Connect with us

Kerala

ആന എഴുന്നള്ളിക്കല്‍ മാര്‍ഗരേഖ; പ്രതീകാത്മക പൂരം നടത്തി പൂരപ്രേമികളുടെ പ്രതിഷേധം

ആനയില്ലാതെ ആലവട്ടവും നെറ്റിപ്പട്ടവും പിടിച്ചുനിന്നായിരുന്നു പ്രതിഷേധം

Published

|

Last Updated

തൃശൂര്‍ | ഹൈക്കോടതി പുറപ്പെടുവിച്ച ആന എഴുന്നള്ളിക്കല്‍ മാര്‍ഗരേഖയ്‌ക്കെതിരെ പ്രതിഷേധവുമായി പൂരപ്രേമി സംഘം. തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുര നടയ്ക്ക് മുന്‍പില്‍ പ്രതീകാത്മക പൂരം സംഘടിപ്പിച്ചായിരുന്നു പ്രതിഷേധം.

ആനയില്ലാതെ ആലവട്ടവും നെറ്റിപ്പട്ടവും പിടിച്ചുനിന്നായിരുന്നു പ്രതിഷേധം. സി പി ഐ നേതാവ് വി എസ് സുനില്‍കുമാറും പ്രതിഷേധത്തില്‍ പങ്കെടുത്തു. ഹൈക്കോടതി മാര്‍ഗരേഖ പൂരത്തെ ഇല്ലാതാക്കുമെന്ന് പൂരപ്രേമി സംഘം ആശങ്ക പ്രകടിപ്പിച്ചു. മാര്‍ഗരേഖ പൂരത്തിന്റെ ശോഭ കെടുത്താതിരിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് വി എസ് സുനില്‍ കുമാര്‍ പറഞ്ഞു.

മാര്‍ഗരേഖക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് ദേവസ്വങ്ങളും പൂര പ്രേമികളും. എഴുന്നള്ളത്തിലെ പുതിയ മാര്‍ഗരേഖ പൂരത്തിന്റെ ഭംഗി കളയുമോയെന്ന ആശങ്ക പടര്‍ന്നിട്ടുണ്ട്. മാര്‍ഗരേഖ പുറത്തുവന്നതിന് പിന്നാലെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സംസ്ഥാനത്തെ പൂരങ്ങളെ ആകെ പുതിയ മാര്‍ഗരേഖ ബാധിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.