From the print
ആന എഴുന്നള്ളിപ്പ്: ഹൈക്കോടതി ഉത്തരവിന് സ്റ്റേ
സംസ്‌കാരത്തിന്റെ ഭാഗം.

ന്യൂഡല്‍ഹി | ഉത്സവങ്ങളില്‍ ആന എഴുന്നള്ളിപ്പിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഉത്സവങ്ങളില്‍ ആന എഴുന്നള്ളിപ്പ് പൂര്‍ണമായി തടയാനുള്ള നീക്കമാണ് ഹൈക്കോടതി നടത്തുന്നതെന്ന് നിരീക്ഷിച്ച് ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങിയ ബഞ്ചാണ് ഇടക്കാല ഉത്തരവ് സ്റ്റേ ചെയ്തത്. ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച ഹൈക്കോടതി ജഡ്ജി പി ഗോപിനാഥ് മൃഗസംരക്ഷണ സംഘടനയായ ‘പെറ്റ’യുടെ അഭിഭാഷകനായിരുന്നുവെന്ന് ചൂണ്ടിക്കാണിച്ച് വിശ്വ ഗജ സമിതി നല്‍കിയ ഹരജിയിലാണ് നടപടി.
ആന എഴുന്നള്ളിപ്പ് സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ഇത് പൂര്‍ണമായി തടയാനുള്ള നീക്കമാണ് ഹൈക്കോടതി നടത്തുന്നതെന്ന് തോന്നുന്നുവെന്നും ജസ്റ്റിസ് നാഗരത്ന വിമര്‍ശിച്ചു. സ്വമേധയാ എടുത്ത കേസിലാണ് ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ഹൈക്കോടതി പുറപ്പെടുവിച്ചതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കേസിലെ നടപടികള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശിക്കണമെന്ന ആവശ്യത്തോട് ബഞ്ച് യോജിച്ചില്ല.
കേരളത്തിലെ നാട്ടാനകളുടെ കണക്കെടുപ്പിന് ഹൈക്കോടതി ഉത്തരവിട്ടത് ആന എഴുന്നള്ളിപ്പ് തടയാനാണെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷന്‍ വികാസ് സിംഗ് പറഞ്ഞു. വിഷയം മറ്റൊരു ബഞ്ചിന്റെ പരിഗണനക്ക് വിടണമെന്ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന് മുന്നില്‍ ആവശ്യമുന്നയിക്കാമെന്ന് ഉത്തരവില്‍ രേഖപ്പെടുത്തണമെന്ന് ഹരജിക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.
ഹൈക്കോടതി സ്വമേധയാ എടുത്ത കേസുകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി സുപ്രീം കോടതി പരിഗണിച്ചില്ല. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളാണ് ട്രാന്‍സ്ഫര്‍ പെറ്റീഷന്‍ നല്‍കിയിരുന്നത്. ഈ ഹരജിയില്‍ നിലവില്‍ ഇടപെടാനില്ലെന്ന് ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി. പിന്നാലെ ദേവസ്വങ്ങള്‍ ഹരജി പിന്‍വലിച്ചു. ദേവസ്വങ്ങള്‍ക്ക് തങ്ങളുടെ നിലപാട് ഹൈക്കോടതിയെ അറിയിക്കാമെന്ന് ബഞ്ച് പറഞ്ഞു.