പനികള്‍ക്ക് വേണ്ടി നടത്തുന്ന അഴിമതിയെന്ന്
![](https://assets.sirajlive.com/2023/04/chennithala-897x538.jpg)
തിരുവനന്തപുരം | വൈദ്യുതി നിരക്ക് വര്‍ധന അദാനി കമ്പനികള്‍ക്ക് വേണ്ടി നടത്തുന്ന അഴിമതിയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. റെഗുലേറ്ററി കമ്മീഷനും സര്‍ക്കാരും ചേര്‍ന്ന് നടത്തുന്ന അഴിമതിയാണ് ഇതിന് പിന്നിലെന്നും ആരോപിച്ചു.
കുറഞ്ഞ നിരക്കില്‍ 25 വര്‍ഷത്തേക്ക് വൈദ്യുതി ലഭ്യമാക്കാനുള്ള കരാര്‍ റദ്ദാക്കി കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് അദാനി കമ്പനികള്‍ക്ക് വേണ്ടി നടത്തുന്ന അഴിമതിയാണെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നാല് രൂപയ്ക്ക് വാങ്ങിയ വൈദ്യുതി 10.25 രൂപ മുതല്‍ 14 രൂപ നിരക്കിലാണ് ഇപ്പോള്‍ വാങ്ങുന്നതെന്നും നാല് അദാനി കമ്പനികളില്‍ നിന്നാണ് വൈദ്യുതി വാങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
കുറഞ്ഞ നിരക്കില്‍ വൈദ്യുതി വാങ്ങാനുള്ള ദീര്‍ഘകാല കരാര്‍ ഒഴിവാക്കി ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങാനുള്ള തീരുമാനമാണ് ബോര്‍ഡിനെ കടക്കെണിയിലാക്കിയത്. യൂണിറ്റിന് നാല് രൂപയ്ക്ക് വൈദ്യുതി വാങ്ങാനുള്ള 25 വര്‍ഷത്തേക്കുള്ള ദീര്‍ഘകാല കരാര്‍ 2016 ല്‍ അന്നത്തെ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദാണ് ഒപ്പുവെച്ചത്. അത് റദ്ദാക്കി യൂണിറ്റിന് 10 മുതല്‍ 14 രൂപ വരെ വിലയ്ക്ക് കറണ്ട് വാങ്ങാന്‍ നാല് അദാനി കമ്പനികളുമായി സംസ്ഥാനം കരാറുണ്ടാക്കി. 465 മെഗാവാട്ട് വൈദ്യുതി കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്ന കരാര്‍ റെഗുലേറ്ററി കമ്മീഷന്‍ റദ്ദാക്കിയത് ഒത്തുകളിയാണ്. മുന്‍ വൈദ്യുതി മന്ത്രി എം എം മണിയാണ് റഗുലേറ്ററി കമ്മീഷന്‍ അംഗം.
സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ വ്യക്തമായ പങ്കുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.
കേരളത്തിന്റെ പവര്‍ പര്‍ച്ചേസ് ചിത്രത്തില്‍ അദാനിയെ കൊണ്ടുവരാനാണ് യു ഡി എഫ് ഭരണകാലത്തെ കരാര്‍ സാങ്കേതിക കാരണം പറഞ്ഞ് സംസ്ഥാന സര്‍ക്കാരും റഗുലേറ്ററി കമ്മീഷനും ചേര്‍ന്ന് ഒഴിവാക്കിയത്. കെ എസ് ഇ ബിയെ പ്രതിസന്ധിയിലാക്കി സ്വകാര്യവല്‍കരിക്കാനുള്ള നീക്കം ഇതിന് പിന്നിലുണ്ടോയെന്ന് സംശയമുണ്ട്. നിരക്ക് വര്‍ധനയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറണം. നിരക്ക് വര്‍ധന സംസ്ഥാന താത്പര്യത്തിന് ഗുണകരമല്ല.
സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ടീകോമിനെ സംരക്ഷിക്കാനുള്ള നടപടിയാണ് മന്ത്രി രാജീവിന്റെ ഭാഗത്ത് നിന്നുണ്ടായത്.
കരാര്‍ ലംഘനത്തില്‍ കമ്പനിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. വ്യവസായ മന്ത്രി ടീകൊമിനെ സംരക്ഷിക്കാനുള്ള നിലപാട് എടുക്കുന്നു. എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തില്‍ സര്‍ക്കാര്‍ സിബി ഐ അന്വേഷണത്തെ ഭയക്കുന്നു. ദിവ്യയെ സംരക്ഷിക്കാനാണ് സിബിഐ അന്വേഷണം എതിര്‍ക്കുന്നത്. ഭയക്കാന്‍ ഇല്ലെങ്കില്‍ അന്വേഷണം സിബി ഐക്ക് വിടണം. കെ റെയില്‍ കേരളത്തില്‍ നടക്കില്ല. നൂറ് കണക്കിന് ഭൂമി ഏറ്റെടുത്തുള്ള പദ്ധതി ആവശ്യമില്ല. പദ്ധതിയെ എതിര്‍ക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.