Connect with us

International

ശ്രീലങ്കയില്‍ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; പ്രതിഷേധക്കാരെ നേരിടാന്‍ സൈന്യം

ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് തലസ്ഥാന നഗരിയിലെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് നീങ്ങുന്നത്

Published

|

Last Updated

കൊളംബോ | കലാപബാധിതമായ ശ്രീലങ്കന്‍ തെരുവുകളില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു. റെനില്‍ വിക്രമസിംഗെ താല്‍ക്കാലിക പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതിനെതിരെ ശ്രീലങ്കയില്‍ വന്‍ പ്രതിഷേധമാണ് നടക്കുന്നത്. ഇതേത്തുടര്‍ന്ന് രാജ്യത്ത് വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കൊളംബോയിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ കനത്ത സൈനിക വിന്യാസം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് തലസ്ഥാന നഗരിയിലെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് നീങ്ങുന്നത്. ആയുധധാരികളായ പട്ടാളക്കാര്‍ പ്രതിഷേധക്കാരെ നേരിടാന്‍ സജ്ജരായി നിലയുറപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയയുടെ വസതിയിലേക്ക് നടന്നതിന് സമാനമായ പ്രതിഷേധമാണ് ഇന്നും അരങ്ങേറുന്നത്.

രാജ്യത്തെ സാമ്പത്തിക സ്ഥിതിയില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രാജപക്സെ രാജ്യം വിട്ടിരുന്നു. അദ്ദേഹം മാലിദ്വീപിലേക്ക് കടന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് രാജി വയ്ക്കും എന്നാണ് ഗോതബയ നേരത്തെ അറിയിച്ചതെങ്കിലും ഇതുവരെയും രാജി ലഭിച്ചിട്ടില്ലെന്ന് ശ്രീലങ്കന്‍ പാര്‍ലമെന്റ് സ്പീക്കര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാജ്യം വിടാന്‍ ശ്രമിച്ച ഗോതബയയുടെ സഹോദരനായ മുന്‍ ധനമന്ത്രിയെ ഇമിഗ്രേഷന്‍ ഓഫീസര്‍മാര്‍ വിമാനത്താവളത്തില്‍ തടഞ്ഞിരുന്നു. രാജപക്സെയുടെ ഔദ്യോഗിക വസതിയും ഓഫീസും കൈയേറിയ പ്രതിഷേധക്കാര്‍ ഇപ്പോഴും അവിടെ തുടരുകയാണ്. ഔദ്യോഗികമായി രാജി പ്രഖ്യാപനം വന്ന ശേഷമേ മടങ്ങൂ എന്നാണ് അവര്‍ അറിയിച്ചിട്ടുള്ളത്.

വിക്രമസിംഗെ ഇടക്കാല പ്രസിഡന്റായി ചുമതല ഏല്‍ക്കും എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിനെ തുടര്‍ന്നാണ് ജനം അദ്ദേഹത്തിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തുന്നത്. ശ്രീലങ്കയുടെ ഭരണഘടനയനുസരിച്ച്, പ്രസിഡന്റ് രാജിവച്ചാല്‍ പ്രധാനമന്ത്രി ഇടക്കാല പ്രസിഡന്റായി ചുമതലയേല്‍ക്കും. ഗോതബയയാണ് റെനിലിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തതെന്നതിനാല്‍ ഇദ്ദേഹത്തെയും പ്രതിഷേധക്കാര്‍ അംഗീകരിക്കുന്നില്ല.

 

Latest