From the print
ഇലക്്‌ട്രോണിക് നാണയ ഗെയിം; ഹാംസ്റ്റർ കോംപാറ്റിനെ സൂക്ഷിക്കണമെന്ന് വിദഗ്ധർ
നിർമാതാക്കളും ഉടമസ്ഥരും അജ്ഞാതർ • രാജ്യത്ത് നിലവിൽ പരാതികളുയർന്നിട്ടില്ല
കൊച്ചി | ഹാംസ്റ്റർ കോംപാറ്റ് എന്ന ടെലഗ്രാം നിയന്ത്രിത ഒൺലൈൻ ഗെയിമിനെ എതിർത്ത് വിദഗ്ധർ രംഗത്ത്. രാജ്യത്തുടനീളം വൻസ്വീകാര്യതയാണ് ഗെയിമിന് ലഭിച്ചിരിക്കുന്നത്. ഇലക്ട്രോണിക് നാണയം അധിഷ്ഠിതമായ ഗെയ്മിന് ഇതിനോടകം തന്നെ 20 മില്ല്യൺ ഉപയോക്താക്കളുണ്ട്. യുവാക്കളെയും കൗമാരക്കാരെയും ഒരു പോലെ ആകർഷിക്കുന്ന ഹാംസ്റ്ററിന്റെ നിർമാതാക്കളും ഉടമസ്ഥരും ഇപ്പോഴും അജ്ഞാതരാണ്.
ഉപയോക്താക്കളെ ആകർഷിക്കാനായി സ്‌ക്രീൻ ടാപ്പിംഗിനനുസൃതമായി നിർമിക്കുന്ന പോയിന്റുകൾ പിന്നീട് എയർഡ്രോപ്പ് സംവിധാനമുപയോഗിച്ച് ഇലക്്ട്രോണിക് നാണയങ്ങളായി മാറുന്ന രീതിയിലാണ് ഗെയിം സംവിധാനിച്ചിരിക്കുന്നതെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു. അതേസമയം, ഗെയിമിന്റെ വരുമാന രീതിക്കോ മറ്റ് മൂല്യങ്ങൾക്കോ ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ല. യുക്രൈൻ, റഷ്യ, ഇറാൻ തുടങ്ങിയ രാജ്യങ്ങൾ ഇതിനോടകം തന്നെ സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തി ഗെയിമിനെതിരെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ടെലഗ്രാം, ബോട്ട് മുഖേന പ്രവർത്തിക്കുന്ന ഇവ സാമ്പത്തിക, ഡാറ്റാ, സ്വകാര്യതക്ക് ഭീഷണിയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. കുട്ടികളിൽ മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, രാജ്യത്ത് ഗെയിമിനെതിരെ ഔദ്യോഗിക മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. നിലവിൽ ഹാംസ്റ്റർ കോംപാറ്റ് ഗെയിമുമായി ബന്ധപ്പെട്ട് പരാതികൾ ഉയർന്നിട്ടില്ല.