Business
'എക്സി'നെ സ്വന്തം എഐ കമ്പനിക്ക് വിറ്റ് ഇലോൺ മസ്‌ക്
എഐ രംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മസ്‌കിൻ്റെ ലക്ഷ്യം

ടെക്സാസ് | ഇലോൺ മസ്‌ക് തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിനെ (X) സ്വന്തം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ എക്സ്എഐക്ക് (xAI) 33 ബില്യൺ ഡോളറിൻ്റെ ഓൾ-സ്റ്റോക്ക് ഡീലിൽ വിറ്റു. എക്സ്എഐക്ക് 80 ബില്യൺ ഡോളറും എക്സിന് 33 ബില്യൺ ഡോളറും മൂല്യം കണക്കാക്കിയാണ് മസ്‌കിൻ്റെ പുതിയ നീക്കം. 2022ൽ 44 ബില്യൺ ഡോളറിനാണ് ട്വിറ്റർ എന്നറിയപ്പെട്ടിരുന്ന എക്സിനെ മസ്‌ക് സ്വന്തമാക്കിയത്.
എഐ രംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മസ്‌കിൻ്റെ ലക്ഷ്യം. എക്സ്എഐയെ ഒപ്പൺഎഐ, ഗൂഗിൾ ഡീപ്പ് മൈൻഡ്, ആന്ത്രോപിക് തുടങ്ങിയ കമ്പനികളുമായി മത്സരിപ്പിക്കാൻ ഈ നീക്കം സഹായിക്കും. എക്സിൽ ഗ്രോക്ക് എഐയുടെയും മറ്റ് എഐ സൗകര്യങ്ങളുടെയും കൂട്ടിച്ചേർക്കലുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
ടെസ്‌ല, സ്പേസ് എക്സ്, ന്യൂറാലിങ്ക്, ദ് ബോറിംഗ് കമ്പനി തുടങ്ങിയ നിരവധി കമ്പനികളുടെ തലവനാണ് ഇലോൺ മസ്‌ക്. പുതിയ ഡീലിലൂടെ എഐ രംഗത്ത് കൂടുതൽ സ്വാധീനം ചെലുത്താൻ മസ്‌കിന് സാധിച്ചേക്കും.
അതേസമയം പുതിയ നീക്കം എക്സ് ഉപയോക്താക്കളെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല.