Kerala
ആനയിടഞ്ഞ സംഭവം: റിപോര്‍ട്ട് നല്‍കാത്തതില്‍ കലക്ടര്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശം
നാട്ടാനകളുടെ സര്‍വേ ഒരു മാസത്തിനകം പൂര്‍ത്തിയാക്കി നല്‍കണമെന്നും കോടതി
കൊച്ചി | മലപ്പുറം പുതിയങ്ങാടിയില്‍ ആനയിടഞ്ഞ സംഭവത്തില്‍ അന്വേഷണ റിപോര്‍ട്ട് നല്‍കാത്തതില്‍ ജില്ലാ കലക്ടര്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശം. കോടതി പറഞ്ഞ കാര്യം ചെയ്യാനാവില്ലേയെന്ന് ഹൈക്കോടതി ചോദിച്ചു.
കോടതിയുടെ നിര്‍ദേശങ്ങള്‍ പാലിക്കാതിരിക്കുന്നത് അംഗീകരിക്കാനാകില്ല. ദുരന്തം ഉണ്ടായ പശ്ചാത്തലത്തില്‍ റിപോര്‍ട്ട് നല്‍കാതിരിക്കുന്നത് അംഗീകരിക്കാനാകില്ല. നാട്ടാനകളുടെ സര്‍വേ ഒരു മാസത്തിനകം പൂര്‍ത്തിയാക്കി നല്‍കണമെന്ന നിര്‍ദേശവും ഹൈക്കോടതി നല്‍കി. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു മലപ്പുറത്ത് നേര്‍ച്ചയുടെ സമാപന ദിവസം രാത്രി 12.30ന് ആനയിടഞ്ഞത്. തുടര്‍ന്ന് മുമ്പിലുണ്ടായിരുന്ന കൃഷ്ണന്‍കുട്ടിയെ തുമ്പിക്കൈ കൊണ്ട് തൂക്കിയെറിയുകയായിരുന്നു. ആന ഇടഞ്ഞുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. മദം ഇളകി ഇടഞ്ഞ ആന തൂക്കിയെറിഞ്ഞ കൃഷ്ണന്‍കുട്ടി ചികിത്സയിലിരിക്കെ പിന്നീട് മരിച്ചു.