Editorial
നാവികരുടെ മോചനം: ഇടപെടുന്നതില്‍ അമാന്തമരുത്
തടഞ്ഞുവെക്കപ്പെട്ട നാവികര്‍ക്ക് ആവശ്യത്തിന് ഭക്ഷണവും വെള്ളവും നല്‍കുന്നില്ലെന്നാണ് വിവരം. കൈകൂപ്പി നാവികര്‍ നടത്തുന്ന അപേക്ഷ ഏത് അധികാരിയെയും കരളലിയിപ്പിക്കാന്‍ പോന്നതാണ്. ഇവരുടെ കുടുംബത്തിന്റെ ആധി എത്ര തീവ്രമായിരിക്കും. ഇനിയും ഈ പ്രതിസന്ധി നീട്ടിക്കൊണ്ടുപോയിക്കൂടാ.
ഗിനിയയില്‍ കുടുങ്ങിയ മൂന്ന് മലയാളികള്‍ അടക്കം 15 ഇന്ത്യന്‍ നാവികരുടെ മോചനം സാധ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ഫലപ്രദമായി ഇടപെടേണ്ടിയിരിക്കുന്നു. സാധ്യമായ എല്ലാ നയതന്ത്ര നീക്കങ്ങളും ഇതിനായി പുറത്തെടുക്കണം. ഈ മാനുഷിക പ്രശ്‌നത്തില്‍ ഇടപെടാന്‍ അന്താരാഷ്ട്ര സംഘടനകള്‍ക്കും സംവിധാനങ്ങള്‍ക്കും മേല്‍ സമ്മര്‍ദം ചെലുത്തണം. എന്ത് തെറ്റിദ്ധാരണയുടെ പുറത്താണെങ്കിലും മൂന്ന് മാസത്തിലേറെ തടഞ്ഞുവെക്കപ്പെടുന്നത് ഗൗരവതരമായ പ്രശ്‌നമാണ്. ഫലപ്രദമായ ഇടപെടല്‍ തുടങ്ങാന്‍ വൈകിയെന്നും കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ പോലും ഇപ്പോഴും സാധ്യമാകുന്നില്ലെന്നുമാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കോണ്‍സുലാര്‍ ആക്‌സസ് ഉണ്ടെന്നും നൈജീരിയന്‍ ഹൈക്കമ്മീഷന്‍ കാര്യങ്ങള്‍ നിരന്തരം വിലയിരുത്തുന്നുണ്ടെന്നും പറയുന്നുണ്ടെങ്കിലും ആശങ്കയൊഴിയുന്നതിന്റെ ഒരു സൂചനയും ലഭിച്ചിട്ടില്ല.
15 ഇന്ത്യക്കാരും 11 മറ്റ് രാജ്യക്കാരുമാണ് കപ്പലിലുള്ളത്. കടല്‍മാര്‍ഗം നൈജീരിയയില്‍ എത്തിച്ച നാവികരെ നിയമ നടപടിക്ക് വിധേയമാക്കുമെന്നാണ് സൂചന. സമുദ്രാതിര്‍ത്തി ലംഘനം, അസംസ്‌കൃത എണ്ണ മോഷണം തുടങ്ങിയ ആരോപണങ്ങളാണ് ഹിറോയിക് ഐഡന്‍ ചരക്ക് കപ്പലിനെതിരെ ഉള്ളത്. തെറ്റായ ആരോപണങ്ങളുടെ പേരില്‍ നാവികരെ തടഞ്ഞുവെക്കുന്നതും കുറ്റവിചാരണ നടത്തുന്നതും നിയമവിരുദ്ധമാണെന്ന് കാണിച്ച് കപ്പല്‍ കമ്പനി അന്താരാഷ്ട്ര ട്രൈബ്യൂണലിനെ സമീപിച്ചിട്ടുണ്ട്. ഇക്വിറ്റോറിയല്‍ ഗിനിയയുടെയും നൈജീരിയയുടെയും നിയമവിരുദ്ധ തടവിനെതിരെയാണ് കമ്പനി ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുന്നത്. ഈ നിയമപോരാട്ടത്തില്‍ പ്രതീക്ഷയുണ്ടെങ്കിലും കാലതാമസം ഉറപ്പാണ്. എംബസി തലത്തില്‍ വിദേശകാര്യ മന്ത്രാലയം നടത്തിയ ശ്രമങ്ങള്‍ കാര്യമായ ഫലമുണ്ടാക്കിയിട്ടില്ലെന്നാണ് കപ്പല്‍ ജീവനക്കാരെ നൈജീരിയയിലേക്ക് കൊണ്ടുപോയതില്‍ നിന്ന് മനസ്സിലാകുന്നത്.
ഗിനിയയില്‍ തടഞ്ഞുവെച്ച ചരക്കു കപ്പല്‍ നൈജീരിയന്‍ നിയന്ത്രണത്തിലാണെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ വ്യക്തമാക്കിയിട്ടുണ്ട്. മോചനത്തിനായി നിയമപ്രകാരം സാധ്യമായതെല്ലാം ചെയ്യുമെന്നും തടവിലാക്കപ്പെട്ട മലയാളി നാവികന്‍ സനു ജോസിന്റെ കടവന്ത്രയിലെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷം മന്ത്രി ഉറപ്പ് നല്‍കി. നാവികരുടെ മോചനത്തിനായുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. മോചനം വൈകുന്നത് നാവികരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കുമെന്നും സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ തുടരുന്നത് അവരുടെ ജീവന് തന്നെ അപകടമാണെന്നും മുഖ്യമന്ത്രി കത്തില്‍ പറയുന്നു.
ആഗസ്റ്റ് ഒമ്പതിന് ഗിനിയന്‍ നാവിക സേനയാണ് നോര്‍വീജിയന്‍ കമ്പനിയുടെ എം ടി ഹിറോയിക് ഐഡന്‍ എന്ന ചരക്ക് കപ്പല്‍ കസ്റ്റഡിയിലെടുത്തത്. ഹിറോയിക് ഐഡന്‍ എന്ന കപ്പല്‍ നൈജീരിയയിലെ ബോണി തുറമുഖത്ത് എണ്ണ മോഷ്ടിക്കാന്‍ പോയതാണെന്ന് ആരോപിച്ചാണ് തടഞ്ഞുവെക്കലും തടവിലാക്കലും. നൈജീരിയന്‍ നാവിക സേനയുടെ ബോട്ട് അടുത്തെത്തിയപ്പോള്‍ കപ്പല്‍ അതിവേഗം മറ്റൊരു ഭാഗത്തേക്ക് നീങ്ങിയെന്നും ഇത് എന്തോ മറച്ചുവെക്കാനുള്ളത് കൊണ്ടാണെന്നും നൈജീരിയന്‍ അധികൃതര്‍ പറയുന്നു. എന്നാല്‍ പിന്തുടരുന്ന ബോട്ട് കടല്‍ക്കൊള്ളക്കാരുടേതാണെന്ന് തെറ്റിദ്ധരിച്ചുവെന്നാണ് ഹിറോയിക്കിലുള്ളവര്‍ പറയുന്നത്. ഇത് വിശ്വാസത്തിലെടുക്കാവുന്നതാണ്. കാരണം, ഈ മേഖലയില്‍ കടല്‍ക്കൊള്ളക്കാരുടെ സാന്നിധ്യം അപൂര്‍വമായ സംഗതിയല്ല. എത്ര കടുത്ത മാരിടൈം സുരക്ഷാ സംവിധാനങ്ങളുണ്ടെങ്കിലും നിര്‍ദയം കൊള്ള നടക്കുന്നുണ്ട്. ഗിനിയയുടെ നിയന്ത്രണത്തിലുള്ള സമുദ്രാതിര്‍ത്തിയില്‍ പ്രവേശിച്ച കപ്പല്‍ തടഞ്ഞുവെക്കാന്‍ നൈജീരിയ ആവശ്യപ്പെടുകയായിരുന്നു. ഗിനിയന്‍ നാവിക അതിര്‍ത്തിയില്‍ അനധികൃതമായി പ്രവേശിച്ചുവെന്ന കുറ്റമാണ് ആദ്യം ചുമത്തിയത്. അതിന് കപ്പല്‍ കമ്പനി പിഴയൊടുക്കി. അതോടെ ക്രൂഡ് മോഷണ ശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി നിയമക്കുരുക്ക് മുറുക്കുകയായിരുന്നു നൈജീരിയ. ചോദ്യം ചെയ്യലിനോട് കപ്പല്‍ ക്യാപ്റ്റന്‍ സഹകരിക്കുന്നില്ലെന്നാണ് നൈജീരിയന്‍ അധികൃതര്‍ പരാതിപ്പെടുന്നത്.
തടഞ്ഞുവെക്കപ്പെട്ട നാവികര്‍ക്ക് ആവശ്യത്തിന് ഭക്ഷണവും വെള്ളവും നല്‍കുന്നില്ലെന്നാണ് വിവരം. കൈകൂപ്പി നാവികര്‍ നടത്തുന്ന അപേക്ഷ ഏത് അധികാരിയെയും കരളലിയിപ്പിക്കാന്‍ പോന്നതാണ്. ഇവരുടെ കുടുംബത്തിന്റെ ആധി എത്ര തീവ്രമായിരിക്കും. ഫോണ്‍ വാങ്ങിവെച്ചുവെന്നാണ് ഒടുവില്‍ വന്ന റിപോര്‍ട്ട്. മാനുഷിക പ്രതിസന്ധിയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. ഇനിയും ഈ പ്രതിസന്ധി നീട്ടിക്കൊണ്ടുപോയിക്കൂടാ. പല രാജ്യങ്ങള്‍ ഉള്‍പ്പെട്ട ഇത്തരം തര്‍ക്കങ്ങളില്‍ കുടുങ്ങിപ്പോയ മനുഷ്യരുടെ ജീവിതം അപ്പാടെ തകര്‍ന്നു പോകുന്നതിന് എത്രയോ അനുഭവങ്ങള്‍ മുന്നിലുണ്ട്. സമയം പോകവെ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാകുമെന്നതാണ് അനുഭവം.
ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ ഇടപെടല്‍ ഫലപ്രദമായില്ലെന്ന വിലയിരുത്തലാണ് പൊതുവെ ഉയരുന്നത്. കപ്പല്‍ പിടിക്കപ്പെട്ടാല്‍ അതിലെ ജീവനക്കാരുടെ വിവരങ്ങള്‍ അതത് രാജ്യത്തെ അറിയിക്കുകയെന്ന കീഴ് വഴക്കം പോലും ഇവിടെ ലംഘിക്കപ്പെട്ടു. അന്താരാഷ്ട്ര കപ്പലോട്ട സംഘടന പോലും കാര്യമായി ഇടപെട്ടില്ല. കപ്പല്‍ ക്യാപ്റ്റന്‍ മറുപടി നല്‍കേണ്ട കാര്യത്തിന് ജീവനക്കാരെ മുഴുവന്‍ ബന്ദിയാക്കുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. ഇക്കാര്യങ്ങള്‍ ശക്തമായി ഉന്നയിക്കാന്‍ ഇന്ത്യക്ക് സാധിക്കണം. നൈജീരിയയെ മുന്‍നിര്‍ത്തി കപ്പലോട്ടവുമായി ബന്ധപ്പെട്ട മാനുഷികവിരുദ്ധ സമീപനങ്ങളിലേക്ക് അന്താരാഷ്ട്ര ശ്രദ്ധ ക്ഷണിക്കുകയും വേണം. സുഹൃദ് രാജ്യങ്ങളെ ഉപയോഗിച്ചുള്ള നയതന്ത്ര നീക്കമാണ് വേണ്ടത്. സവിശേഷമായ പ്രശ്‌നങ്ങളാണ് കപ്പല്‍ ജീവനക്കാര്‍ അനുഭവിക്കുന്നത്. പലപ്പോഴും ഇവ പൊതു മണ്ഡലത്തില്‍ ചര്‍ച്ചയാകണമെങ്കില്‍ ഇത്തരത്തിലുള്ള കടുത്ത പ്രതിസന്ധികള്‍ വരണമെന്നതാണ് സ്ഥിതി. തികച്ചും അരക്ഷിതമായ, സാഹസികമായ തൊഴിലാണത്. ഇവരുടെ ക്ഷേമത്തിനായുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറാകണം.