Connect with us

Kerala

വൈദ്യുതി നിരക്ക് പരിഷ്‌കരണം: ആദ്യ തെളിവെടുപ്പിൽ വൻ ജനക്കൂട്ടം; രൂക്ഷ വിമർശം

പത്ത് വരെ അഭിപ്രായങ്ങൾ അറിയിക്കാം

Published

|

Last Updated

കോഴിക്കോട് | വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ ആദ്യ തെളിവെടുപ്പിന് വൻ ജനക്കൂട്ടം. കഴിഞ്ഞ ജൂലൈ ഒന്ന് മുതൽ 2027 മാർച്ച് 31 വരെയുള്ള കാലയളവിൽ വൈദ്യുതി നിരക്ക് പരിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് കെ എസ് ഇ ബി സമർപ്പിച്ച ശിപാർശകളിൽ കടുത്ത വിമർശമുയർത്തിയാണ് തെളിവെടുപ്പിനെത്തിയ സംഘടനാ പ്രതിനിധികൾ സംസാരിച്ചത്.
വിവിധ രാഷ്ട്രീയ, വ്യാപാര, വ്യവസായ സംഘടനകളെ പ്രതിനിധാനം ചെയ്ത് മലബാറിലെ ജില്ലകളിൽ നിന്ന് നിരവധി പേർ കമ്മീഷൻ മുമ്പാകെ അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിച്ചു. മേഖലാ തലങ്ങളിൽ മാത്രമുള്ള തെളിവെടുപ്പ് എല്ലാ ജില്ലകളിലും വേണമെന്ന നിർദേശം ഉയർന്നു. രണ്ട് മാസത്തെ ബില്ലിംഗിന് പകരം ഓരോ മാസവും ബിൽ നൽകുക, ബില്ലുകൾ മലയാളത്തിലാക്കുക, സ്മാർട്ട് മീറ്റർ നടപ്പാക്കുക തുടങ്ങിയ നിർദേശങ്ങളും ഉയർന്നു.

വൈദ്യുതി ഉപഭോക്താക്കളുടെ മേൽ അമിതഭാരം അടിച്ചേൽപ്പിക്കുന്നതിന് പകരം കെ എസ് ഇ ബിയുടെ ചെലവ് ചുരുക്കുന്നതിനും വരുമാനം വർധിപ്പിക്കുന്നതിനുമുള്ള മാർഗങ്ങൾ ആരായണം. വരുമാന മാർഗങ്ങൾ കണ്ടെത്തുന്നതിന് ബോർഡിന്റെ ഉടമസ്ഥതയിലുള്ള അണക്കെട്ടുകൾ വിനോദസഞ്ചാരത്തിനായി തുറന്നുകൊടുക്കുക, ഗസ്റ്റ് ഹൗസുകളിലെയും ഐ ബികളിലെയും മുറികൾ പൊതുജനങ്ങൾക്ക് വാടകക്ക് നൽകുക, ജീവനക്കാരുടെ ശമ്പളം പുനഃക്രമീകരിക്കുക, അനാവശ്യ തസ്തികകൾ ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങളും ഉയർന്നുവന്നു.
സോമിൽ ഓണേഴ്സ് അസ്സോസിയേഷൻ, ഇന്ത്യൻ ന്യൂസ്പേപർ സൊസൈറ്റി അടക്കമുള്ളവയെ പ്രതിനിധാനം ചെയ്തും അല്ലാതെയും 1,300ഓളം പേരാണ് തെളിവെടുപ്പിൽ പങ്കെടുത്തത്.
വൈദ്യുതി നിരക്കുമായി ബന്ധപ്പെട്ട ശിപാർശകളിലുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും kserc@erckerala.org എന്ന ഇ- മെയിൽ വഴിയും സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ, കെ പി എഫ്‌ സി ഭവനം, സി വി രാമൻ പിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം- 695010 എന്ന വിലാസത്തിൽ തപാൽ വഴിയും പത്തിന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. ശിപാർശകളുടെ പകർപ്പ് www.erckerala.org-ൽ ലഭ്യമാണ്.

കോഴിക്കോട് നളന്ദ ടൂറിസ്റ്റ് ഹോമിൽ ചെയർമാൻ ടി കെ ജോസിന്റെ നേതൃത്വത്തിൽ നടന്ന ഹിയറിംഗിൽ സാങ്കേതിക വിഭാഗം അംഗം ബി പ്രദീപ്, നിയമ അംഗം അഡ്വ. എ ജെ വിൽസൺ പങ്കെടുത്തു.
ഇന്ന് പാലക്കാട്ടും നാളെ എറണാകുളത്തും 11ന് തിരുവനന്തപുരത്തും തെളിവെടുപ്പ് നടക്കും.

---- facebook comment plugin here -----

Latest