Elon Mask quotes Twitter
ട്വിറ്ററിന് 41 ബില്യന്‍ ഡോളര്‍ വില പറഞ്ഞ് ഇലോണ്‍ മാസ്‌ക്
ടെസ്‌ല മുതലാളിയുടെ വാഗ്ദാനത്തില്‍ പ്രതികരിക്കാതെ ട്വിറ്റര്‍
ന്യൂയോര്‍ക്ക് | നേരത്തെ ഓഹരി സ്വന്തമാക്കിയതിന് ട്വിറ്റര്‍ മുഴുവനായി സ്വന്തമാക്കാനൊരുങ്ങി ടെസ്‌ല മേധാവി ഇലോണ്‍ മാസ്‌ക്. 41 ബില്യന്‍ ഡോളര്‍ (മൂന്ന് ലക്ഷം കോടിയോളം രൂപ) രൂപ നല്‍കാമെന്നാണ് ശതകോടീശ്വരനായ ഇലോണിന്റെ വാഗ്ദാനം. ഒരു ഓഹരിക്ക് 54.20 ഡോളര്‍ (ഏകദേശം 4,125 രൂപ)യാണ് അദ്ദേഹം കണക്കാക്കിയിരിക്കുന്നത്. ട്വിറ്റര്‍ ചെയര്‍മാന്‍ ബ്രെറ്റ് ടൈലറെ കത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എന്നാല്‍ ടെസ്‌ല മുതലാളിയുടെ വാഗ്ദാനം സംബന്ധിച്ച് ട്വിറ്റര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
തനിക്ക് നല്‍കാനാകുന്ന ഏറ്റവും മികച്ച വാഗ്ദാനമാണിത്. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ട്വിറ്ററിലെ ഓഹരി പങ്കാളിത്തത്തെക്കുറിച്ച് തനിക്ക് പുനരാലോചിക്കേണ്ടിവരുമെന്നും മസ്‌ക് കത്തില്‍ പറയുന്നു. നിലവിലെ സ്ഥിതിയില്‍ കമ്പനിക്ക് അഭിവൃദ്ധിപ്പെടാനാകില്ല. കമ്പനിയെ ഒരു സ്വകാര്യ കമ്പനിയായി മാറ്റിയാലെ അഭിവൃദ്ധി കൈവരിക്കാന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം കത്തില്‍ പറയുന്നു.
നേരത്തെ മൂന്ന് ബില്യണ്‍ ഡോളറിന് ട്വിറ്ററിന്റെ 9.2 ശതമാനം ഓഹരി മസ്‌ക് സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വാഗ്ദാനം.