Kashmir Power Development Department
കശ്മീരിൽ വൈദ്യുതി ജീവനക്കാരുടെ സമരം തുടരുന്നു; സൈന്യത്തെ ഇറക്കി സർക്കാർ
സമരം സ്വകാര്യവത്കരണത്തിനെതിരെ. ദേശവ്യാപക സമരത്തിന് ആഹ്വാനം
ശ്രീനഗർ | വൈദ്യുതി ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്കിനെ തുടർന്ന് ജമ്മു കശ്മീരിലെ നിരവധി പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങി. തുടർന്ന് സൈന്യത്തിന്റെ സഹായം തേടാൻ സർക്കാർ തയ്യാറായെങ്കിലും കുറഞ്ഞ ഇടങ്ങളിൽ മാത്രമാണ് വൈദ്യുതി പുനഃസ്ഥാപിക്കാനായത്. മിലിറ്ററി എൻജിനീയറിംഗ് സർവീസിലെ സൈനികരുടെ സഹായത്തോടെ ചില പ്രദേശങ്ങളിൽ വൈദ്യുതി പുനഃസ്ഥാപിച്ചുവെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ജമ്മു കശ്മീർ പവർ ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റിനെ നാഷനൽ ഗ്രിഡ് കോർപറേഷനിൽ ലയിപ്പിക്കാനുള്ള തീരുമാനത്തിനെതിരെയാണ് കശ്മീരിലെ വൈദ്യുതി വകുപ്പ് ജീവനക്കാർ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്.
ജമ്മു മേഖലയിലെ 15 മുതൽ 20 ശതമാനം പ്രദേശത്താണ് പ്രതിസന്ധിയുള്ളതെന്നും അത് പരിഹരിക്കാനായി ശ്രമിക്കുകയാണെന്നും കേന്ദ്ര ഊർജ മന്ത്രി ആർ കെ സിംഗ് പറഞ്ഞു. സമരം ചെയ്യുന്ന ജീവനക്കാരുമായി സർക്കാർ ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്നും ഉടൻ പരിഹാരം കാണാനാകുമെന്നും സിംഗ് കൂട്ടിച്ചേർത്തു. അതേസമയം, വൈദ്യുതി ജീവനക്കാരുടെയും എൻജിനീയർമാരുടെയും ദേശീയ ഏകോപന സമിതി രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സംസ്ഥാനങ്ങളിലെ വൈദ്യുതി ജീവനക്കാരുടെ യൂനിയനുകൾ ജമ്മു- കശ്മീർ ലെഫ്റ്റനന്റ് ഗവർണർക്ക് നിവേദനങ്ങൾ അയക്കണമെന്നും സമിതി ആവശ്യപ്പെട്ടു. പ്രദേശത്തിന്റെ താത്പര്യത്തിലല്ല കേന്ദ്ര സർക്കാർ ലയനവുമായി മുന്നോട്ട് പോകുന്നതെന്നും ശക്തമായ പ്രതിഷേധം രാജ്യത്താകെ ഉയരണമെന്നും സമിതി ആഹ്വാനം ചെയ്തു.
ജമ്മു കശ്മീരിലെ 20,000ഓളം ജീവനക്കാരാണ് വെള്ളിയാഴ്ച രാത്രി മുതൽ സമരം ആരംഭിച്ചത്. തങ്ങളുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുന്നത് വരെ ഒരു തരത്തിലുള്ള ജോലികളും ചെയ്യില്ലെന്നാണ് ജീവനക്കാരുടെ നിലപാട്. സമരം ശക്തമായതോടെ പല ജില്ലകളിലും പൂർണമായി വൈദ്യുതി വിതരണം തടസ്സപ്പെട്ടു. വൈദ്യുതി വകുപ്പിന്റെ സ്വകാര്യവത്കരണ നടപടികളിൽ നിന്ന് സർക്കാർ പൂർണമായും പിന്മാറണമെന്നാണ് ജീവനക്കാരുടെ പ്രധാന ആവശ്യം. ദിവസക്കൂലി ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നും സമരക്കാർ ആവശ്യപ്പെടുന്നു. അതിശൈത്യം മൂലം തകരാറിലായ പവർ ഗ്രിഡിൽ അറ്റകുറ്റപ്പണി മുടങ്ങുന്നത് സർക്കാറിനെ പ്രതിരോധത്തിലാക്കുന്നുണ്ട്.